Site iconSite icon Janayugom Online

ആത്മഹത്യാപരം; യുക്തിരഹിതം ഈ നയം

രണ്ടു പൊതുമേഖലാബാങ്കുകളെ സ്വകാര്യവൽക്കരിക്കുവാനുള്ള നിയമ ഭേദഗതിക്കുള്ള തത്രപ്പാടിലാണ് കേന്ദ്ര സർക്കാർ. ബാങ്കിങ് നിയമഭേദഗതി ബില്ലിന് കാബിനറ്റ് അനുമതി തേടി ലോക്‌സഭയിൽ അവതരിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ധനമന്ത്രാലയം. സ്വതന്ത്ര ഭാരതത്തിലെ വിപ്ലവാത്മക പരിഷ്ക്കാരമായിരുന്നു 1969ലെ ബാങ്ക് ദേശസാൽക്കരണം. കൃഷി, ചെറുകിട വ്യവസായം, കച്ചവടം, സ്വയംതൊഴിൽ തുടങ്ങിയ മേഖലകളിൽ ബാങ്കുകൾ പ്രവേശിച്ചത് ദേശവൽക്കരണത്തെ തുടർന്നാണ്. പഞ്ചവത്സര പദ്ധതികളിലും ഹരിത ധവളവിപ്ലവ ഗ്രാമവികസന പദ്ധതികളിലുമെല്ലാം ദേശസാൽകൃത ബാങ്കുകൾ സക്രിയ പങ്കാളികളായി. അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കും പൊതുമേഖലാ ബാങ്കുകൾ തുണയായി നിൽക്കുന്നു. മോഡി സർക്കാർ കാലഘട്ടത്തിലെ ജൻ ധൻ യോജന പ്രകാരമുള്ള ബാങ്ക് അക്കൗണ്ട് ആരംഭിക്കൽ, ഇൻഷുറൻസ് പദ്ധതി വ്യാപനം, മുദ്രാ ലോൺ വിന്യാസം എല്ലാം തന്നെ നിർവഹിക്കുന്നതും പൊതുമേഖലാ ബാങ്കുകൾ തന്നെ. കോവിഡ് കാലഘട്ടത്തിൽ സർക്കാർനയ തീരുമാനപ്രകാരം നിരവധി മേഖലകൾക്ക് വായ്പാ സഹായങ്ങൾ നൽകിയതും പൊതുമേഖലാ ബാങ്കുകൾ തന്നെയാണല്ലോ. സ്വാതന്ത്ര്യലബ്ധിക്കു ശേഷം മിശ്ര സമ്പദ്‌വ്യവസ്ഥ എന്ന ക്രമം അംഗീകരിച്ച് രാജ്യവികസനക്രമത്തിൽ പൊതുമേഖലയ്ക്കുള്ള പ്രാധാന്യം മനസിലാക്കിയാണ് ഭരണകർത്താക്കൾ മുന്നേറിയത്. വിവിധ മേഖലകളിൽ സർക്കാർ ഉടമസ്ഥതയിൽ വ്യവസായശാലകൾ ഉയർന്നു. ധനമേഖലയിൽ ഇമ്പീരിയൽ ബാങ്കിനെ സർക്കാർ ഏറ്റെടുത്ത് 1955 ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിച്ചു. 1956ൽ ഇൻഷുറൻസ് കമ്പനികളെ സർക്കാർ ഏറ്റെടുത്ത് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ സ്ഥാപിച്ചു. 1969ൽ 14 സ്വകാര്യ ബാങ്കുകളെ സർക്കാർ ദേശസാൽക്കരിച്ചു. 1972ൽ ജനറൽ ഇൻഷുറൻസ് മേഖലയും ദേശവൽക്കരിക്കപ്പെട്ടു. സമ്പത്തിന്റെ കേന്ദ്രീകരണം അസാധ്യമാക്കുന്നതിന് ഭരണകൂട ഇടപെടലുകൾ അനുശാസിക്കുന്ന ഭരണഘടനാ നിർദ്ദേശകതത്വങ്ങൾക്കനുസൃതമായി സമ്പദ്ഘടനയുടെയും ജനതയുടെയും ശാക്തീകരണത്തിന് ഉതകിയ നയങ്ങൾ തന്നെയായിരുന്നു ഇവയൊക്കെ. എന്നാൽ ഇന്നത്തെ ഭരണാധികാരികൾ ചരിത്രവും വസ്തുതകളും വിസ്മരിക്കുകയാണ്. സ്ഥിതിസമത്വ പ്രത്യയശാസ്ത്രത്തിനോടുള്ള അന്ധവും അ­നന്തവുമായ വിരോധവും സമ്പന്നവർഗ വിധേയത്വവുമാണ് കേന്ദ്ര സർക്കാരിന്റെ പൊതുമേഖലാ സ്വകാര്യവൽക്കരണ സിദ്ധാന്തങ്ങളിൽ പ്രതിഫലിക്കുന്നത്. ഭരണഘടനയുടെ ആമുഖത്തിലുള്ള സ്ഥിതിസമത്വ തത്വം പ്രക്ഷിപ്തമായി കരുതുന്നവർ ഇന്നത്തെ ഭരണാധികാരികളിലുണ്ട്. സർക്കാരിലൂടെയുള്ള പൊതു ഉടമസ്ഥതയും നിക്ഷേപങ്ങളുമാണ് സമ്പദ്ഘടനയെ മുന്നോട്ട് നയിച്ചത്.


