Site iconSite icon Janayugom Online

അവരെത്തി അത്ഭുതക്കാഴ്ചകളിലേക്ക്

കോടമഞ്ഞിന്‍ താഴ്‌വരയില്‍ നിന്ന് കലയോളം സ്നേഹവുമായി അവരെത്തി. സ്കൂള്‍ വണ്ടിയില്‍ ദൂരയാത്രാനുഭവങ്ങളൊന്നുമില്ലാത്ത പൊന്മുടി ഗവണ്‍മെന്റ് യുപിഎസിലെ 15 കുട്ടികള്‍ക്ക് അത്ഭുതമായിരുന്നു സംസ്ഥാന കലോത്സവം. പൊന്മുടിയിലെ തോട്ടം തൊഴിലാളികളുടെ മക്കള്‍ പഠിക്കുന്ന സ്കൂളാണിത്. ആകെ 31 കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ 11 പേര്‍ അസം സ്വദേശികളുടെ മക്കളാണ്. രക്ഷിതാക്കള്‍ വിടാത്തതിനാല്‍ അവര്‍ മേള കാണാനെത്തിയില്ല. കലോത്സവം തിരുവനന്തപുരത്താണെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരംഭിച്ചതാണ് അവരുടെ ആവേശം. വീട് കഴിഞ്ഞാല്‍ അവരുടെ ലോകം സ്കൂളാണ്. അധ്യാപകര്‍ പറഞ്ഞുകേട്ട കലാമാമാങ്കം കാണാന്‍ കൊണ്ടുപോകണമെന്ന് മാസങ്ങള്‍ക്കു മുമ്പേ അവര്‍ ആവശ്യപ്പെട്ടു. അധ്യാപകര്‍ സമ്മതിച്ചതോടെ സന്തോഷം അണപൊട്ടി.
വല്ലപ്പോഴുമുള്ള ചില അപ്രതീക്ഷിത യാത്രകളാണ് അവരുടെ കാഴ്ചകളെന്നും വര്‍ണങ്ങള്‍ നിറഞ്ഞ ഇത്തരം വേദികള്‍ അവര്‍ക്ക് അന്യമാണെന്നും അധ്യാപകര്‍ പറഞ്ഞു. കലോത്സവം കാണാന്‍ കുട്ടികളെ കൊണ്ടുവരണമെന്ന് തീരുമാനിക്കാനുള്ള കാരണവും അതു തന്നെയാണെന്നും സ്കൂളിലെ ഹിന്ദി അധ്യാപിക ജയലക്ഷ്മി പറഞ്ഞു. പ്രധാനാധ്യാപിക കുമാരി ലതയുടെ നേതൃത്വത്തില്‍ ഒമ്പത് അധ്യാപകര്‍ക്കൊപ്പമാണ് കുട്ടികള്‍ എത്തിയത്.

സ്കൂള്‍ വണ്ടിയില്‍ അതിരാവിലെ പൊന്മുടിയില്‍ നിന്നും യാത്ര തിരിച്ചു. രാവിലെ പുത്തരിക്കണ്ടത്തെ ഭക്ഷണ ശാലയില്‍ എത്തി പ്രഭാത ഭക്ഷണം കഴിച്ചായിരുന്നു തുടക്കം. വിവിധ വേദികളിലൂടെ യാത്ര ചെയ്ത് വൈകിട്ട് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തി. ഉച്ചയ്ക്ക് പഴയിടത്തിന്റെ സദ്യയും കഴിച്ചു. കുച്ചുപ്പുടി മത്സരം അരങ്ങേറുന്നതിനിടെയാണ് കുഞ്ഞുമക്കള്‍ എത്തിയത്. മിക്ക വേദികളിലും പോയെങ്കിലും ഇഷ്ടപ്പെട്ടത് കുച്ചുപ്പുടിയാണ്. വിതുരയില്‍ വച്ച് നടന്ന സബ് ജില്ലാ കലോത്സവത്തില്‍ തമിഴ് പദ്യം ചൊല്ലല്‍, ലളിതഗാനം, ഹിന്ദി പദ്യപാരായണം എന്നിവയ്ക്ക് എ ഗ്രേഡ് നേടിയവരുമുണ്ട് കൂട്ടത്തില്‍. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്നും വീട്ടിലേക്ക് പോകാമെന്ന് അധ്യാപകര്‍ പറഞ്ഞപ്പോള്‍ പലരുടെയും മുഖം വാടി. കുറച്ചു സമയം കൂടി ഇരിക്കാമെന്നായി ചിലര്‍. കുട്ടികളുടെ വാശിക്കുനിന്നാല്‍ പൊന്മുടിയിലേക്കുള്ള യാത്ര ബുദ്ധിമുട്ടാകുമെന്ന് അധ്യാപകര്‍. കുട്ടികളുടെ ആവശ്യം പരിഗണിച്ച് കുറച്ചു നേരം കൂടി ഇരുന്ന് തിരുവാതിര മത്സരം കൂടി കണ്ടാണ് അവര്‍ പൊന്മുടിയിലേക്ക് മടങ്ങിയത്…

Exit mobile version