Site iconSite icon Janayugom Online

എല്‍ഗാര്‍ പരിഷത് കേസില്‍ അറസ്റ്റിലായവര്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്നു

എല്‍ഗാര്‍ പരിഷത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവര്‍ക്ക് ഘട്ടം ഘട്ടമായി ചികിത്സ നിഷേധിക്കപ്പെടുകയാണെന്ന് കുടുംബാംഗങ്ങള്‍. ജയിലില്‍ കഴിയുന്ന വെര്‍നോന്‍ ഗോണ്‍സാല്‍വെസ് ഡങ്കിപ്പനി ബാധിതനായി ഓക്സിജന്‍ സഹായത്തോടെ ചികിത്സയില്‍ കഴിയുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കുടുംബാംഗങ്ങള്‍ രംഗത്തെത്തിയത്. നവിമുംബൈയിലെ തലോജ ജയിലിലാണ് 65കാരനായ ഗോണ്‍സാല്‍വെസ് കഴിഞ്ഞിരുന്നത്. നിലവില്‍ മുംബൈയിലെ ജെജെ ആശുപത്രിയിലാണ്. 

2017 ഡിസംബര്‍ 31ന് പൂനെയിലാണ് എല്‍ഗാര്‍ പരിഷത് പരിപാടി സംഘടിപ്പിച്ചത്. തൊട്ടടുത്ത ദിവസം മഹാരാഷ്ട്രയിലെ ഭീമാ കൊറേഗാവ് ഗ്രാമത്തില്‍ ദളിത് മറാത്ത വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ആക്രമണത്തിന് പ്രേരിപ്പിച്ചുവെന്ന് കാണിച്ചാണ് എല്‍ഗാര്‍ പരിഷത് യോഗത്തില്‍ പങ്കെടുത്ത 16 പേരെ അറസ്റ്റ് ചെയ്തത്. 2020 ജനുവരിയില്‍ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറുകയായിരുന്നു. 

അറസ്റ്റിലായ 16 പേരില്‍ ഒരാളായ 84 കാരനായ സ്റ്റാന്‍ സ്വാമി തടവില്‍ കഴിയവെ മതിയായ ചികിത്സയും പരിചരണവും ലഭിക്കാതെ മുംബൈയിലെ ആശുപത്രിയില്‍ വച്ച് മരിച്ചിരുന്നു. സുധ ഭരദ്വാജിനും വരവരറാവുവിനും ജാമ്യം ലഭിച്ചു. ജയിലില്‍ കഴിയുന്ന മറ്റുള്ളവരുടെ അവസ്ഥയും സമാനമാണെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. ജയില്‍ അതികൃതരുടെ അനാസ്ഥയാണ് ഗോണ്‍സാല്‍വസിന്റെ ആരോഗ്യസ്ഥിതി മോശമാക്കിയതെന്നും അവര്‍ പറയുന്നു. 

Eng­lish Summary:Those arrest­ed in the Elgar Parishad case are denied treatment
You may also like this video

Exit mobile version