പതിമൂന്നുകാരിയായ മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കി ഗർഭിണിയാക്കിയ കേസിൽ പിതാവായ 43 കാരനെ പൊലീസ് പിടികൂടി. കുട്ടിക്ക് ആർത്തവ സംബന്ധമായ ബുദ്ധിമുട്ട് കാരണം കഴിഞ്ഞ ദിവസം അമ്മ റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. അവിടെ പരിശോധനക്കു ശേഷം, ലാബ് ടെസ്റ്റിനു വിധേയയാക്കിയപ്പോഴാണ് കുട്ടി 7 ആഴ്ച ഗർഭിണി ആണെന്ന വിവരമറിഞ്ഞത്. റാന്നി സ്റ്റേഷനിൽ അറിയിച്ചതിനെതുടർന്ന്, വിവരം അവിടെനിന്നും പെരുമ്പെട്ടി സ്റ്റേഷനിലേക്ക് കൈമാറി.
തുടർന്ന്, കുട്ടിയുടെ വിശദമായ മൊഴി പെരുമ്പെട്ടി പോലീസ് രേഖപ്പെടുത്തി. പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിച്ച് തെളിവുകൾ ശേഖരിച്ചു. പത്തനംതിട്ട ജെ എഫ് എം കോടതി രണ്ടിൽ മൊഴി രേഖപ്പെടുത്താൻ അപേക്ഷ സമർപ്പിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

