Site icon Janayugom Online

ഇരുട്ടിൻ്റെ മറവിൽ സ്ത്രീകളുടെ ദേഹത്തു നിന്നും ആഭരണങ്ങൾ കവരുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

ഇരുട്ടിന്റെ മറവിൽ സ്ത്രീകളുടെയും കുട്ടികളുടെയും ദേഹത്തു നിന്നും ആഭരണങ്ങൾ കവർന്നെടുക്കുന്ന കുപ്രസിദ്ധ മോഷ്ടാവിനെ ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും എലത്തൂർ പൊലീസും ചേർന്ന് പിടികൂടി.ഒളവണ്ണ കൊടശ്ശേരിപറമ്പ് സ്വദേശിയും ഇപ്പോൾ കൂടത്തുംപൊയിലിലെ വാടകവീട്ടിൽ രഹസ്യമായി താമസിച്ചുവരികയുമായിരുന്ന ഹ്യൂണ്ടായ് അനസ് എന്നപേരിൽ കുപ്രസിദ്ധനായ അനസ് ആണ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആമോസ് മാമ്മൻ ഐ.പി.എസ് ൻ്റെ നിർദ്ദേശപ്രകാരം സിറ്റി ക്രൈം സ്ക്വാഡ് നടത്തിയപഴുതടച്ച അന്വേഷണത്തിൽ പിടിയിലായത്. കഴിഞ്ഞ ഒരുവർഷമായി അന്വേഷണം നടത്തിവരുന്ന കേസുകളുൾപ്പെടെ നിരവധി കേസുകൾക്ക് ഇതോടെ തുമ്പുണ്ടായി.

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത് ആഭരണങ്ങൾ കവർന്ന് വീടിന്റെ ടെറസിൽ ഉപേക്ഷിച്ച കേസിൽ ജയിലിലായിരുന്ന പ്രതി കഴിഞ്ഞ ആഴ്ച എലത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം നടത്തിയതോടെ സിറ്റി ക്രൈം സ്ക്വാഡിൻ്റെ പിടിയിലാകുകയായിരുന്നു.
മുൻപും നിരവധി മോഷണ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കോഴിക്കോട് ടൗൺ, പന്നിയങ്കര,നല്ലളം, മെഡിക്കൽ കോളേജ്, കുന്നമംഗലം, പന്തീരാങ്കാവ് എന്നീ സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ട്. പല കേസുകളിലും വിചാരണ നടന്നുകൊണ്ടിരിക്കുകയുമാണ്.
നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒളവണ്ണയിൽ തൊട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞിൻ്റെ ബ്രേസ്ലെറ്റ് മോഷ്ടിച്ചതുൾപ്പെടെ പന്തീരാങ്കാവ് മാവൂർ എലത്തൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ അന്വേഷണം നടക്കുന്ന കേസുകളിലും പ്രതി കുറ്റസമ്മതം നടത്തി.
വർഷങ്ങളായി രാത്രി സമയത്ത് ഇറങ്ങി നടന്ന് വീടുകളിൽ ഒളിഞ്ഞു നോക്കുന്ന ശീലമാണ് മോഷണത്തിലേക്ക് വഴിവെച്ചത്. മോഷ്ടിച്ച സ്വർണ്ണവും പണവും മയക്കുമരുന്ന് ഉപയോഗത്തിനും ആഡംബര ജീവിതം നയിക്കുന്നതിനുമാണ് ഉപയോഗിച്ചത്.

ആഭരണങ്ങൾ കവർന്നെടുക്കുന്നതോടൊപ്പം പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി മൊബൈൽ ഫോണും മോഷ്ടിക്കുന്ന പ്രതി ഫോൺ വഴിയിലുപേക്ഷിക്കുകയും ദീർഘദൂര വാഹനങ്ങളിൽ ഒളിപ്പിച്ചു വയ്ക്കുകയുമാണ് ചെയ്യാറ്. പോലീസ് പിടിക്കാതിരിക്കാൻ സംസ്ഥാനത്തിൻ്റെ വിവിധഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. പിന്നീട് കക്കോടി കൂടത്തുംപൊയിലിൽ വാടകയ്ക്ക് വീടെടുത്ത് രഹസ്യമായി കഴിഞ്ഞു വരികയായിരുന്നു. പകൽസമയത്ത് പുറത്തിറങ്ങാതെ രാത്രി ഇരുട്ടിന്റെ മറവിൽ മാത്രം പുറത്തിറങ്ങുന്നതിനാൽ ഇയാളെ പറ്റി അയൽവാസികൾക്ക് പോലും അറിവുണ്ടായിരുന്നില്ല. ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി. ബിജുരാജിൻ്റെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിലാണ് കുറ്റകൃത്യങ്ങളുടെ ചുരുളഴിഞ്ഞത്.

എലത്തൂർ ഇൻസ്പെക്ടർ സായൂജ് കുമാർ എസ്ഐ രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ഡൻസാഫ് അസിസ്റ്റന്റ് എസ്ഐമാരായ മനോജ് എടയേടത്ത്, കെ.അഖിലേഷ് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത്കുമാർ, സി.കെ സുജിത്ത്,ഷാഫി പറമ്പത്ത്, എലത്തൂർ സിപിഒ അബ്ദുൽ സമദ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Eng­lish Sum­ma­ry: Thief arrest­ed fromKozhikkode

You may like this video also

Exit mobile version