Site iconSite icon Janayugom Online

കോണ്‍ഗ്രസില്‍ നിന്നും ഇനിയും കൊഴിഞ്ഞ്പോക്ക് ഉണ്ടാകും :കെ വി തോമസ്

K V ThomasK V Thomas

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ചൂടില്‍ മുന്നണികളിലിരിക്കെ എറണാകുളം ഡി സി സി ജനറല്‍ സെക്രട്ടറി എം ബി മുരളീധരന്‍ സി പി എമ്മില്‍ എത്തിയത് കോണ്‍ഗ്രസ് ക്യാമ്പിനെ ഞെട്ടിച്ചിരുന്നു. തൃക്കാക്കര യു ഡി എഫ് സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ചാണ് മുരളീധരന്‍ പാര്‍ട്ടി വിട്ടത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി അറിയിച്ചിട്ടും നേതൃത്വത്തിന്റെ സമീപനം ശരിയായില്ലെന്ന് വ്യക്തമാക്കിയാണ് മുരളീധരന്‍ രാജിവച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി നടക്കുന്നതിനിടെ ഒരു ജില്ലാ നേതാവ് പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്.

എന്നാല്‍ ഇപ്പോഴിതാ മുരളീധരന്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കെ വി തോമസ്. കോണ്‍ഗ്രസില്‍ ഇനിയും കൊഴിഞ്ഞു പോക്കുണ്ടാകുമെന്നാണ് കെ വി തോമസ് പറയുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തന്നെ ഓര്‍ത്തു കരയേണ്ടെന്നും കൂടെയുള്ളവരെ ഓര്‍ത്ത് കരഞ്ഞാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. എന്റെ പ്രവര്‍ത്തനം എങ്ങനെയായാലും ഞാന്‍ നടത്തുന്നുണ്ട്. വോട്ട് പിടിക്കാന്‍ ചെണ്ട കൊട്ടി നടക്കേണ്ട ആവശ്യമില്ല. കോണ്‍ഗ്രസില്‍ നിന്ന് ഇനിയും ആളുകള്‍ പോകും. അസംതൃപ്തിയുള്ള ഒരുപാട് നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്.

സി പി എമ്മിന് എല്ലാവരെയും ഉള്‍ക്കൊള്ളാത്തതാണ് പ്രശ്‌നം. ഇടത് മുന്നണിയിലെ മറ്റ് പാര്‍ട്ടിയിലേക്കും ആളുകള്‍ ചേക്കേറും. തൃക്കാക്കരയില്‍ ഇടത് മുന്നണിക്ക് വിജയ സാധ്യതയുണ്ടെന്നും കെ വി തോമസ് വ്യക്തമാക്കി. അതേസമയം, കഴിഞ്ഞ ദിവസം കെ വി തോമസിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പരിഹസിച്ചിരുന്നു. കെ വി തോമസിലെ ഏത് ലോക്കറിലാണ് വച്ചിരിക്കുന്നത്. ഷോ കേസില്‍ പോലും വയ്ക്കാന്‍ കൊള്ളില്ല, കെ വി തോമസിനെ കെട്ടിഘോഷിച്ച് കൊണ്ടു പോയ മുഖ്യമന്ത്രി മറുപടി പറയണമെന്നും വി ഡി സതീശന്‍ പരിഹസിച്ചിരുന്നു. ഈ പരിഹാസത്തിന് മറുപടി കൂടിയാണ് കെ വി തോമസിന്റെ പ്രതികരണം.

തൃക്കാക്കരയിലെ കോൺഗ്രസ്‌ സ്ഥാനാർഥി നിർണയത്തിലെ ഏകാധിപത്യത്തിലും കുടുംബവാഴ്‌ചയിലും പ്രതിഷേധിച്ച്‌ പാർടി വിട്ട എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി എം ബി മുരളീധരൻ അന്തരിച്ച പി ടി തോമസിന്റെ വലംകൈ. പി ടി തോമസ്‌ പാലാരിവട്ടത്ത്‌ കുടുംബസമേതം താമസിക്കാനെത്തിയ കാലംമുതൽ അദ്ദേഹത്തിന്റെ സന്തതസഹചാരിയായി കൂടെ പ്രവർത്തിച്ച മുരളീധരൻ പി ടി ഇടുക്കി എംപി ആയിരിക്കുമ്പോഴും തൃക്കാക്കര എംഎൽഎ ആയിരിക്കെയും അടുത്ത അനുയായിയായി പ്രവർത്തിച്ചു.

തൃക്കാക്കരയിൽ ബന്നി ബഹ്‌നാൻ മൽസരിച്ചപ്പോഴും പി ടി രണ്ടു തവണ മൽസരിച്ചപ്പോഴും പാലാരിവട്ടം, വെണ്ണല മേഖലയിൽ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ഏകോപന ചുമതല മുരളീധരനായിരുന്നു. തൃക്കാക്കര മണഡലത്തിലെ പാർടി നേതാക്കളുമായി ആലോചിക്കാതെ ഉമയെ സ്ഥാനാർഥിയായി ഏകപക്ഷീയമായി കെ സുധാകരനും വി ഡി സതീശനും പ്രഖ്യാപിച്ചയുടൻ പരസ്യമായി പ്രതിഷേധിച്ച മുരളീധരൻ പി ടി എന്നും കുടുംബവാഴ്‌ചയ്‌ക്ക്‌ എതിരായിരുന്നു എന്നും പറഞ്ഞിരുന്നു.

പി ടി യുടെ കുടുംബത്തെ സഹായിക്കേണ്ടത്‌ സ്ഥാനാർഥിത്വം നൽകിയല്ല എന്നും അദ്ദേഹം അന്നു പരസ്യമായി പ്രതികരിച്ചതാണ്‌. 40 നേതാക്കളോടു സംസാരിച്ചെന്നു പറയുന്ന സതീശൻ അത്‌ ആരോടൊക്കെയെന്ന്‌ വെളിപ്പെടുത്തണമെന്നു ആവശ്യപ്പെട്ടതാണ്‌. മണ്ഡലം ഭാരവാഹികളായ 20 പേരോടുപോലം സതീശൻ ചർച്ച ചെയ്‌തില്ലെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:There will still be dropouts from Con­gress: KV Thomas

You may also like this video:

Exit mobile version