തിരുനല്ലൂർ കരുണാകരന്റെ കവിത ഞാനാദ്യം വായിക്കുകയല്ല കേൾക്കുകയാണ് ചെയ്തത്. കുട്ടിക്കാലത്ത് ഇടക്കൊച്ചി പ്രഭാകരൻ ‘റാണി’ കഥാപ്രസംഗമായി അവതരിപ്പിച്ചത് കേൾക്കാനിടവന്നു. കുറച്ചു മുതിർന്നതിനുശേഷം വി സാംബശിവൻ അവതരിപ്പിച്ച റാണിയും കേട്ടു. പിന്നെയും വളരെക്കാലം കഴിഞ്ഞാണ് തിരുനല്ലൂർ കരുണാകരന്റെ കവിതകൾ വായിച്ചത്. അപ്പോഴേക്കും റാണിയിലെ ചില വരികൾ എന്റെ അബോധത്തിൽ ഒരിക്കലും മായാത്തവിധത്തിൽ പതിഞ്ഞുകഴിഞ്ഞിരുന്നു.
“പൂന്തിരമാലമേൽ നീർക്കിളിച്ചാർത്തുപോൽ
നീന്തുന്നൊരായിരം തോണി
തോണിയിലൊന്നിൽ മദാലസയാംജല-
ദേവതപോലെ പോം റാണി…”
റാണിയുടെ ഈ ചിത്രം, കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയിൽ ലക്ഷക്കണക്കായ മലയാളികളുടെ മനസിൽ ആഴത്തിൽ പതിഞ്ഞുപോയതാണ്. അഷ്ടമുടിക്കായലിന്റെ വിരിമാറിലൂടെ ഒറ്റയ്ക്ക് തോണി തുഴഞ്ഞുപോകുന്ന തന്റേടിയായ ആ തൊഴിലാളിപ്പെൺകിടാവ്, ഒരു കാലഘട്ടത്തിലെ പണിയെടുത്തു പൊറുക്കുന്ന ജനവർഗത്തിന്റെ ഉണർച്ചയുടെയും ശക്തിയുടെയും പ്രതീകമായിരുന്നു. ഒരു തൊഴിലാളി സ്ത്രീക്ക് കർത്തൃത്വശേഷി സമ്മാനിച്ചുകൊണ്ട് നവോത്ഥാനാന്തര കേരളത്തിൽ വർഗപരമായ ഒരു മുന്നേറ്റത്തിന് സർഗാത്മകമായ അടിത്തറയിട്ടത് തിരുനെല്ലൂർ കരുണാകരനാണ്.
”റാണിയെന്നോമനപ്പേരവൾക്കേകിയ
ഭാവനയാരുടേതാവാം
നാടകകലകളീമണ്ണിൽ എഴുതിയ
നാടൻ കലയുടേതാകാം”
നാടോടിപ്പാട്ടിന്റെ ജനസംസ്കാര ഘടകങ്ങളെ അന്തർബലമായി സ്വീകരിച്ചുകൊണ്ട് ‘റാണി‘ക്കു നല്കിയ ഈ നാട്ടുസൗന്ദര്യം നമ്മുടെ കാവ്യചരിത്രത്തിലെ ഒരു പുതുവിഛേദമായിരുന്നു. അധഃസ്ഥിതരും അവഗണിതരും താഴെത്തട്ടിലുള്ളവരുമായ പണിയെടുക്കുന്ന ജനവർഗങ്ങളുടെ ജീവിതവും സ്വപ്നങ്ങളും സങ്കല്പങ്ങളുമുപയോഗിച്ചുകൊണ്ട് കാവ്യരചന നടത്തുമ്പോൾ അടിച്ചമർത്തപ്പെട്ട കീഴാള ജനതകൾ മുഖ്യധാരാ ജീവിതത്തിന്റെ മുകൾത്തട്ടിലേക്ക് കയറിവരും എന്ന് ആഴത്തിലറിഞ്ഞ കവിയായിരുന്നു തിരുനല്ലൂർ കരുണാകരൻ. ഒടുവിലത്തെ പോരാളിയും വീഴുംവരെ സമരവർഗ ചരിത്രത്തിൽ നിന്നു പാടുവാൻ പ്രതിജ്ഞാബദ്ധനായിരുന്ന കവി മർത്ത്യസ്നേഹത്തിന്റെ നിരന്തര സമരമുഖങ്ങളിൽ പോരാടി നേടിയ വീര്യമാണ് തന്റെ കവിതയുടെ ഊർജമാക്കിയത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ഹൃദയബന്ധം സ്ഥാപിച്ച് പ്രവർത്തിക്കുമ്പോൾ ധാരാളം തൊഴിലാളി പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കാളിയായിരുന്നു തിരുനല്ലൂർ.
