Site icon Janayugom Online

ആ വെടിയുണ്ടകൾ മരിച്ചിട്ടില്ല

gandhiji

ഗാന്ധിവധത്തെ തുടർന്നുള്ള വിചാരണയിൽ ഉടനീളം ഗോഡ്സേ അക്ഷോഭ്യനായിരുന്നു. ചരിത്രം കണ്ട ഏറ്റവും ഹീനമായ കൊലപാതകക്കേസിലെ ആ പ്രതിയുടെ മുഖത്ത് പശ്ചാത്താപത്തിന്റെ കണിക പോലും ഉണ്ടായിരുന്നില്ല. തനിക്ക് ഗാന്ധിജിയോട് വ്യക്തിപരമായ യാതൊരു വിദ്വേഷവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം മഹാനായിരുന്നുവെന്ന് തനിക്ക് അറിയാമെന്നും ആ കുറ്റവാളി പറഞ്ഞു. പക്ഷേ ഗാന്ധിജി ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും ഇന്ത്യയിലെ ഹിന്ദുക്കളുടെ ആത്മാഭിമാനത്തിന് മുറിവേല്ക്കുമെന്ന തങ്ങളുടെ വിശ്വാസമാണ് തീവ്ര ഹിന്ദുത്വത്തിന്റെ ആ വക്താവ് കോടതിയെ അറിയിച്ചത്. അതുകൊണ്ടാണത്രേ 1948ലെ ആ ജനുവരി 30ന് സായാഹ്ന പ്രാർത്ഥനയ്ക്കു വേണ്ടി ഡൽഹിയിൽ ബിർളാ മന്ദിരത്തിലേക്ക് വന്ന ഗാന്ധിജിയുടെ മാറിലേക്ക് ഗോഡ്സേ വെടിയുണ്ടകൾ പായിച്ചത്. ഗോഡ്സേയുടെ കോടതി പ്രസ്താവനയുടെ പൂർണരൂപം അദ്ദേഹത്തിന്റെ വിശ്വസ്ത അനുയായികൾ പുസ്തക രൂപത്തിൽ പിന്നീട് പുറത്തിറക്കി. ‘Why I assas­si­nat­ed Gand­hi’ (ഞാൻ എന്തുകൊണ്ട് ഗാന്ധിയെ വധിച്ചു) എന്നു പേരിട്ട ആ പുസ്തകത്തിന്റെ ഓരോ താളിലും ത്രീവ ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്രവും മനഃശാസ്ത്രവും നിങ്ങൾക്കു വായിക്കുവാൻ കഴിയും. ഹിന്ദു മഹാസഭയിലെ തീവ്രവാദി വിഭാഗം സവർക്കറിൽ നിന്നാണ് പ്രചോദനമുൾക്കൊണ്ടതെന്ന്, സർദാർ വല്ലഭ്ഭായി പട്ടേൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഗാന്ധിവധത്തെ തുടർന്ന് ആർഎസ്എസിനെ നിരോധിക്കാൻ മുൻകൈ എടുത്ത ഇതേ പട്ടേലിനെ തന്നെയാണ് ഇപ്പോൾ തങ്ങൾ ‘പിടിച്ചെടുത്ത ’ നേതാക്കന്മാരുടെ പരമ്പരയിലെ പ്രമുഖ സ്ഥാനത്ത് സംഘ്പരിവാർ അവരോധിച്ചിരിക്കുന്നത്! ഭൂതകാലത്തിലെയും വർത്തമാനത്തിലെയും ഇത്തരം വസ്തുതകളെ ഓർത്തുകൊണ്ടുവേണം നാം മഹാത്മാഗാന്ധിയെ ഇന്നും എന്നും ഓർക്കേണ്ടത്.


