Site iconSite icon Janayugom Online

നവകേരളത്തിലേക്ക് മൂന്നാമൂഴം

LDFLDF

എന്തുകൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാരിന് മൂന്നാമൂഴമുണ്ടാകുമെന്ന് കേരളത്തിലെ സാധാരണക്കാരുള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ ആശംസിക്കുന്നത്. ദളിതരുള്‍പ്പെടെ പിന്നാക്ക ജനവിഭാഗങ്ങള്‍ സമൂഹത്തില്‍ പകുതിയിലധികം പേരുണ്ട്. അവരെ സംബന്ധിച്ചിടത്തോളം നിത്യജീവിതപ്പാച്ചിലില്‍ അവരുടെ കെെവെള്ളയില്‍ സ്വാഭാവികമെന്നപോലെ കെെവരുന്ന ആനുകൂല്യത്തിന്റെ തെളിച്ചത്തിലാണ് ഭരണത്തെ വിലയിരുത്തുന്നത്. ഇക്കാര്യത്തില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി അവകാശംപോലെ ഓരോ മനുഷ്യരുടെയും വീടകങ്ങളില്‍ എത്തുന്ന ആനുകൂല്യങ്ങള്‍ അതിശയിപ്പിക്കുന്നതാണ്. ആ ആനുകൂല്യങ്ങള്‍ അവകാശങ്ങളാണ്, ഔദാര്യമല്ല എന്നാണ് ഭരണാധികാരികള്‍ വെളിപ്പെടുത്തുന്നത്. മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ആവശ്യങ്ങള്‍ പരിമിതമാണ്. റേഷന്‍ കടയില്‍ ചെന്നാല്‍ അരിയും മറ്റുസാധനങ്ങളും കിട്ടണം, ന്യായവിലയ്ക്ക് പലവ്യഞ്ജനങ്ങള്‍ ലഭ്യമാകണം, അസുഖം വന്ന് ആശുപത്രിയിലെത്തിയാല്‍ വേഗം സുഖപ്പെടുന്ന പരിചരണങ്ങളുണ്ടാകണം, മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കണം, പട്ടിണിയില്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള തൊഴിലുണ്ടാകണം. ഇത്തരം ആവശ്യങ്ങള്‍ അവകാശംപോലെ ഇച്ഛാശക്തിയുള്ള സര്‍ക്കാര്‍ ലഭ്യമാക്കുന്നതുകൊണ്ടാണ് ഗുണഭോക്താക്കളായ ജനം എല്‍ഡിഎഫ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് ഉറപ്പിച്ചുപറയുന്നത്. 