“അത്തിളക്കത്തിൽക്കാണാം
ഞങ്ങൾ തൻ പതറാത്ത
ശക്തിയും മനസിന്റെ
ദീപ്തിയും വിശ്വാസവും”
എന്നെഴുതുമ്പോൾ തൊഴിലാളിവർഗത്തിന്റെ ശക്തിയും സംഘവിശ്വാസവും ദീപ്തിയും തന്നെയാണ് തിരുനല്ലൂർ വിളംബരം ചെയ്തത്.
പ്രസന്നമധുരമായ ഒരു ജനകീയ കാല്പനികത തിരുനല്ലൂർ തന്റെ കാവ്യശില്പത്തിന്റെ ശക്തിയും സൗന്ദര്യവുമാക്കി. സ്വാതന്ത്ര്യമായിരുന്നു എന്നും തിരുനല്ലൂരിന്റെ കാവ്യപ്രമേയം. ദീർഘ വർഷങ്ങൾ നിരന്തരം കൂട്ടിൽക്കഴിഞ്ഞതുകൊണ്ട്, കൂട് തുറന്ന് പുറത്തുവിട്ടപ്പോഴും പറക്കാൻ കഴിയാതെ കല്ലുപോലെ താഴെ വീണുപോയ ‘ഒരു തത്തയുടെ കഥ’ പറഞ്ഞ കവിതയിൽ തിരുനെല്ലൂർ ഇങ്ങനെ എഴുതുന്നുണ്ട്.
“മാനവും കാടും കതിർ-
പ്പാടവും ചിറകിന്റെ
താളവും സ്വാതന്ത്ര്യത്തിൻ
മോഹവും കരയുമ്പോൾ
വഴിവക്കിലെ മരം
വെയിലിൻ തുള വീണ
നിഴലിന്നറ്റം പിടി-
ച്ചിട്ടിതച്ചങ്ങാതിമേൽ”
‘സ്വാതന്ത്ര്യം’ എന്ന പരികല്പനയ്ക്ക് ഇത്രയേറെ ജെെവസ്വഭാവമുള്ള രാഷ്ട്രീയാർത്ഥങ്ങൾ കല്പിച്ചു നല്കിയ കവികൾ തിരുനല്ലൂരിനെപ്പോലെ നമുക്കേറെയില്ല. ലോകത്തിലെ മനുഷ്യവർഗങ്ങൾക്ക് മാത്രമല്ല ജീവവംശങ്ങൾക്കും പ്രകൃതിക്കും ഒരുപോലെ സ്വാതന്ത്ര്യം കല്പിക്കുന്ന രാഷ്ട്രീയ വിവേകമായിരുന്നു തിരുനല്ലൂരിന്റെ ദർശനം. മാർക്സ് വിഭാവനം ചെയ്ത ഭരണകൂടം പൊഴിഞ്ഞുപോവുന്ന ഒരു രാഷ്ട്രീയ വ്യവസ്ഥ അവിടെയേ ഉദയം ചെയ്യൂ എന്ന് തിരുനല്ലൂർ വിശ്വസിച്ചു. ‘സൗന്ദര്യത്തിന്റെ പടയാളികൾ’ എന്ന കൃതിയുടെ പേരിൽത്തന്നെ സൗന്ദര്യത്തിനുവേണ്ടിക്കൂടി പോരാടുന്ന സ്വാതന്ത്ര്യത്തിന്റെ പോരാളികളുടെ ചിത്രമുണ്ട്. ഇതഃപര്യന്തം മനുഷ്യവർഗം സഞ്ചയിച്ച എല്ലാ സംസ്കാര, സൗന്ദര്യ, സമ്പത്തും ലോകത്തിലെ മുഴുവൻ മനുഷ്യർക്കും അവകാശപ്പെട്ടതാണെന്ന് തിരുനല്ലൂർ പ്രഖ്യാപിച്ചു.
