സംസ്ഥാന കൃഷി വകുപ്പിന്റെ ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ ഈ വർഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കൃഷി മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയിൽ, സെക്രട്ടേറിയറ്റ് അങ്കണത്തിലെ പച്ചക്കറിത്തോട്ടത്തിൽ മന്ത്രിമാർ പച്ചക്കറിത്തൈകൾ നട്ടുകൊണ്ടാണ് ഉദ്ഘാടനം നടന്നത്. മന്ത്രിമാരായ ആന്റണി രാജു, എ കെ ശശീന്ദ്രൻ, ആർ ബിന്ദു, ജെ ചിഞ്ചുറാണി, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, സജി ചെറിയാൻ, വി എൻ വാസവൻ, എം വി ഗോവിന്ദൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, അഹമ്മദ് ദേവർകോവിൽ എന്നിവരും കൃഷി ഡയറക്ടർ ടി വി സുഭാഷ് ഐഎഎസ്, ഹോർട്ടികൾച്ചർ മിഷൻ ഡയറക്ടർ ആരതി എൽ ആർ ഐഇഎസ് എന്നിവരും പങ്കെടുത്തു.
70 ലക്ഷം കുടുംബങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള കൃഷിവകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായുള്ള ഒരു ജനകീയ ക്യാമ്പയിനാണ് ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി. ഞങ്ങളും കൃഷിയിലേക്ക് എന്ന മുഖ്യ പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പയിൻ ഈ വർഷം ആവിഷ്കരിച്ചിരിക്കുന്നത്. സംസ്ഥാന കൃഷിവകുപ്പ് 50 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും ഒന്നരക്കോടി പച്ചക്കറി തൈകളുമാണ് പദ്ധതിയുടെ ഭാഗമായി ഈ മാസം വിതരണം ചെയ്യുന്നത്. ഓണ സീസൺ മുന്നിൽകണ്ടുകൊണ്ട് എല്ലാ കുടുംബങ്ങളിലും സുരക്ഷിത ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിന് കൂടിയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പദ്ധതി പ്രകാരം കർഷകർക്കും, വിദ്യാർത്ഥികൾക്കും, വനിത ഗ്രൂപ്പുകൾക്കും, സന്നദ്ധസംഘടനകൾക്കും കൃഷിഭവൻ മുഖാന്തരം സൗജന്യമായി പച്ചക്കറി വിത്തുകളും തൈകളും ഉടനെ തന്നെ ലഭ്യമാക്കും.
കഴിഞ്ഞ ആറു വർഷമായി സംസ്ഥാനത്ത് പച്ചക്കറി കൃഷിയിലുണ്ടായ മുന്നേറ്റം തുടരുകയാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ വർഷം ഓണത്തിന് മാത്രം 2.32 ലക്ഷം മെട്രിക് ടണ്ണിന്റെ ഗാർഹിക പച്ചക്കറി ഉല്പാദനം ഈ പദ്ധതിയുടെ ഭാഗമായി കൈവരിക്കുവാൻ കഴിഞ്ഞിരുന്നു. ഇത് വർധിപ്പിക്കുകയും എല്ലാ സീസണിലും സ്വന്തമായി കൃഷി ഇറക്കുന്നതിന് കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുകയും വീട്ടുവളപ്പിലെ കൃഷി വ്യാപകമാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നത്. കൃഷിവകുപ്പിന് കീഴിലുള്ള ഫാമുകൾ, വിഎഫ്‌പിസികെ, കേരള കാർഷിക സർവകലാശാല, അഗ്രോ സർവീസ് സെന്ററുകൾ എന്നിവ മുഖാന്തരമാണ് വിത്തുകളും തൈകളും വിതരണത്തിനായി തയാറായിട്ടുള്ളത്.
ചീര, വെണ്ട, പയർ, പാവൽ, വഴുതന തുടങ്ങിയ അഞ്ച് ഇനം വിത്തുകൾ അടങ്ങിയ പത്ത് രൂപ വിലമതിക്കുന്ന വിത്ത് പാക്കറ്റുകളാണ് കർഷകർക്കായി കൃഷിഭവനുകള്‍ വഴി വിതരണം ചെയ്യുക.
english summary; This is the beginning of this year’s activities of the Onam Vegetable Project
You may also like this video;