2016ല്‍ അധികാരത്തിലേറിയ എല്‍ഡിഎഫ് സര്‍ക്കാര്‍ അതിനുമുമ്പുള്ള യുഡിഎഫ് ഭരണം തകര്‍ത്ത കേരളത്തിലെ ക്ഷേമസേവന വികസനമേഖല പുതുക്കിപ്പണിയാനാണ് ശ്രമിച്ചത്. ആ തീവ്രശ്രമം ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയര്‍ന്നതുകൊണ്ടാണ് 2021ല്‍ 99എംഎല്‍എമാരുടെ പിന്തുണയോടെ ഭരണത്തുടര്‍ച്ചയുണ്ടായത്. ഭരണത്തുടര്‍ച്ച കണ്ട് മഹാഭൂരിപക്ഷം ജനങ്ങളും സന്തോഷിച്ചപ്പോള്‍ പ്രതിപക്ഷവും അവരെ പാലൂട്ടുന്ന മാധ്യമങ്ങളും നിരാശപ്പെട്ടു. കഴിഞ്ഞകാലങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി‍ എല്‍ഡിഎഫ് ഭരണം കഴിഞ്ഞാല്‍ യുഡിഎഫിന്റെ ഊഴത്തിന് താഴുവീണതാണ് നിരാശപ്പെടാന്‍ കാരണം.
കേരളം ഏതിനും സ്വയംപര്യാപ്തത നേടിയ സംസ്ഥാനമല്ല. കേന്ദ്രത്തിന്റെ സാമ്പത്തികവും സാമ്പത്തികേതരവുമായ സഹായ സഹകരണങ്ങളിലൂടെ മാത്രമേ മുന്നോട്ടു ചലിക്കുകയുള്ളു, ഇത് കേന്ദ്രസര്‍ക്കാരിന്റെ ഔദാര്യമല്ല. ഭരണഘടനയില്‍ പറയുന്ന ഫെഡറല്‍ സംവിധാനത്തിന്റെ ശക്തമായ കടമയാണ്. എന്നാല്‍ രാഷ്ട്രീയ വെെരാഗ്യംകൊണ്ട് മോഡി സര്‍ക്കാര്‍ സാമ്പത്തിക ഞെരുക്കമുണ്ടാക്കി ക്ഷേമ, സേവന, വികസന പ്രവര്‍ത്തനങ്ങളെ തകര്‍ക്കുവാന്‍ ശ്രമിക്കുന്നു. ഇതിന്റെ ഫലമായി സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട ആയിരക്കണക്കിന് കോടി സാമ്പത്തികസഹായമാണ് തടഞ്ഞുവച്ചിരിക്കുന്നത്. എന്നാല്‍ നാടിനോടും നാട്ടാരോടും പ്രതിബദ്ധതയുള്ള ഇടതുസര്‍ക്കാര്‍ ആഭ്യന്തര വരുമാനം വര്‍ധിപ്പിച്ചുകൊണ്ട് കേരള ജനതയെ സംരക്ഷിക്കുന്നു. ഇതിനായി മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി റവന്യു വരുമാനം 71.66 ശതമാനം ഉയര്‍ത്തുകയുണ്ടായി. കേരളത്തിന്റെ ആ വളര്‍ച്ചയെയും പ്രശംസകളെയും തകര്‍ക്കാനാണ് സംസ്ഥാനം കടക്കെണിയിലാണെന്ന് പ്രതിപക്ഷം ദുഷ്പ്രചരണം നടത്തുന്നത്. ഇത് അമ്മയുടെ മുലപ്പാല്‍ മായമാണെന്ന് പറയുംപോലെ വ്യാജമാണ്.
അസാധ്യമെന്ന് കരുതിയത് സാധ്യമാക്കിയതിനാണ് കേരളത്തിന് ദേശത്തുനിന്നും വിദേശത്തുനിന്നും ലഭിച്ച അംഗീകാരങ്ങള്‍. ഇന്ത്യാടുഡേയുടെ ഹാപ്പിനസ് ഇന്‍ഡക്സ് സര്‍വേയില്‍ പബ്ലിക് അഫയേഴ്സ് ഇന്‍ഡക്സ്, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മികവിന്റെ സൂചിക ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനം നിതി ആയോഗിന്റെ ആരോഗ്യസൂചിക തുടങ്ങിയ അവാര്‍ഡുകള്‍ കേരളം നേടിയതിന് ലഭിച്ച അംഗീകാരങ്ങളാണ്.

