Site iconSite icon Janayugom Online

ഉത്സവങ്ങള്‍ തടസ്സപ്പെടുത്താന്‍ ശ്രമംനടക്കുന്നതായി തിരുവമ്പാടി,പാറമേക്കാവ് ദേവസ്വങ്ങള്‍; സുപ്രീംകോടതിയില്‍

കേരളത്തിലെക്ഷേത്രങ്ങളില്‍ നടക്കാനിരിക്കുന്ന ഉത്സവങ്ങള്‍ തടസ്സപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍,ശിവരാത്രിയുള്‍പ്പെടെ ഉടന്‍ നടക്കാനിരിക്കുന്ന ഉത്സവങ്ങള്‍ അലങ്കോലപ്പെടുത്താനാണ് ശ്രമം നടക്കുന്നതെന്ന് ദേവസ്വങ്ങള്‍ സുപ്രീംകോടതിയില്‍ ആരോപിച്ചു. ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിക്കുന്ന കേരള ഹൈക്കോടതി വിധിക്ക് ഏര്‍പ്പെടുത്തിയ സ്റ്റേയ്ക്ക് എതിരായ അപേക്ഷ അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യത്തിനിടെയാണ് ദേവസ്വങ്ങള്‍ ഈ ആരോപണം സുപ്രീംകോടതിയില്‍ ഉന്നയിച്ചത്.

ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഹൈക്കോടതി പുറപ്പടുവിച്ച മാര്‍ഗ്ഗരേഖ അപ്രായോഗികമാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ ഈ സ്റ്റേ ഉത്തരവ് നിലവില്‍ വന്നതിന് ശേഷം മലപ്പുറം ജില്ലയിലെ പുതിയങ്ങാടി പള്ളിയില്‍ നടന്ന നേര്‍ച്ചയ്ക്കിടെ ആനയിടഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസിലെ എതിര്‍കക്ഷിയായ വി കെവെങ്കിടാചലം സുപ്രീംകോടതിയെ സമീപിച്ചത്. 

ഹൈക്കോടതി വിധിക്ക് ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കണമെന്നും വെങ്കിടാചലത്തിന്റെ അഭിഭാഷക കോടതിയില്‍ ആവശ്യപ്പെട്ടു.ആനയിടഞ്ഞതിനെ തുടര്‍ന്ന് അപകടം ഉണ്ടായെന്നും അഭിഭാഷക കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വിഷയം കേരള ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ജസ്റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷയായ ബെഞ്ച് നിര്‍ദേശിച്ചു. അതേസമയം ഹൈക്കോടതി സ്വമേധയാ എടുത്ത കേസാണിതെന്നും, സുപ്രീംകോടതിയുടെ സ്റ്റേ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ മറ്റ് നടപടികളൊന്നും ഹൈക്കോടതിയില്‍ നടക്കുന്നില്ലെന്നും അഭിഭാഷക ചൂണ്ടിക്കാട്ടി.

തങ്ങള്‍ ഈ വിഷയത്തില്‍ ഉത്തരവ് ഇറക്കിയതാണെന്നും മറ്റ് വിഷയങ്ങള്‍ ഹൈക്കോടതിയാണ് പരിഗണിക്കേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇതിനിടയിലാണ് കേരളത്തിലെ ക്ഷേത്രങ്ങളില്‍ നടക്കാന്‍ പോകുന്ന ശിവരാത്രി ഉത്സവം ഉള്‍പ്പടെ അലങ്കോലപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ അഭിഭാഷകന്‍ എം ആര്‍ അഭിലാഷ് പറഞ്ഞത്. ഇതിന്റെ ഭാഗമായാണ് സ്റ്റേ ഉത്തരവ് നീക്കണമെന്ന ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ദേവസ്വങ്ങളുടെ ഹര്‍ജി അടുത്തമാസം നാലിന് പരിഗണിക്കാമെന്നാണ് സുപ്രീംകോടതി വെബ് സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും അന്ന് തങ്ങളുടെ ആവശ്യം കൂടി പരിഗണിക്കണമെന്നും വെങ്കിടാചലത്തിന്റെ അഭിഭാഷക ആവശ്യപ്പെട്ടു. എന്നാല്‍ ഇതില്‍ ഉത്തരവ് ഇറക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.

Exit mobile version