Site iconSite icon Janayugom Online

ഇത്തവണ ലക്ഷ്യം തെറ്റില്ല; ട്രംപിനെ വധിക്കുമെന്ന് പരസ്യ ഭീഷണിയുമായി ഇറാൻ ഔദ്യോഗിക ടെലിവിഷൻ ചാനൽ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കുമെന്ന് പരസ്യ ഭീഷണിയുമായി ഇറാൻ ഔദ്യോഗിക ടെലിവിഷൻ ചാനൽ. 2024 ജൂലൈയിൽ ബട്ട്‌ലറിൽ വെച്ച് ട്രംപിന് നേരെയുണ്ടായ വധശ്രമത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ്, “ഇത്തവണ ലക്ഷ്യം തെറ്റില്ല” എന്ന മുന്നറിയിപ്പ് ചാനൽ നൽകിയത്. ഇറാനെതിരെ അമേരിക്ക സൈനിക നീക്കത്തിന് ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഈ പ്രകോപനം.

അടുത്ത 24 മണിക്കൂറിനുള്ളിൽ ഇറാനുനേരെ യുഎസ് ആക്രമണം ഉണ്ടായേക്കുമെന്ന് രണ്ട് യൂറോപ്യൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ ചിത്രം ഉൾപ്പെടുത്തിയുള്ള ഭീഷണി സന്ദേശം ഇറാൻ സ്റ്റേറ്റ് ടിവി സംപ്രേഷണം ചെയ്തത്. യുഎസ് ആക്രമിച്ചാൽ അമേരിക്കൻ സൈനിക താവളങ്ങൾ തകർക്കുമെന്ന് ഇറാൻ ഉദ്യോഗസ്ഥരും തിരിച്ചടിച്ചു.

അതേസമയം, ഇറാനിലെ പ്രതിഷേധക്കാർക്ക് നേരെയുള്ള കൂട്ടക്കൊലകൾ അവസാനിക്കുന്നതായും വധശിക്ഷകൾ നടപ്പിലാക്കാൻ പദ്ധതിയില്ലെന്നും തനിക്ക് വിശ്വസനീയമായ വിവരം ലഭിച്ചതായി ട്രംപ് ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ ഇറാനിലെ പ്രക്ഷോഭങ്ങളിൽ 3,428 പേർ കൊല്ലപ്പെട്ടതായും 18,000ത്തോളം പേർ അറസ്റ്റിലായതായും മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു.

Exit mobile version