Site iconSite icon Janayugom Online

കായികമേളയിൽ തിരുവനന്തപുരത്തിന്റെ കുതിപ്പ്‌

സംസ്ഥാന സ്കൂള്‍ കായിക മേളയുടെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ നീന്തല്‍ക്കുളത്തില്‍ പുലര്‍ത്തിയ ആധിപത്യം മുതലാക്കി തിരുവനന്തപുരം ജില്ല ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. നാഷ‌ണല്‍ ഗെയിംസ് മത്സരങ്ങള്‍ ആരംഭിക്കുന്നതിനാല്‍ കായിക മേളയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് തന്നെ ഗെയിംസ് മത്സരങ്ങളില്‍ പകുതിയും പൂര്‍ത്തിയാക്കിയിരുന്നു.

ആകെയുള്ള 529ല്‍ 268 ഗെയിംസ് മത്സരയിനങ്ങളും പൂര്‍ത്തിയായി. അതില്‍ നിന്ന് 79 സ്വര്‍ണം ഉള്‍പ്പെടെ 687 പോയിന്റുമായി തിരുവനന്തപുരം ബഹുദൂരം മുന്നിലാണ്. തൃശൂര്‍ ജില്ല രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 373 പോയിന്റ് നേടിയ തൃശൂരിന് 40 സ്വര്‍ണമാണ് ഗെയിംസ് ഇനങ്ങളില്‍ നിന്ന് നേടാനായത്. 27 വെള്ളിയും 40 വെങ്കലവും തൃശൂര്‍ കരസ്ഥമാക്കി. കണ്ണൂര്‍ ജില്ലാ മൂന്നാം സ്ഥാനത്തുണ്ട്. ഗെയിംസ് ഇനങ്ങളില്‍ നിന്ന് 41 സ്വര്‍ണം നേടിയ കണ്ണൂരിന് 27 വെള്ളിയും 40 വെങ്കലവുമാണ് നേട്ടം.
ഷൂട്ടിങ്ങ്, ചെസ് അടക്കമുള്ള ഗെയിംസ് ഇനങ്ങളിലാണ് തിരുവനന്തപുരം കരുത്ത് കാട്ടിയത്. 62 വെള്ളിയും 66 വെങ്കലവും അടക്കമാണ് തിരുവനന്തപുരത്തിന്റെ മെഡല്‍വേട്ട. കോതമംഗലത്ത് കഴിഞ്ഞ ദിവസം ആരംഭിച്ച നീന്തല്‍ ഇനങ്ങളിലും തലസ്ഥാനം കരുത്ത് കാട്ടി. ആകെ 24 ഇനങ്ങളിലാണ് മത്സരങ്ങള്‍ പൂര്‍ത്തിയായത്. അതില്‍ 17 സ്വര്‍ണവും നീന്തിയെടുത്താണ് തിരുവനന്തപുരം സ്കൂള്‍ കായികമേളയില്‍ മെഡല്‍വേട്ടയ്ക്ക് തുടക്കമിട്ടത്. നീന്തല്‍ മത്സരങ്ങളില്‍ തലസ്ഥാനത്തിന്റെ മിന്നും പ്രകടനത്തില്‍ രണ്ടാം സ്ഥാനത്ത് ഒതുങ്ങിയ എറണാകുളം ജില്ല ഏറെ പിന്നിലാണ്. 

ഇന്നലെ ചില മിന്നുംപ്രകടനങ്ങള്‍ക്കും മത്സരവേദി സാക്ഷ്യം വഹിച്ചു. അതില്‍ തന്നെ ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ കെ ദേവികയുടെ വിജയത്തിന് തിളക്കമേറെയാണ്. കഴിഞ്ഞ വര്‍ഷത്തെ റെക്കോഡ് നേട്ടത്തിന്റെ തുടര്‍ച്ചയായിട്ടാണ് കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് എച്ച് എസ്എസിലെ വിദ്യാര്‍ത്ഥിയായ ദേവിക ഒന്നാം സ്ഥാനത്ത് കുതിച്ചെത്തിയത്. കഴിഞ്ഞ വര്‍ഷം 50 മീറ്റര്‍ ബാക്ക് സ്ട്രോക്കിലായിരുന്നു ഈ കൗമാരതാരം റെക്കോഡിട്ടത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കായി മെഡല്‍നേടിയ രണ്ട് താരങ്ങളുടെ മിന്നുംപ്രകടനത്തിനും കായികമേള സാക്ഷ്യം വഹിച്ചു. 19 വയസില്‍ താഴെ ഉള്ള പെണ്‍കുട്ടികളുടെ ഫെന്‍സിങ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ കണ്ണൂരിന്റെ നിവേദിയ നായരും രണ്ടാം സ്ഥാനം നേടിയ റീബ ബെന്നിയും നേരത്തെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാജ്യത്തിന്റെ യശസ് ഉയര്‍ത്തിയ കായികതാരങ്ങളാണ്. 

നീന്തല്‍ക്കുളത്തില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ച എസ് അഭിനവും കായികമേളയുടെ രണ്ടാം ദിനം സ്വന്തംപേരിലെഴുതിയ താരമാണ്. കോതമംഗലം എംഎ കോളജ് നീന്തല്‍ക്കുളത്തില്‍ ചൊവ്വാഴ്ച നടന്ന സീനിയര്‍ ആണ്‍കുട്ടികളുടെ നൂറ് മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ രണ്ടു വര്‍ഷം മുമ്പത്തെ മീറ്റ് റെക്കോഡ് തിരുത്തിയാണ് അഭിനവ് സ്വര്‍ണം അണിഞ്ഞത്. 

മേളയുടെ രണ്ടാം ദിനമായ ഇന്നലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ കായിക മത്സരങ്ങളാണ് ആവേശം വിതറിയത്. ഇന്‍ക്ലൂസീവ് അത്‌ലറ്റിക്‌സ് ശാരീരികമായ അവശതകള്‍ അനുഭവിക്കുന്ന കുട്ടികള്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവര്‍ അല്ലെന്ന സന്ദേശം വിളിച്ചോതിയാണ് കായികമേളയുടെ ഭാഗമായത്. മേളയുടെ മൂന്നാം ദിനമായ ഇന്ന് ബോക്സിങ്, ഹാന്‍ഡ് ബോള്‍, ടെന്നീസ്, ജൂഡോ, സോഫ്റ്റ്‌ബോള്‍, വോളിബോള്‍, ഖോ ഖോ തുടങ്ങിയ ഗെയിംസ് ഇനങ്ങളിലും മത്സരം നടക്കും. നാളെ മഹാരാജാസ് കോളജ് മൈതാനത്ത് ട്രാക്ക് ഇന മത്സരങ്ങള്‍ കൂടി ആരംഭിക്കുന്നതോടെ സംസ്ഥാന സ്കൂള്‍ കായിക മേളയുടെ ആവേശം ആകാശം തൊടും. 

Exit mobile version