ഭക്ഷ്യവസ്തുക്കളില്‍ അധികവും അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിന് വിരാമമിടുവാനായി കൃഷിവകുപ്പ് ചില മാറ്റങ്ങള്‍ കൊണ്ടുവന്നു. ഇവിടെത്തന്നെ വിഷരഹിത പച്ചക്കറികളും പഴങ്ങളും ഉല്പാദിപ്പിക്കുവാന്‍ തീവ്രശ്രമങ്ങള്‍ നടത്തുന്നു. അതിനായി തരിശായി കിടക്കുന്ന സ്ഥലങ്ങളില്‍ കുടുംബശ്രീകളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ കൃഷി ആരംഭിച്ചു. രണ്ടരലക്ഷം ഹെക്ടറില്‍ നെല്‍ക്കൃഷിയും ഒന്നര ലക്ഷം ഹെക്ടറില്‍ പച്ചക്കറികളും വിളയിക്കുന്നു. നാളികേര കൃഷിക്കാരെ സഹായിക്കുവാന്‍ തേങ്ങയുടെ താങ്ങുവില 34 രൂപയായി വര്‍ധിപ്പിച്ചു. ജെെവകൃഷി പ്രോത്സാഹിപ്പിക്കുന്നു. ഇങ്ങനെ കൃഷിയെയും കര്‍ഷകരെയും സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ നവീന നയപരിപാടികളാണ് സ്വീകരിച്ചുവരുന്നത്. അതുകൊണ്ടാണ് കോവിഡും പ്രകൃതിദുരന്തങ്ങളും ഉണ്ടായപ്പോള്‍ ഭക്ഷ്യക്ഷാമം കേരളത്തില്‍ അനുഭവപ്പെടാതിരുന്നത്.
വരുന്ന നവംബര്‍ മുതല്‍ സംസ്ഥാനത്ത് ഒരു അതിദരിദ്രര്‍ പോലും ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുപറയുന്നു. എന്നാല്‍ പ്രളയദുരന്തകാലത്ത് സൗജന്യമെന്ന് പറഞ്ഞ് കേന്ദ്രം റേഷന്‍കടവഴി നല്‍കിയ അരിക്ക് കൃത്യമായി വില വാങ്ങുകയുണ്ടായി. കുഗ്രാമങ്ങളില്‍പോലും ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിനായി മാവേലി സ്റ്റോറുകളും കണ്‍സ്യൂമര്‍ ഫെഡും തുറന്നു. ഇവിടങ്ങളില്‍ നിന്നും ലഭിക്കുന്ന 13 അത്യാവശ്യ സാധനങ്ങള്‍ കുറഞ്ഞ നിരക്കിലാണ് വില്‍ക്കപ്പെടുന്നത്. ആദിവാസി ഉന്നതികളില്‍ വാതില്‍പ്പടി ഭക്ഷ്യധാന്യ വിതരണം നടത്തി അവരുടെ പട്ടിണിക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ പരിഹാരം കാണുകയാണ്.
വിദ്യാഭ്യാസരംഗത്ത് 1957 മുതലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ മാതൃകാപരമായ നടപടികളാണ് സ്വീകരിച്ചുപോരുന്നത്. ഐക്യജനാധിപത്യ സര്‍ക്കാരിന്റെ കാലത്ത് ലാഭകരമല്ലെന്നുകണ്ട് പൂട്ടാന്‍ ഉദ്ദേശിച്ച സ്കൂളുകള്‍ ഏറ്റെടുത്തുകൊണ്ട് വിദ്യാഭ്യാസരംഗം സംരക്ഷിച്ചു. എട്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പാഠപുസ്തകം, യൂണിഫോം, ഭക്ഷണം എന്നിവ ലഭ്യമാക്കി. പൊട്ടിപ്പൊളിഞ്ഞതും വൃത്തിയില്ലാത്തതുമായ ബെഞ്ചും ക്ലാസ്‌മുറികളും പുതുക്കി നല്‍കി. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഹെെടെക്ക് വിദ്യാഭ്യാസം നല്‍കി ഭാവിജീവിതം സംരക്ഷിക്കുന്നു.
ആരോഗ്യമേഖലയിലും മികച്ച പ്രവര്‍ത്തനമാണ് നടക്കുന്നത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി വികസിപ്പിച്ചുകൊണ്ട് കൂടുതല്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്നു. എല്ലാ സൗകര്യങ്ങളുമുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളും ആധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈ മേഖല വളര്‍ന്നിരിക്കുന്നു. ഈ മികവിന് ആരോഗ്യകേരളം വാരിക്കൂട്ടിയ അംഗീകാരങ്ങള്‍ അനവധിയാണ്. കോവിഡിന്റെയും നിപയുടെയും വളര്‍ച്ചയും വ്യാപനവും തടയാന്‍ ഫലപ്രദമായ നടപടി സ്വീകരിച്ച സംസ്ഥാനമെന്ന ഖ്യാതി കേരളം കരസ്ഥമാക്കുകയുണ്ടായി. കാന്‍സര്‍ രജിസ്ട്രേഷന്‍ ആരംഭിച്ച് ഗുരുതരമായ രോഗത്തിന് പ്രതിവിധികള്‍ കണ്ടെത്തുന്നു. ആരോഗ്യപരിപാലനത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചതുകൊണ്ടാണ് കേരളത്തില്‍ വയോധികരുടെ ആയുര്‍ദെെര്‍ഘ്യം വര്‍ധിച്ചതും കുട്ടികളുടെ മരണനിരക്ക് കുറഞ്ഞതും.

