പെൺസുഹൃത്തിനെ കളിയാക്കിയെന്നാരോപിച്ച് പ്ലസ് ടു വിദ്യാർത്ഥിക്ക് സഹപാഠിയുടെ ക്രൂര മർദനം. തിരുവനന്തപുരം കല്ലമ്പലം കരവാരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. സൈക്കിൾ ചെയിൻ ഉപയോഗിച്ചുള്ള ആക്രമണത്തിൽ പുല്ലൂർമുക്ക് സ്വദേശിയായ വിദ്യാർത്ഥിയുടെ തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റു. ക്ലാസ് മുറിയിൽ വെച്ചാണ് വിദ്യാർത്ഥി ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
സൈക്കിൾ ചെയിൻ കൊണ്ടുള്ള അടിയേറ്റ് കുട്ടിയുടെ കൈക്ക് പൊട്ടലും തലയുടെ വിവിധ ഭാഗങ്ങളിൽ ചതവുകളുമുണ്ടായിട്ടുണ്ട്. ആക്രമണത്തിന് മുമ്പ് സഹപാഠി ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നതായി കുട്ടിയുടെ അമ്മ വെളിപ്പെടുത്തി. രക്ഷിതാക്കളുടെ പരാതിയിൽ കല്ലമ്പലം പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമിച്ച വിദ്യാർത്ഥിക്കെതിരെ ജുവനൈൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.

