Site iconSite icon Janayugom Online

തിരുവനന്തപുരത്ത് കളക്ട്രേറ്റില്‍ ബോംബ് ഭീഷണി; പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച് തേനീച്ചക്കൂട്ടം

തിരുവനന്തപുരം കളക്ട്രേറ്റില്‍ ബോംബ് ഭീഷണിയെത്തുടർന്ന് പരിശോധനക്കെത്തിയ ബോംബ് സ്ക്വാഡ് ഉദ്യോ​ഗസ്ഥർക്ക് തേനീച്ചയുടെ കുത്തേറ്റു. പരിശോധന തുടരുന്നതിനിടെ കളക്ട്രേറ്റ് വളപ്പിലുണ്ടായിരുന്ന തേനീച്ചക്കൂട് ഇളകിയതോടെയാണ് തേനീച്ചയുടെ അക്രമണം. ബോംബ് സ്ക്വാഡിലുണ്ടായിരുന്ന ജീവനക്കാർക്കും കലക്ടറേറ്റ് ജീവനക്കാർക്കും പൊലീസുകാർക്കും തേനീച്ചയുടെ ആക്രമണത്തിൽ പരുക്കേറ്റു. കളക്ട്രേറ്റില്‍ പരിശോധന നടന്നിരുന്നതിനാൽ ജീവനക്കാരെല്ലാം പുറത്തായിരുന്നു. ഇതിനിടയിലേക്കാണ് തേനീച്ചക്കൂട് ഇളകി വീണത്. കുത്തേറ്റ് അവശനിലയിലായവരെ സമീപത്തെ ആശുപത്രിയിലെത്തിച്ച് പ്രവേശിപ്പിച്ചു.

പത്തനംതിട്ട കളക്ട്രേറ്റില്‍ ബോംബ് ഭീഷണിയുണ്ടായതിന് പിന്നാലെയാണ് തിരുവനന്തപുരത്തും ഭീഷണി ഉണ്ടായത്. കളക്ട്രേറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ഔദ്യോഗിക മെയിലില്‍ ലഭിച്ചതോടെ കലക്ടറും ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ള ജീവനക്കാരെയെല്ലാം പുറത്തിറക്കി ബോംബ് സ്ക്വാഡ് പരിശോധന നടത്തി.

Exit mobile version