Site iconSite icon Janayugom Online

തിരുവനന്തപുരം വിമാനത്താവളവും കടല്‍ കൊണ്ടുപോകും; വേളി, ശംഖുംമുഖം, വിഴിഞ്ഞം തീരങ്ങളും ഇനി ഓര്‍മയായേക്കും

കടലാക്രമണംമൂലമുള്ള തീരശോഷണം ഇന്നത്തെ നിലയില്‍ തുടര്‍ന്നാല്‍ തിരുവനന്തപുരം വിമാനത്താവളം പത്തുവര്‍ഷത്തിനുള്ളില്‍ കടലെടുക്കുമെന്ന് കേരള സര്‍വകലാശാലയുടെ വിദഗ്ധപഠനസംഘം. കടലാക്രമണം ഏറ്റവും ശക്തം ശംഖുംമുഖം ഉള്‍പ്പെടെയുള്ള തലസ്ഥാന ജില്ലയിലായതിനാല്‍ വിമാനത്താവളത്തിന്റെ അന്ത്യം അതിനുമുമ്പായിക്കൂടെന്നുമില്ലെന്നാണ് പ്രവചനം. തിരുവനന്തപുരം ജില്ലയില്‍ 14 വര്‍ഷത്തിനുള്ളില്‍ കടലിലലിഞ്ഞത് 647 ഏക്കര്‍ തീരഭൂമിയാണെന്നും പഠനസംഘം കണ്ടെത്തി. തെക്ക് പൊഴിയൂര്‍ മുതല്‍ വടക്ക് അഞ്ചുതെങ്ങുവരെയുള്ള 58 കിലോമീറ്റര്‍ കടലോരത്തുനിന്നാണ് ഇത്രയും ഭൂമി നഷ്ടപ്പെട്ടത്. ചില പ്രദേശങ്ങളില്‍ 35 അടിവരെ ഉള്ളിലോട്ടു കയറിയാണ് തിരകളുടെ തീരഭൂമിക്കവര്‍ച്ച. 58 കിലോമീറ്റര്‍ ഭാഗത്ത് നൂറുകണക്കിനു വീടുകളാണ് കടലെടുത്തത്. 

ചില മത്സ്യത്തൊഴിലാളി ഗ്രാമങ്ങള്‍ ഭാഗികമായി ഇല്ലാതായി. ഈ മേഖലയില്‍ പ്രതിവര്‍ഷം ശരാശരി അഞ്ച് മീറ്റര്‍ തീരഭൂമി കടലില്‍ അലിയുമ്പോള്‍ വേളി, ശംഖുംമുഖം, കഠിനംകുളം, മുല്ലൂര്‍, വിഴിഞ്ഞം, പെരുമാതുറ, അഞ്ചുതെങ്ങ്, പൊഴിയൂര്‍, പരവൂര്‍, പൊഴിക്കര എന്നീ ഭാഗങ്ങളില്‍ പ്രതിവര്‍ഷം 10.59 മീറ്റര്‍ വരെയാണ് കടല്‍ കവരുന്നത്. കടലാക്രമണം ഏറ്റവും ശക്തമായ ശംഖുംമുഖം ഭാഗത്ത് 25 വര്‍ഷത്തിനുള്ളില്‍ കടല്‍ മുക്കാല്‍ കിലോമീറ്ററെങ്കിലും തീരം കവര്‍ന്നിട്ടുണ്ടെന്ന കണക്കുമുണ്ട്. അത്യാധുനിക സംവിധാനങ്ങളായ റിമോട്ട് സെന്‍സിങ് അടക്കം ഉപയോഗിച്ചും ഓരോ പ്രദേശവും പ്രത്യേകം അളന്നു തിരിച്ചുമായിരുന്നു പഠനം.

കടലിനരികെ കല്ലുകളടുക്കി കടലാക്രമണം തടയുന്നത് അക്ഷരാര്‍ത്ഥത്തില്‍ കടലില്‍ കല്ലിടുന്നതിനു തുല്യമായി മാറുന്നു. ഈ അശാസ്ത്രീയ പദ്ധതിയിലൂടെ പ്രതിവര്‍ഷം ഖജനാവിനു നഷ്ടമാകുന്നതു കോടികള്‍. കടലിനുള്ളില്‍ കൃത്രിമ പവിഴപ്പുറ്റുകള്‍ നിര്‍മ്മിച്ചും ബ്രേക്ക് വാട്ടറുകള്‍ പണിതും തീരത്തേക്ക് അടിക്കുന്ന തിരകളുടെ ആഘാതം കുറയ്ക്കാമെന്ന ശാസ്ത്രീയമാര്‍ഗങ്ങള്‍ അവലംബിക്കുന്നു. പുലിമുട്ടുകള്‍ വലിയൊരളവില്‍ തിരകളെ തടുക്കാന്‍ പര്യാപ്തമാവും. കേരള സര്‍വകലാശാലയിലെ ജിയോളജി വിഭാഗം മേധാവി ഇ ഷാജിയുടെ നേതൃത്വത്തില്‍ ജിബിന്‍ പ്രദീപ്, സുദീഷ് ചന്ദ്രന്‍, എച്ച് അജാസ്, ജി ധനില്‍ദേവ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ എസ് എസ് വിനോദ്, തിരുവനന്തപുരം ഭൂവിജ്ഞാനീയ പഠനകേന്ദ്രത്തിലെ ഡി എസ് സുരേഷ് ബാബു എന്നിവരാണ് പഠനസംഘത്തിലുണ്ടായിരുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തെ രക്ഷിക്കാന്‍ ശംഖുംമുഖം, കണ്ണാന്തുറ, വേളി, തോപ്പ്, പൂന്തുറ ഭാഗങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കൃത്രിമ കടല്‍പ്പുറ്റുകള്‍ നിര്‍മ്മിക്കണമെന്നാണ് സംഘത്തിന്റെ സുപ്രധാന ശുപാര്‍ശ. ഇതുമൂലം തിരകളുടെ ആക്രമണശേഷി ഗണ്യമായി കുറയ്ക്കാന്‍ കഴിയും. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതി പൂര്‍ത്തിയായില്ലെങ്കില്‍ വിമാനത്താവളവും ആറാട്ടുകടവും ശംഖുംമുഖം കൊട്ടാരവും ഉള്‍പ്പെടെയുള്ള പെെതൃകപ്രദേശം ഓര്‍മ്മച്ചിത്രമാവുമെന്നും ആശങ്കയുണ്ട്.

Eng­lish Summary:Thiruvananthapuram air­port will be lost to sea attack
You may also like this video

Exit mobile version