സംയമനംകൊണ്ട് സമനില പാലിച്ച ജനകീയമായ സവിശേഷ കാല്പനിക കാവ്യഭാഷയായിരുന്നു തിരുനല്ലൂരിന്റേത്. ഒരിക്കൽപ്പോലും കാല്പനികതയുടെ തേങ്ങുന്ന ഭാഷ തിരുനല്ലൂരിന്റെ കവിതയിൽ പ്രത്യക്ഷപ്പെട്ടില്ല. അടിമുടി പേശീബലമുള്ളതും ക്രിയാശേഷി പുലർത്തുന്നതുമായ ജനപക്ഷ ഹൃദയഭാഷയിലാണ് തിരുനല്ലൂർ മനുഷ്യന്റെ സമരങ്ങളുടെയും സഹനങ്ങളുടെയും സ്നേഹങ്ങളുടെയും അതിജീവനങ്ങളുടെയും കവിത കുറിച്ചത്. ‘റാണി’ എന്ന കാവ്യം അതിന് ഉത്തമോദാഹരണമാണ്.
തിരുനല്ലൂർ കവിതയുടെ ലാവണ്യപൂർണമായ പ്രസാദം ഏറ്റവും കൂടുതൽ തെളിയുന്നത് മേഘസന്ദേശത്തിന്റെ പരിഭാഷയിലാണ്. പല പണ്ഡിത കവികളും ‘മേഘസന്ദേശം’ പരിഭാഷപ്പെടുത്തിയിട്ടുണ്ടെങ്കിലും തിരുനല്ലൂരിന്റെ മൊഴിമാറ്റത്തിൽ അടിമുടി പ്രകാശിക്കുന്ന മലയാളലാവണ്യം മറ്റൊരു പരിഭാഷയിലും കാണില്ല. പ്രേമം മധുരമാണ്, ധീരവുമാണ്, രാത്രി, ഗ്രീഷ്മസന്ധ്യകൾ തുടങ്ങിയ കാവ്യസമാഹാരങ്ങളിലെല്ലാം ‘തിരുനല്ലൂർ ഭാഷ’ എന്ന് സവിശേഷമായി തിരിച്ചറിയാവുന്ന മാനവ മലയാളം അദ്ദേഹം അടയാളപ്പെടുത്തി.
മലയാളകാവ്യ ചരിത്രത്തിൽ സമാനതകളില്ലാത്ത കാര്യമാണ് തിരുനെല്ലൂരിന്റെ ‘ഗാന്ധാരി’. കുരുക്ഷേത്രയുദ്ധത്തിന്റെ അവസാനത്തിൽ രാജമാതാവായ ഗാന്ധാരി കുരുക്ഷേത്രം കാണാനെത്തുന്നതാണ് കാവ്യസന്ദർഭം. യുദ്ധത്തിന്റെയും ഹിംസയുടെയും ഭയാനകരംഗമായ മഹാശ്മശാനഭൂമിയിൽ നിന്നുകൊണ്ട് മൂടിക്കെട്ടിയ കണ്ണിനപ്പുറം കണ്ണീർ ചൊരിഞ്ഞ് മനുഷ്യനുവേണ്ടി ഗാന്ധാരി വിലപിക്കുന്ന രംഗം ഒരു വലിയ ചരിത്ര വിചാരണയാണ്.
