രാജ്യത്തിന്റെ പത്മശ്രീ പുരസ്കാര നേട്ടത്തിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രശസ്ത നർത്തകി കലാമണ്ഡലം വിമല മേനോൻ. ഇത് 65 വർഷത്തെ തന്റെ കഠിന പ്രയത്നത്തിന് ലഭിച്ച ഫലമാണെന്നും വൈകിയാണെങ്കിലും ലഭിച്ച ഈ അംഗീകാരത്തിൽ ഒരു കലാകാരി എന്ന നിലയിൽ അങ്ങേയറ്റം അഭിമാനിക്കുന്നുവെന്നും അവർ പ്രതികരിച്ചു. മോഹിനിയാട്ടത്തിന് പുതിയ ഭാവവും ശൈലിയും നൽകിയ വിമല മേനോൻ, തലമുറകൾക്ക് നൃത്തം പകർന്നുനൽകിയ ഗുരു കൂടിയാണ്.
മോഹിനിയാട്ടത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന കലാകാരിയാണ് വിമല മേനോൻ. നൃത്തത്തെ ഗ്രൂപ്പുകളായി അവതരിപ്പിച്ചതിനൊപ്പം കഥകളിയുടെ അടവുകളും മുദ്രകളും പരിഷ്കരിച്ച് മോഹിനിയാട്ടത്തിൽ ഉൾപ്പെടുത്തിയതും ശ്രദ്ധേയമാണ്. മൃദംഗം, തിമില, മദ്ദളം, തകിൽ, ഇടക്ക തുടങ്ങിയ താളവാദ്യങ്ങളുടെ അകമ്പടിയോടെ മോഹിനിയാട്ടത്തിന് പുത്തൻ മുഖം നൽകാൻ അവർക്ക് സാധിച്ചു. 1200 നർത്തകികളെ അണിനിരത്തി മോഹിനിയാട്ടം അവതരിപ്പിച്ചതിന് ഗിന്നസ് ബുക്കിലും അവർ ഇടംപിടിച്ചിട്ടുണ്ട്.
എസ് കെ കൃഷ്ണൻ നായരുടെയും വിശാലാക്ഷി അമ്മയുടെയും മകളായ വിമല മേനോന് ഇതിനോടകം സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം, കേരളശ്രീ പുരസ്കാരം, കേന്ദ്ര‑കേരള സംഗീത നാടക അക്കാദമി അവാർഡുകൾ തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. പരേതനായ കെ പി വിശ്വനാഥമേനോനാണ് ഭർത്താവ്. വിനോദ് കുമാർ, പ്രശസ്ത നർത്തകിയും നടിയുമായ വിന്ദുജ മേനോൻ എന്നിവർ മക്കളാണ്.

