Site iconSite icon Janayugom Online

പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ പവാര്‍ പോരാട്ടം മുറുകി

yugendrayugendra

പതിവില്‍ നിന്ന് വ്യത്യസ്തമായി മഹാരാഷ്ട്രയില്‍ ഇത്തവണ പവാര്‍ പോരാട്ടം മുറുകി. അജിത് പവാറിനെ എതിര്‍ക്കാന്‍ ഇത്തവണ സിറ്റിങ് സീറ്റായ ബാരാമതിയില്‍ ശരദ് പവാറിന്റെ കൊച്ചുമകന്‍ യുഗേന്ദ്ര പവാര്‍ മത്സരത്തിനിറങ്ങും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) യുടെ ഇരുവിഭാഗവും തമ്മിലാണ് മത്സരം. കരിമ്പ് കര്‍ഷകരുടെയും മില്ലുടമകളുടെയും ഈറ്റില്ലമായ പശ്ചിമ മേഖലയില്‍ കാല്‍നൂറ്റാണ്ടായി എന്‍സിപിക്ക് വലിയ സ്വാധീനമുണ്ട്. 1999ലാണ് പി എ സാങ്മ, താരിഖ് അൻവർ എന്നിവരുമായി ചേർന്ന് ശരദ് പവാർ എന്‍സിപി രൂപീകരിച്ചത്. കഴിഞ്ഞ ജൂണില്‍ പിളര്‍ന്നതോടെ പാര്‍ട്ടി അധ്യക്ഷനും അമ്മാവനുമായ ശരദ്പവാറിനെ ഉപേക്ഷിച്ച അനന്തരവന്‍ അജിത് പവാര്‍ പുതിയ വിഭാഗം ഉണ്ടാക്കുകയും ബിജെപി നേതൃത്വം നല്‍കുന്ന മഹായുതിക്കൊപ്പം ചേരുകയും ചെയ്തു. സ്പീക്കറും തെരഞ്ഞെടുപ്പ് കമ്മിഷനും അംഗീകരിച്ചതോടെ പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നം അജിത് കരസ്ഥമാക്കുകയും ചെയ‍്തു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശരദ് പവാറിനായിരുന്നു മികച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത്. 

പൂനെ, സത്താര, സംഘലി, കോലാപൂര്‍, സോലാപൂര്‍ ജില്ലകള്‍ അടങ്ങിയതാണ് പടിഞ്ഞാറന്‍ മഹാരാഷ്ട്ര. പൂനെ സംസ്ഥാനത്തിന്റെ സാംസ്കാരിക തലസ്ഥാനമാണ്. ബരാമതിയില്‍ ഏഴ് തവണ എംഎല്‍എയായ അജിത് പവാര്‍ അഞ്ചാം തവണയാണ് ഉപമുഖ്യമന്ത്രിയായത്. കഴിഞ്ഞ ആറ് മാസമായി എന്‍സിപി ശരദ് പവാര്‍ വിഭാഗം വര്‍ക്കിങ് പ്രസിഡന്റ് സുപ്രിയ സുലെയ്ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം യുഗേന്ദ്രയുണ്ട്. കഴിഞ്ഞ ലോക‍്സഭാ തെരഞ്ഞെടുപ്പില്‍ സുപ്രിയയ്ക്കെതിരെ ഭാര്യ സുനേത്രയെയാണ് അജിത് പവാര്‍ മത്സരിപ്പിച്ചത്. പക്ഷെ, പരാജയപ്പെട്ടു. പിന്നീട് അവര്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 

2019ലെ പൊതുതെരഞ്ഞെടുപ്പില്‍ എന്‍സിപിയായിരുന്നു പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ കരുത്തുറ്റ പാര്‍ട്ടി. അന്ന് 20 സീറ്റുകളാണ് വിജയിച്ചത്. ബിജെപി 17ഉം കോണ്‍ഗ്രസ് 11ഉം ശിവസേന അഞ്ചും സീറ്റുകള്‍ നേടി. 2024ല്‍ എന്‍സിപി ശരദ് പവാര്‍ ഗ്രൂപ്പ് മൂന്നും കോണ്‍ഗ്രസ് രണ്ടും ബിജെപിയും ശിവസേന ഷിന്‍ഡെ വിഭാഗവും രണ്ട് സീറ്റുകള്‍ വീതവും വിജയിച്ചു. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച വിശാല്‍ പാട്ടില്‍ വിജയിക്കുകയും പിന്നീട് കോണ്‍ഗ്രസിന് പിന്തുണ നല്‍കുകയും ചെയ‍്തു.
2024 ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ മേഖലയിലെ 10 സീറ്റിൽ മൂന്നെണ്ണം എൻസിപി ശരദ്‌പവാർ വിഭാഗവും രണ്ടു സീറ്റ് വീതം കോൺഗ്രസും ബിജെപിയും ശിവസേന ഏക്‌നാഥ് ഷിൻഡെ വിഭാഗവും നേടി. ഒരു സീറ്റ് സ്വതന്ത്രനും. എൻസിപി അജിത് പവാർ വിഭാഗത്തിനാവട്ടെ ഒരു സീറ്റുപോലും നേടാനായില്ല. 

Exit mobile version