Site iconSite icon Janayugom Online

തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകൾക്ക് വൻ സ്വീകാര്യത

ഫിഷറീസ് വകുപ്പും സാഫും(സൊസൈറ്റി ഫോർ അസിസ്റ്റന്റ്സ് ഓഫ് ഫിഷർ വിമൺ) ചേർന്നു നടപ്പാക്കുന്ന തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകൾക്കു വൻ സ്വീകാര്യത. തീരദേശത്തിന്റെ രുചി ഭേദങ്ങളെ ഏറ്റെടുത്തിരിക്കുകയാണ് ഭക്ഷണ പ്രേമികൾ. പ്രവർത്തനമാരംഭിച്ച് രണ്ടു വർഷത്തിനുള്ളിൽ 4.69 കോടി രൂപയുടെ വിറ്റുവരവാണ് തീരമൈത്രി റസ്റ്റോറന്റുകൾ നേടിയത്. 40 ലക്ഷം രൂപയാണ് ഇപ്പോൾ ശരാശരി പ്രതിമാസ വരുമാനം.

മീൻ അൽഫാം, ചെമ്മീൻ കട്ലറ്റ്, ചെമ്മീൻ വട, ചെമ്മീൻ മോമോസ്, മീൻ സമൂസ, എന്നിങ്ങനെ വ്യത്യസ്തതയുള്ള വിഭവങ്ങൾക്കും കല്ലുമ്മേകായ റോസ്റ്റ്, കൂന്തൽ ഫ്രൈ, ചെമ്മീൻ റോസ്റ്റ് എന്നിങ്ങനെയുള്ള പരമ്പരാഗത വിഭവങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. ശുദ്ധമായ കടൽവിഭവങ്ങൾ തനത് രുചിയിൽ വിളമ്പുന്നു എന്നതാണ് തീരമൈത്രി ഭക്ഷണശാലകളുടെ പ്രത്യേകത. മിതമായ നിരക്കും ഭക്ഷണപ്രേമികളെ തീരമൈത്രി ഭക്ഷണ ശാലകളിലേക്ക് ആകർഷിക്കുന്നു. 46 ഭക്ഷണശാലകളാണ് തീരമൈത്രി പദ്ധതിയുടെ ഭാഗമായുള്ളത്.

സബ്സിഡി ഇനത്തിൽ സാഫ് ഇതിനോടകം 2.5 കോടി രൂപ ഇവർക്കു നൽകിയിട്ടുണ്ട്. അഞ്ചു വനിതകളടങ്ങുന്ന ഒരു യൂണിറ്റിന് റെസ്റ്റോറന്റ് തുടങ്ങാൻ ചെലവാകുന്ന അടങ്കൽ തുകയായ 6.67 ലക്ഷം രൂപയിൽ 75 ശതമാനം ഗ്രാന്റും 20 ശതമാനം ബാങ്ക് ലോണും അഞ്ചു ശതമാനം ഗുണഭോക്തൃ വിഹിതവുമാണ്. മത്സ്യതൊഴിലാളി വനിതകൾക്ക് ബദൽ ഉപജീവന മാർഗവും മെച്ചപ്പെട്ട സാമൂഹികജീവിതവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

Eng­lish Sum­ma­ry: Thi­ramitri seafood restau­rants are well received
You may also like this video

Exit mobile version