കാർത്തിക ദീപം ഉത്സവത്തിൻ്റെ ഭാഗമായി മധുര ജില്ലയിലെ തിരുപ്പറങ്കുണ്ഡ്രം കുന്നിൻ മുകളിലുള്ള ദീപസ്തംഭത്തിൽ പരമ്പരാഗത എണ്ണ വിളക്ക് കൊളുത്താൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വിസമ്മതിച്ചു. ജസ്റ്റിസ് ജി ജയചന്ദ്രൻ, ജസ്റ്റിസ് കെ കെ രാമകൃഷ്ണൻ എന്നിവരടങ്ങിയ ബെഞ്ചാണ്, വിളക്ക് കൊളുത്താൻ അനുമതി നൽകിയ ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ്റെ ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചത്.
തിരുപ്പറങ്കുണ്ഡ്രം കുന്നിൻ മുകളിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനോട് ചേർന്നുള്ള ദീപസ്തംഭത്തിൽ ‘കാർത്തിക ദീപം’ കൊളുത്താൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ നിർദ്ദേശിച്ചുള്ള ഹർജികൾക്ക് ഡിസംബർ 1ന് ജസ്റ്റിസ് സ്വാമിനാഥൻ അനുമതി നൽകിയിരുന്നു. വിളക്ക് കൊളുത്തുന്നതിലൂടെ ദർഗ്ഗയുടെ ഘടനയ്ക്ക് യാതൊരു വിധത്തിലും കേടുപാടുകൾ സംഭവിക്കില്ലെന്നും, ദർഗ്ഗ ഈ ദീപസ്തംഭത്തിൽ നിന്ന് 50 മീറ്ററിലധികം സുരക്ഷിതമായ അകലത്തിലാണുള്ളതെന്നും ഉത്തരവിൽ ജസ്റ്റിസ് സ്വാമിനാഥൻ ചൂണ്ടിക്കാട്ടിയിരുന്നു.