”ശിശിരം വിറങ്ങലിപ്പിയൊരീ ശവശെെല-
ശിഖരങ്ങളിലൊന്നിൽ മൂർച്ഛയിൽ കിടക്കും ഞാൻ
.….….….….….….…
കൊന്നുകൊന്നവസാനം ദാഹത്താൽ സ്നേഹത്തിന്റെ
മുന്നിൽ വന്നതോ വീരൻ മുട്ടുകുത്തിയ നേരം
തൻ കയ്യിൽ നിന്നും താനേ വീണതാം വളഞ്ഞപൊ-
ന്നങ്ക വാളുപോൽ മിന്നി തിങ്കളിൽ കല വിണ്ണിൽ”
ഇത്രമേൽ ഹൃദയഭേദകമായി ഭാഷയുടെ അശ്രുസൗന്ദര്യവും സ്നേഹപ്രഹർഷവും ഒരുപോലെ അനുഭവിപ്പിക്കുന്ന കവിതകൾ നമുക്ക് വേറെയില്ല.
എല്ലാ യുദ്ധങ്ങളും മനുഷ്യനെ കൊല്ലുന്നു. അല്ലെങ്കിൽ എല്ലാ യുദ്ധങ്ങളിലും മനുഷ്യൻ മരിക്കുന്നു; എങ്കിൽപ്പിന്നെ മരിക്കാത്ത മർത്ത്യതയുടെ വർഗസ്നേഹവിപ്ലവം എവിടെയാണ്?
തിരുനല്ലൂർ ഒരു ബുദ്ധനെപ്പോലെ തന്റെ കാവ്യങ്ങളിലൂടെ നിരന്തരം അന്വേഷിച്ചത് മരണമില്ലാത്തൊരു സ്നേഹവിപ്ലവമാണ്.
‘അരുണ ദശകങ്ങളുടെ കവികൾ’ എന്നറിയപ്പെട്ട മലയാളത്തിന്റെ പഞ്ച മഹാകവികളിലൊരാളാണ് തിരുനല്ലൂർ കരുണാകരൻ. പി ഭാസ്കരൻ വയലാർ, ഒഎൻവി, തിരുനെല്ലൂർ, പുതുശേരി രാമചന്ദ്രൻ… പരിവർത്തനത്തിനുവേണ്ടി വാക്കിന്റെ പടവാൾ വീശി പോരാടിയപ്പോഴും ചോരക്കൊതിയന്മാരാവാതിരുന്ന മാനവസ്നേഹത്തിന്റെ അടിസ്ഥാനവർഗ കവികളായിരുന്നു ഇവർ. തിരുനല്ലൂരടക്കമുള്ള ഈ ജനപക്ഷ കവികളുടെ അക്ഷരപ്പോരാട്ടംകൊണ്ട് കൂടിയാണ് കേരളം ചുവന്നത് എന്ന് മറന്നുകൂട. കോളജ് അധ്യാപകനായിരുന്ന തിരുനല്ലൂർ കരുണാകരൻ തനിക്കുണ്ടായിരുന്നത് പലതും നഷ്ടപ്പെടുത്തിയാണ് പാവപ്പെട്ടവരുടെ പടയണിയിൽ അണിചേർന്നത്. അഷ്ടമുടിക്കായലിനെ എട്ട് മുടികൾ പോലെ അഷ്ടദിക്കുകളെയും പുണർന്ന് നില്ക്കുന്ന ജനങ്ങളുടെ കവിത കാലത്തിന് സമ്മാനിച്ച് കവി കാലത്തെ ജയിച്ചു.
തിരുനല്ലൂരിന്റെ ജന്മശതാബ്ദിയാണ്. തിരുനല്ലൂരിനെ അനുസ്മരിക്കുമ്പോൾ, കവിത കേവലം വാക്കുകളല്ല, വാക്കുകൾക്ക് മേലുള്ള ജീവിതത്തിന്റെ ശക്തിയാണെന്ന് ഇന്ന് കാലം തിരിച്ചറിയുന്നു. അടിസ്ഥാന ജനവർഗത്തിന്റെ അതിജീവനത്തിനുവേണ്ടി നിരന്തരം ശബ്ദിച്ച, നാവില്ലാത്തവരുടെ നാവായിരുന്ന ആ കവിയും കവിതകൾക്കും മരണമില്ല.