ഇതുകൂടി വായിക്കാം;  സ്വകാര്യ കോര്‍പ്പറേറ്റുകള്‍ ബാങ്കിങ് മേഖലയിലേക്ക്


ജനങ്ങളുടെ സാമൂഹ്യസാമ്പത്തിക പുരോഗതിക്ക് അടിസ്ഥാനമായതും ഈ വിധമുള്ള ജനാധിപത്യ ഭരണകൂട ഉടമസ്ഥതയും നിയന്ത്രണങ്ങളും തന്നെ. ഈ സത്യം തമസ്ക്കരിക്കപ്പെടുകയാണ്. ജനതയുടെ വർധിക്കുന്ന ഋണബാധ്യതയെ സംബന്ധിച്ച് ലോക്‌സഭയിൽ ഇക്കഴിഞ്ഞ ദിവസം ഉന്നയിക്കപ്പെട്ട ചോദ്യത്തിന് നൽകിയ മറുപടി ശ്രദ്ധേയമാണ്. നഗരവാസികളുടെ പ്രതിശീർഷ ബാധ്യതയിൽ വർധനവില്ലെങ്കിലും ഗ്രാമീണ ജനതയുടെ കടബാധ്യത ഉയരുകയാണ്. ഇത് മറികടക്കുന്നതിന് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചാണ് മന്ത്രി വിശദീകരിച്ചത്. നാഷണൽ മിഷൻ ഫോർ ഫിനാൻഷ്യൽ ഇൻക്ലൂഷൻ പ്രകാരം 2014 ഓഗസ്റ്റ് മുതൽ നടപ്പാക്കിയ പ്രധാനമന്ത്രി ജൻ ധൻ യോജന വഴി 43 കോടി ബാങ്ക് അക്കൗണ്ട് തുടങ്ങുകയും തദ്വാര സമ്പാദ്യ മിച്ച ശീലം വർധിപ്പിക്കുവാനും കഴിഞ്ഞു. സർക്കാർ പദ്ധതികൾ പ്രകാരമുള്ള ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറും അക്കൗണ്ടുകൾ വഴി നടപ്പാക്കി. 2015 ഏപ്രിൽ മുതൽ ആരംഭിച്ച പ്രധാനമന്ത്രി മുദ്രാ യോജന പ്രകാരം 31.80 കോടി ഉപഭോക്താക്കൾക്കായി 16.78 ലക്ഷം കോടി രൂപ മുദ്രാ വായ്പകളായി നൽകി. കിസാൻക്രെഡിറ്റ് കാർഡ് പദ്ധതി വ്യാപകമായി നടപ്പാക്കി കർഷകർക്ക് ചുരുങ്ങിയ പലിശയ്ക്ക് വായ്പകൾ നൽകി. ഇന്ററസ്റ്റ് സബ് വെൻഷൻ, പ്രോംപ്റ്റ് റീപേമെന്റ് ഇൻസന്റീവ് നടപ്പാക്കി. പ്രധാനമന്ത്രി ജീവൻ ജ്യോതി/സുരക്ഷാ ഭീമാ യോജന പ്രകാരം കോടിക്കണക്കിനു ജനങ്ങൾക്ക് കുറഞ്ഞ പ്രീമിയം തുകയ്ക്ക് ഇൻഷുറൻസ് പരിരക്ഷ നൽകി. അടൽപെൻഷൻ യോജന എന്ന പേരിൽ സാമൂഹ്യ സുരക്ഷ പദ്ധതി നടപ്പാക്കുന്നു. ഇങ്ങനെ പോയി മറുപടി. ഈ പദ്ധതികളൊക്കെ നടപ്പാക്കുന്നതിൽ ബൃഹത്തായ പങ്കുവഹിക്കുന്നത് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളാണ് എന്നത് എടുത്തു പറയണം. ഈ ബാങ്കുകളുടെ ധനവിന്യാസശേഷിയും ശാഖാ ശൃംഖലകളും തൊഴിൽശക്തിയുമാണ് ഇത് സാധ്യമാക്കിയത്. ഇതിന് മൂലകാരണം സർക്കാർ ഉടമസ്ഥതയും ഭരണനിർവഹണ നിയന്ത്രണങ്ങളും നയരൂപീകരണ സ്വാതന്ത്ര്യവുമാണ്. തലതിരിഞ്ഞതും ജനഹിത വിരുദ്ധവുമായ ബാങ്ക് സ്വകാര്യവൽക്കരണ നയത്തിനെതിരെ ശക്തമായ എതിർപ്പ് ബാങ്ക് ഗുണഭോക്താക്കളിൽ നിന്നുമുയരണം. ബാങ്ക് യൂണിയനുകൾ പ്രചരണ പ്രക്ഷോഭങ്ങളുമായി രംഗത്തുണ്ട്. ഡിസംബർ 16, 17 ലെ അഖിലേന്ത്യ ബാങ്ക് പണിമുടക്ക് സ്വകാര്യവൽക്കരണത്തിന്റെ വിപത്തുകൾ പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ വീണ്ടുമെത്തിക്കുന്നതിനാണ്. ഈ പശ്ചാത്തലത്തിലാണ് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസ്സോസിയേഷൻ (എഐബിഇഎ)യുടെ സംസ്ഥാന ഘടകമായ ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ മുപ്പതാം സംസ്ഥാന സമ്മേളനം തൃശൂർ എൻ കൃഷ്ണൻ നഗറിൽ ഡിസംബർ 11, 12 തീയതികളിൽ ചേരുന്നത്.

Exit mobile version