ഇതുകൂടി വായിക്കൂ:  ഗാന്ധിജി സൃഷ്ടിച്ച നാടകവും സിനിമയും


“എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന് എല്ലാ ധാർമ്മിക ശക്തിയോടും കൂടി പറയാൻ കഴിഞ്ഞ മഹാനായ നേതാവാണ് ഗാന്ധിജി. അധികാരത്തിന്റെ പളപളപ്പുകൾ ഒന്നും അദ്ദേഹത്തെ കീഴ്പ്പെടുത്തിയില്ല. ബ്രിട്ടീഷ് കാളൊണിയൽ മേധാവികളിൽ നിന്നും അധികാരം ഇന്ത്യാക്കാരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട 1947 ഓഗസ്റ്റിലെ ആ പവിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ മഹാത്മാഗാന്ധി ഡൽഹിയിൽ ഉണ്ടായിരുന്നില്ല. മതവിശ്വാസം വർഗീയ ഭ്രാന്തിനു വഴിമാറിയപ്പോൾ ഹിന്ദു — മുസ്ലിം സംഘട്ടനങ്ങളുടെ യുദ്ധക്കളമായി മാറിയ നവഖാലിയിലായിരുന്നു അദ്ദേഹം. ആയുധങ്ങൾ താഴെ വയ്ക്കാനും സ്വതന്ത്രയാകുന്ന മാതൃഭൂമിയുടെ പുരോഗതിക്കുവേണ്ടി കൈകൾ കോർത്തു പിടിക്കാനും അദ്ദേഹം ഓരോ ഇന്ത്യാക്കാരന്റെയും ഹൃദയത്തിന്റെ വാതിലിൽ മുട്ടി വിളിച്ചു പറഞ്ഞു. സ്വതന്ത്ര ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ഗാന്ധിജി കണ്ട സ്വപ്നങ്ങളുടെ എല്ലാം കാതൽ അതായിരുന്നു — ഹിന്ദു- മുസ്ലിം മൈത്രി. സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ വിജയ മന്ത്രമായി ഗാന്ധിജി അതിനെ കണ്ടു. അതിൽ നിന്നു കൂടി പ്രചോദനം ഉൾക്കൊണ്ടാണ് സ്വതന്ത്ര ഇന്ത്യ അവളുടെ മതനിരപേക്ഷ സങ്കല്പങ്ങൾക്ക് അടിത്തറ പാകിയത്. മതേതരത്വവും ജനാധിപത്യവും പരമാധികാരവും സോഷ്യലിസ്റ്റ് ലക്ഷ്യങ്ങളും അടിത്തറയായി വർത്തിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ കരുത്ത് മതവിശ്വാസങ്ങൾക്ക് അതീതമായി ജനങ്ങൾ പൊതുനന്മയ്ക്കുവേണ്ടി ഊട്ടിയുറപ്പിക്കുന്ന ഐക്യമാണ്. അതിന്റെ വിട്ടുവീഴ്ച ഇല്ലാത്ത കാവലാളുകൾ ആവാനാണ് ഗാന്ധിസ്മരണ എല്ലാ ഇന്ത്യാക്കാരെയും ഇന്ന് വിളിച്ചുണർത്തി പറയുന്നത്. അതിൽ നാം ഇടറിപ്പോയാൽ ഇന്ത്യയുടെ ഭാവി ഇരുളടഞ്ഞതായി തീരുമെന്ന് സമീപകാല സംഭവങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നു. ഇതൊരു സമരമാണ്. ആ സമരത്തിന്റെ ലക്ഷ്യങ്ങൾ നിർവചിക്കാനും കടമകൾ ഏറ്റെടുക്കാനും ഒരു നിമിഷം പോലും നാം വൈകരുത്. അത്രയേറെ ഗുരുതരമായ വെല്ലുവിളികള്‍ക്കു മുമ്പിൽ നിന്നുകൊണ്ടാണ് ഇന്ത്യ ഇക്കുറി മഹാത്മാഗാന്ധിയെ ഓർക്കുന്നത്.


