Site iconSite icon Janayugom Online

മൂന്നാം ലോകകേരള സഭയ്ക്ക് ഇന്ന് തുടക്കം

കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക വികസനത്തിനായി സംസ്ഥാനത്തെ സമന്വയിപ്പിക്കുന്നതിനായുള്ള ലോകകേരള സഭ ഇന്നാരംഭിക്കും. 18 വരെ നടക്കുന്ന മൂന്നാം ലോകകേരള സഭ ഇന്ന് വൈകിട്ട് അഞ്ചിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുമെന്ന് സ്പീക്കർ എം ബി രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കും. നാളെ നിയമസഭാ മന്ദിരത്തിൽ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 169 ജനപ്രതിനിധികൾ, 182 പ്രവാസികൾ എന്നിവരുൾപ്പെടെ 351 അംഗങ്ങളാണ് മൂന്നാം ലോകകേരള സഭയിൽ പങ്കെടുക്കുക.

സംസ്ഥാനത്തെ നിയമസഭാംഗങ്ങൾ, കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങൾ, കേരള സർക്കാർ നാമനിർദേശം ചെയ്ത ഇന്ത്യൻ പൗരത്വമുള്ള പ്രവാസി മലയാളികൾ, മടങ്ങിയെത്തിയ പ്രവാസി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രവാസികളെ പ്രത്യേക ക്ഷണിതാക്കളായും പങ്കെടുപ്പിക്കും. 182 പ്രവാസികളിൽ 104 പേർ ഇന്ത്യയ്ക്കു പുറത്തുള്ളവരും 36 പേർ ഇതര സംസ്ഥാനക്കാരുമാണ്. തിരികെയെത്തിയ 12 പ്രവാസികളും പ്രമുഖരായ 30 പേരും ഇവരില്‍ ഉൾപ്പെടുന്നു. കൂടാതെ ഇന്ത്യൻ പൗരത്വം ഇല്ലാത്തവരും പ്രവാസവുമായി ബന്ധപ്പെട്ട മറ്റ് പ്രമുഖരും പ്രത്യേക ക്ഷണിതാക്കളാകും. ഏറ്റവും ചെലവ് ചുരുക്കിയാണ് ലോകകേരള സഭ സംഘടിപ്പിച്ചിരിക്കുന്നതെന്ന് സ്പീക്കര്‍ വ്യക്തമാക്കി. നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Eng­lish sum­ma­ry; Third Loka Ker­ala Sab­ha begins today

You may also like this video;

Exit mobile version