തിരുവോണം ബമ്പർ ടിക്കറ്റ് വില്പന 48 ലക്ഷത്തിലേക്ക്. 25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേർക്ക് നൽകുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം അഞ്ച് ലക്ഷവും രണ്ട് ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമാണ് ഭാഗ്യശാലികള്‍ക്കു ലഭിക്കുക. നിലവിൽ അച്ചടിച്ച 60 ലക്ഷംടിക്കറ്റുകളിൽ 47,16,938 എണ്ണം വിറ്റഴിഞ്ഞു.
ജില്ലാ അടിസ്ഥാനത്തിൽ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്പനയിൽ മുന്നിൽ. സബ് ഓഫിസുകളിലേതുൾപ്പെടെ 8,65,330 ടിക്കറ്റുകളാണ് ഇവിടെ വിറ്റഴിക്കപ്പെട്ടത്. 6,19,430 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരവും 5,72,280 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്. കേരളത്തിൽ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്പനയെന്നും പേപ്പർ ലോട്ടറിയായി മാത്രമാണ് വില്പനയെന്നുമുള്ള അവബോധ പരിപാടി വകുപ്പ് നടത്തുന്നുണ്ട്. ഹിന്ദിയ്ക്കൊപ്പം, തമിഴ് ഭാഷയിലും വ്യാജ ലോട്ടറിക്കെതിരേയുള്ള അവബോധ പരിപാടി നടത്തുന്നുണ്ട്.