ഇതുകൂടി വായിക്കൂ:  ഹിന്ദുത്വത്തിനെതിരെ ഗാന്ധിജിയുടെ വിജയം


ഗാന്ധിജിയെ വധിച്ചത് ഒരു വ്യക്തി അല്ല, ഒരു ആശയമായിരുന്നു. ആ ആശയത്തിന് ഗാന്ധിജി ഉയർത്തി പിടിച്ച സ്വാതന്ത്ര്യ സങ്കല്പമടക്കം ഒന്നിനോടും യോജിപ്പുണ്ടായിരുന്നില്ല. ആ ആശയം ശബ്ദം താഴ്ത്തി പറഞ്ഞു പോന്ന ഹിന്ദു രാഷ്ട്രം അടക്കമുള്ള അറുപിന്തിരിപ്പൻ കാഴ്ചപ്പാടുകളെല്ലാം ഇന്ന് രാജ്യം ഭരിക്കുന്നവരുടെ പ്രചോദനമന്ത്രങ്ങളാണ്. ആ ആശയത്തിന്റെ പടനായകന്മാർ ആസൂത്രിതമായി നടപ്പിലാക്കിയ പദ്ധതി പ്രകാരമാണ് 1992 ഡിസംബർ ആറിന് അയോധ്യയിൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടത്. അന്ന് അയോധ്യ കേട്ട അതേ മുദ്രാവാക്യമാണ് ഗോഡ്സേമാരെഎന്നും എവിടെയും ആവേശം കൊള്ളിക്കുന്നത്. “ഹം ഐസേ ബെനായേംഗേ ഹിന്ദു രാഷ്ട്ര ” (ഞങ്ങൾ ഇങ്ങനെയാണ് ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നത്) എന്നതാണ് ആ മുദ്രാവാക്യം. ആ മുദ്രാവാക്യം വിവക്ഷിക്കുന്ന ഹിന്ദു, ഗാന്ധിജി കണ്ട ഹിന്ദുവല്ല. ധർമ്മ ചിന്തകളുചടെയും സഹജീവി സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും സന്മനോഭാവത്തിന്റെയും വിശ്വാസരൂപമായി കോടാനുകോടി ഹിന്ദുക്കൾ കാണുന്ന ഹിന്ദുവല്ല ആ മുദ്രാവാക്യത്തിലെ ഹിന്ദു. സഹോദര മതത്തിൽപ്പെട്ട ജനകോടികൾ സ്വന്തം ആരാധനാവകാശങ്ങളുടെ പ്രതീകമായി കണ്ടുപോന്ന, നാനൂറിലേറെ കൊല്ലം പഴക്കമുള്ള ഒരു പള്ളി പൊളിച്ചു മാറ്റാൻ യഥാർത്ഥ മത വിശ്വാസമുള്ള ഒരു ഹിന്ദുവും തയ്യാറാവുകയില്ല. മത വിശ്വാസത്തെ മത തീവ്രവാദമായി മലിനപ്പെടുത്തുമ്പോൾ മാത്രമേ അത്തരം മുദ്രാവാക്യങ്ങൾ ജന്മം കൊള്ളൂ. ഗോഡ്സേ മുതൽ പള്ളി പൊളിച്ചവർ വരെയുള്ള തീവ്ര ഹിന്ദുത്വത്തിന്റെ ”ആശയ കൂടപ്പിറപ്പുകളാണ് ” ഇന്നധികാര ചക്രം തിരിക്കുന്നത്. അതുകൊണ്ടാണ് ബാബറി മസ്ജിദിന്റെ ശ്മശാന ഭൂമിയിൽ പണിതുയർത്തിയ ക്ഷേത്രം ഉദ്ഘാടനം ചെയ്യുമ്പോൾ യജമാനനാകാൻ മതേതര ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് മടിയുണ്ടാകാത്തത്.


ഇതുകൂടി വായിക്കൂ:  ഗാന്ധിജിയും നെഹ്രുവും കമ്മ്യൂണിസ്റ്റുകാരും തിരസ്കരിക്കപ്പെടുന്ന ചരിത്രവെെകൃതം