ഈ സര്‍ക്കാരിന്റെ മികവുറ്റ ഭരണത്തിന് എ പ്ലസ് നേടിയ വകുപ്പുകളില്‍ ഒന്നാണ് റവന്യു. റവന്യു സേവനങ്ങള്‍ ഓണ്‍ലെെനിലൂടെ അഴിമതിരഹിതമായി വിരല്‍ത്തുമ്പില്‍ ലഭിക്കുന്നു. വര്‍ഷങ്ങളായി പരിഹരിക്കാതെ കിടന്ന പട്ടയ പ്രശ്നങ്ങള്‍ക്ക് തീര്‍പ്പുകല്പിച്ചു. നാല് ലക്ഷം പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. സര്‍വേ രജിസ്ട്രേഷന്‍ വകുപ്പുകള്‍ ഭൂമി സംബന്ധമായ സേവനങ്ങള്‍ക്കായി ഒരുമിച്ചു എന്റെ ഭൂമി എന്ന പോര്‍ട്ടലിലാക്കി. ഏതാണ്ട് 23തരം സര്‍ട്ടിഫിക്കറ്റിലൂടെ കോടിക്കണക്കിന് രേഖകള്‍ വിതരണം ചെയ്തു. വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ടാക്കി സര്‍വേ ജോലികള്‍ പൂര്‍ത്തിയാകുന്നു. ഭൂവുടമകള്‍ക്ക് മുഴുവന്‍ രേഖകളുമുള്ള പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ നല്‍കി.
ദേശീയപാതയ്ക്കുവേണ്ടി ഏക്കര്‍ കണക്കിന് ഭൂമി പൊന്നുംവിലയ്ക്കെടുത്ത് യാത്രാക്ലേശം പരിഹരിക്കാനുള്ള വഴിതുറന്നു. നല്ല റോഡുകളും പാലങ്ങളും ഫ്ലെെഓവറുകളും ജനങ്ങളുടെ സുഖകരമായ യാത്രയുമായി ബന്ധപ്പെട്ട അവകാശമാണെന്ന ബോധ്യത്തിലാണ് ജനകീയ സര്‍ക്കാര്‍ പ്രശ്നം പരിഹരിക്കുന്നത്. കഴിഞ്ഞ ദിവസം ഏറെ ആഘോഷത്തോടെ 12 സ്മാര്‍ട്ട് ഉള്‍പ്പെടെ 62 റോഡുകളാണ് ഉദ്ഘാടനം ചെയ്തത്. ഈ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ഭൂരഹിതര്‍ സംസ്ഥാനത്ത് ഉണ്ടാകില്ലെന്നു പറയുന്നു. ഭവനരഹിതര്‍ക്ക് അഞ്ച് ലക്ഷം വീടുകള്‍ നല്‍കുമെന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രകടനപത്രികയിലെ വാഗ്ദാനം. നാല് വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കുമ്പോള്‍ 4,52,156 വീടുകള്‍ പൂര്‍ത്തിയായിരിക്കുന്നു.
ജനങ്ങളുടെ വോട്ട് വാങ്ങാനുള്ള കുറുക്കുവഴിയാണ് പ്രകടനപത്രികയെന്ന് മറ്റുള്ള രാഷ്ട്രീയ നേതാക്കള്‍ പറയുമ്പോള്‍, നടപ്പാക്കാനുള്ള രേഖയാണെന്ന് നാലാം വാര്‍ഷികാഘോഷ വേളയില്‍ റവന്യു മന്ത്രി കെ രാജന്‍ വ്യക്തമാക്കുന്നു. ജനാധിപത്യവും മതനിരപേക്ഷതയും കാത്തുസൂക്ഷിക്കുന്ന എല്‍ഡിഎഫ് ഭരണത്തിന്റെ ക്ഷേമസേവന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം സാമ്പത്തിക ഞെരുക്കമുണ്ടാക്കി ഉപരോധം സൃഷ്ടിക്കുമ്പോള്‍ കേരളത്തിലെ മൂന്നര കോടി ജനങ്ങളെ ചേര്‍ത്തുനിര്‍ത്തി സഹകരണത്തിലൂടെ സാന്ത്വനിപ്പിക്കുകയാണ് സര്‍ക്കാര്‍. ഈ ഉറച്ച വാക്കുകള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കി, നവകേരളത്തിന് മൂന്നാമൂഴം വാഗ്ദാനം നല്‍കി ജനങ്ങളും കൂടെ നില്‍ക്കുന്നു.

Exit mobile version