Site iconSite icon Janayugom Online

തേവരാട്ടം

തുറങ്കലിലടച്ചൊരു ദൈവത്തെ
തുറന്നുവിട്ടതൊരു മനുഷ്യക്കുഞ്ഞ്
നാട്ടുക്കാരത്രയും ഓടിക്കൂടി
മൂക്കിൻ തുമ്പിൽ വിരൽവെച്ചു
ദൈവം സ്വതന്ത്രമായിരിക്കുന്നു
തിരഞ്ഞു ജനക്കൂട്ടം
തുറന്നുവിട്ടൊരുവനെ
കറുത്ത് തടിച്ചൊരു പുലയച്ചെറുക്കൻ
ഇറങ്ങിവന്ന ദൈവം
മണ്ണിലിരിക്കുന്നു, വെള്ളമിരക്കുന്നു
വെയിൽ കൊണ്ട ദൈവം കറുത്തു വന്നു
കറുത്ത ദൈവമോ?
ആക്രോശമുയർന്നു
‘ദൈവം കറുത്താലെന്താ?
ദൈവത്തിന് നിറമുണ്ടോ?’
പാടത്തെ പുലയന് നാക്കുമുളച്ചോ?
കോലാഹലമുയർന്നു
വിറപൂണ്ട്, വെറിപൂണ്ട്,
കൂടിയ ജനം രണ്ടായ് തിരിഞ്ഞു
തിരുസന്നിധിയിലാടി ജാതിക്കുമ്മി
കറുത്തരക്തവും വെളുത്തരക്തവും
തൃപ്പാദങ്ങൾ തഴുകിയൊഴുകി
സംപ്രീതനായ ഒടേമ്പ്രാൻ
നടവഴിയിറങ്ങി നടന്നകന്നു
പടികടന്ന ദൈവത്തെ ജനം
മിഴിചിമ്മാതെ നോക്കി
അങ്ങകലെ മണ്ണിൽ കിടക്കുന്നു
ഒരു കരിങ്കല്ലിൻ കഷ്ണം
അടിച്ചുടച്ചു വാർക്കാൻ പറ്റിയ
നല്ല അസലൻ ഒരു
കരിങ്കല്ല്
കരിങ്കല്ല് കൈക്കലാക്കിയവർ
ദൈവത്തെ പുനഃ സൃഷ്ടിച്ചു
ഹൃദയമില്ലാത്ത തമ്പുരാനു വേണ്ടി അവർ
ജാതിക്കുമ്മി ആടിക്കൊണ്ടിരുന്നു

Exit mobile version