രാമക്ഷേത്രത്തിന്റെ ഉദ്ഘാടന നാളിൽ അയോധ്യയിൽ സംഭവിച്ചതെല്ലാം അധികാരക്കൊതിയുടെ ചവിട്ടു പടിയായി മതം മാറ്റപ്പെടുന്നതിന്റെ വിളംബരം ആയിരുന്നു. വൻകിട മുതലാളിത്തവുമായി കൈകോർത്ത് നീങ്ങുന്ന ഹിന്ദുത്വ തീവ്രവാദം വാത്മീകിയുടെ ശ്രീരാമനെ സ്വന്തം താല്പര്യങ്ങൾക്കായി ദുർവ്യാഖ്യാനിച്ചതിന്റെ തെളിവുകളാണ് അവിടെ സംഭവിച്ചതെല്ലാം. മതേതര രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി ഒരു പ്രത്യേക മതത്തിന്റെ പൂജാരിയായി മാറിയത് മതനിരപേക്ഷയോട് ഭരണകർത്താക്കൾ കാണിക്കുന്ന പുച്ഛത്തിന്റെ വിളംബരമായിരുന്നു. ആ പരിസരത്തെവിടെയും രാഷ്ട്രപതിയെ കണ്ടില്ല എന്നത് യാദൃച്ഛികമല്ല. ഹിന്ദുത്വവാദവും ചാതുർവർണ്യവും തമ്മിലുള്ള സാഹോദര്യമാണ് അത് സൂചിപ്പിക്കുന്നത്. ആദിവാസിയായ, സ്ത്രീയായ, വിധവയായ ഒരാൾ അവിടെ വന്നു കൂട എന്നാണ് അവർ തീരുമാനിച്ചത്. അതേ, ഹിന്ദുത്വ എന്ന ഓമനപ്പേരിൽ സംഘ്പരിവാർ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന ചിന്താ പദ്ധതിയുടെ മതിൽക്കെട്ടിനു പുറത്താണ് മഹാഭൂരിപക്ഷം ഹിന്ദുക്കളുടെയും സ്ഥാനം. പിന്നാക്കക്കാരും ദളിതരും ആദിവാസികളും അതിനു പുറത്താണ്. സംഘ്പരിവാറിന്റെ ‘ഹിന്ദുത്വ’ത്തിന് ഹിന്ദുമതവുമായി ശബ്ദത്തിൽ മാത്രമേ സാദൃശ്യമുള്ളൂ. ചൂഷക വർഗത്തിലെ മുന്തിയവർക്കുവേണ്ടി രാഷ്ട്രം പണിയാനായി ശ്രമിക്കുമ്പോൾ വിശ്വാസത്തിന്റെ മറപറ്റി ജനങ്ങളെ മയക്കി കിടത്താനാണ് അവരുടെ പുറപ്പാട്. ” കാശി മഥുര ബാക്കി ഹേ” എന്ന് ബാബറി മസ്ജിദ് തകർന്ന അന്നുതന്നെ അവർ പറഞ്ഞത് വെറുതേയല്ല. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ ചട്ടുകമാക്കി മാറ്റി ആ പ്രവർത്തി അവർ ആരംഭിച്ചു കഴിഞ്ഞു. വിധി നിർണായകമായ തെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുമ്പോൾ വിലക്കയറ്റവും തൊഴിലില്ലായ്മയും പട്ടിണിയും ദാരിദ്ര്യവും ഒന്നും ചർച്ചാവിഷയമാകരുതെന്ന് അവർക്ക് നിർബന്ധമുണ്ട്. മണ്ഡൽ കമ്മിഷനെ തോല്പിക്കാനായി മസ്ജിദ് വിവാദം ഉയർത്തിയ അതേ വഴിയിലാണ് അവരുടെ സഞ്ചാരം. കോർപറേറ്റ് ശക്തികൾ അവർക്കുവേണ്ടി മടിശീല തുറന്നു വച്ചിരിക്കുന്നു. ഇഡിയും ഐടിയും സിബിഐയും എല്ലാം അവർക്കുവേണ്ടി അണിനിരന്ന് കഴിഞ്ഞു. കണ്ണടച്ചു തുറക്കുന്ന വേഗതയിൽ പട്നയിൽ നടന്ന രാഷ്ട്രീയ നെറികേടുകൾ അവർ എവിടെ വരെയും പോകുമെന്ന് വിളിച്ച് പറയുന്നു. മഹാത്മാഗാന്ധി കണ്ട ഇന്ത്യയെവിടെ? സംഘ്പരിവാർ അടിച്ചേല്പിക്കാൻ ശ്രമിക്കുന്ന ഇന്ത്യയെവിടെ? ഗാന്ധിജിയിൽ നിന്ന് ഗോഡ്സേയിലേക്കുള്ള ദൂരമുണ്ട് ആ ഇന്ത്യകൾ തമ്മിൽ.


