രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസിലെ തെളിവെടുപ്പില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് തിരുവല്ല ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍. എസ് നന്ദകുമാറിനെതിരെയാണ് സസ്പെൻഷൻ. ഡിജിപിയുടെ ശുപാര്‍ശയെ തുടര്‍ന്ന് ആഭ്യന്തര വകുപ്പാണ് സസ്‌പെന്‍ഷന് ഉത്തരവിട്ടത്. തിരുവല്ല പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹോട്ടലിൽ രാഹുൽ മാങ്കൂട്ടത്തിലിനെ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ ഡിവൈഎസ്പി സ്ഥലത്തുണ്ടായിരുന്നില്ല. എന്നാൽ തെളിവെടുപ്പിന് എത്തിക്കുന്നതു സംബന്ധിച്ച കൃത്യമായ സമയം അറിയില്ലായിരുന്നെന്നാണ് ജില്ലാ പോലീസ് മേധാവി നൽകിയ മെമ്മോയ്ക്കു നന്ദകുമാർ നൽകിയ വിശദീകരണം.
എന്നാൽ തെളിവെടുപ്പിന് എത്തിക്കുന്ന സമയത്തെക്കുറിച്ച് ഡിവൈഎസ്പിക്ക് മുൻകൂട്ടി വിവരം നൽകിയിരുന്നെന്നാണു ഉത്തരവിൽ പറയുന്നത്. ഡിവൈഎസ്പിയുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. ഡിവൈഎസ്പിക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായി നിയമിക്കുന്നതിനു യോഗ്യരായ ഉദ്യോഗസ്ഥരുടെ ഒരു പാനൽ സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്.

