Site iconSite icon Janayugom Online

രാജ്യത്തെ അഞ്ച് പ്രധാന ആശുപത്രികളുടെ പട്ടികയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ്

അത്യാഹിത വിഭാഗ ചികിത്സയുടെ പഠനത്തിനായി നിതി ആയോഗ്-ഐസിഎംആര്‍ തെരഞ്ഞെടുത്ത രാജ്യത്തെ അഞ്ചു മെഡിക്കല്‍ കോളജുകളുടെ പട്ടികയില്‍ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജും.

കേന്ദ്ര സര്‍ക്കാരിന്റെ സെന്റര്‍ ഓഫ് എക്‌സലന്‍സിലാണ് മെഡിക്കല്‍ കോളജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഉള്‍പ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ വര്‍ഷവും രണ്ടു കോടി രൂപ മെഡിക്കല്‍ കോളജിന് ലഭിക്കും. കേരളത്തില്‍ നിന്നൊരു മെഡിക്കല്‍ കോളജ് ഈ സ്ഥാനത്ത് എത്തുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രിയെ അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി ഈ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ഇതോടെ മെഡിക്കല്‍ കോളജും എസ്എടിയും സെന്റര്‍ ഓഫ് എക്‌സലന്‍സായി മാറുകയാണ്. മെഡിക്കല്‍ കോളജിന്റെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി ഉയര്‍ത്തുന്നതില്‍ സന്തോഷമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
മെഡിക്കല്‍ കോളജില്‍ നൂതന എമര്‍ജന്‍സി മെഡിസിന്‍ സംവിധാനങ്ങളൊരുക്കിയാണ് പുതിയ അത്യാഹിത വിഭാഗം പ്രവര്‍ത്തനമാരംഭിച്ചത്. ശാസ്ത്രീയമായ ട്രയാജ് സംവിധാനം ആദ്യമായി നടപ്പിലാക്കി. ചെസ്റ്റ് പെയിന്‍ ക്ലിനിക്, സ്‌ട്രോക്ക് ഹോട്ട്‌ലൈന്‍, അത്യാധുനിക പരിശോധനാ സംവിധാനങ്ങള്‍, രോഗീ സൗഹൃദ അന്തരീക്ഷം എന്നിവ ഉറപ്പാക്കി. 100 ഐസിയു കിടക്കകളുള്ള പ്രത്യേക ബ്ലോക്ക്, സ്‌പെക്ട് സ്‌കാന്‍ എന്നിവ സ്ഥാപിച്ചു. പെറ്റ് സ്‌കാന്‍ സ്ഥാപിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. 

മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി ആരംഭിച്ചു. ലിനാക്, ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി യൂണിറ്റ്, ബേണ്‍സ് ഐസിയു എന്നിവ സ്ഥാപിച്ചു. രാജ്യത്ത് മെഡിക്കല്‍ കോളജുകളില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ന്യൂറോ ഇന്റര്‍വെന്‍ഷന്‍ എന്നിവയും ആരംഭിച്ചു.

Exit mobile version