ഇതുകൂടി വായിക്കൂ:  ഗാന്ധിജിയെ വീണ്ടും വീണ്ടും വധിക്കുന്നു; ഗോഡ്സെ വാഴ്ത്തപ്പെട്ടവനാകുന്നു


ഗാന്ധിജിയും ഗോഡ്സേയും മരിച്ചെങ്കിലും ആ വെടിയുണ്ടകൾ ഇന്നും മരിച്ചിട്ടില്ല. മതേതര ജനാധിപത്യ ഇന്ത്യയുടെ നെഞ്ചിനു നേരെ എന്നും പാഞ്ഞ് വരുന്നത് അതേ വെടിയുണ്ട ആണ്. മതവിശ്വാസം മതതീവ്രവാദമായി അഴിഞ്ഞാടുന്ന വേദികളിലൊക്കെ നാം കേൾക്കുന്നത് ആ വെടിയുണ്ടയുടെ മുഴക്കമാണ്. സ്വദേശി വർത്തമാനംപറഞ്ഞു കൊണ്ട് വിദേശ മൂലധനത്തിനു വേണ്ടി അധികാരം പരവതാനി വിരിക്കുമ്പോൾ നാം ആ വെടിയുണ്ടയുടെ ധനശാസ്ത്രം കാണുന്നു. സർ സംഘ് ചാലകിന്റെ അയോധ്യ പ്രസംഗത്തിൽ നാം അതിന്റെ തത്വശാസ്ത്രം കേൾക്കുന്നു. നഗ്നരാക്കി പരേഡു ചെയ്യപ്പെട്ട മണിപ്പൂരിലെ സ്ത്രീകളുടെ കണ്ണീരിൽ നാം ആ വെടിയുണ്ടയുടെ വന്യമായ പുരുഷാധിപത്യം കണ്ടു. വേട്ടയാടപ്പെടുന്ന ദളിതരുടെയും ആദിവാസികളുടെയും പിന്നാക്കക്കാരുടെയും മുഖങ്ങളിൽ നാം കണ്ടത് ആ വെടിയുണ്ട മുഴക്കുന്ന ചാതുർവർണ്യം വിതയ്ക്കുന്ന ഭയ വിഹ്വലതകളാണ്. തൊഴിലിനു വേണ്ടി അലയുന്ന കോടാനുകോടി യുവാക്കളുടെ കാതുകളിൽ അതിന്റെ വിശ്വാസ വഞ്ചന മുഴങ്ങുന്നുണ്ട്. ഗാന്ധിജിയെക്കാൾ മഹാനാണ് ഗോഡ്സേ എന്ന പ്രഖ്യാപനങ്ങളിൽ നാം കേൾക്കുന്നത് ആ വെടിയുണ്ടയുടെ ധാർഷ്ട്യം നിറഞ്ഞ ഗർജനങ്ങളാണ്. ഗ്യാരന്റികളെ പ്പറ്റി നാടകീയമായി പറയുന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ നാം കേൾക്കുന്നത് ആ വെടിയുണ്ടയുടെ കല്ലുവച്ച കാപട്യമാണ്. ഭരണഘടനയെ പൊളിച്ചു മാറ്റാനും മനുസ്മൃതിയെ അടിസ്ഥാനമാക്കിയ പുതിയ ഭരണഘടന സൃഷ്ടിക്കണം എന്നും അവർ പറയുമ്പോൾ ആ വെടിയുണ്ടയുടെ രാഷ്ട്രീയമാണ് നാം കേൾക്കുന്നത്. ഗാന്ധിജിയെ ഇന്ത്യ ഇന്നോർക്കുന്നത് ഈ വെല്ലുവിളികൾക്കു മുമ്പിൽ നിന്നുകൊണ്ടാണ്. ” നാം ഇന്ത്യയിലെ ജനങ്ങൾ ” ഈ വെല്ലുവിളികൾക്കു മുമ്പിൽ മുട്ടുകുത്തുകയില്ല. ഹിറ്റ്ലറിൽ നിന്നു സംഘ്പരിവാർ കടം വാങ്ങിയ ആ വെടിയുണ്ടകൾ മതേതര ജനാധിപത്യ ഇന്ത്യയുടെ മാറ് പിളർക്കാൻ നാം അനുവദിക്കുകയില്ല.

Exit mobile version