ഛത്തീസ്ഗഢ് ദുര്‍ഗില്‍ മലയാളി കന്യാസ്ത്രീകളായ കണ്ണൂര്‍ ഉദയഗിരി ഇടവകാംഗമായ സിസ്റ്റര്‍ വന്ദനാ ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമായ സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ റെയില്‍വേ അറസ്റ്റ് ചെയ്തു ജയിലിലടച്ച സംഭവം രാജ്യത്തെമ്പാടും ശക്തമായ പ്രതിഷേധത്തിന് തുടക്കം കുറിച്ചിരിക്കുയാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ഉള്‍പ്പെടെയുളള ശക്തമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫിസുകളിലേക്കും ജോലിക്ക് കൊണ്ടുപോവാനാണ് ഇവര്‍ മൂന്ന് പെണ്‍കുട്ടികളുമായി റെയില്‍വേ സ്റ്റേഷനിലെത്തുന്നത്. എന്നാല്‍ ബജ്റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ മനുഷ്യക്കടത്തും നിര്‍ബന്ധ മതപരിവര്‍ത്തനവും ആരോപിച്ച് തടഞ്ഞുവയ്ക്കുകയായിരുന്നു എന്നാണ് ‘അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്’ സന്യാസിനി സമൂഹം പറയുന്നത്.
ഇന്ത്യന്‍ ഭരണഘടനയുടെ തനിമകളാണ് ബഹുസ്വരത, ബഹുമതത്വം, ഓരോ പൗരനും ഇഷ്ടമുള്ള വിശ്വാസം പുലര്‍ത്താനും പ്രചരിപ്പിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും. ഈ ബഹുസ്വരത ആര്‍ക്കും ഭീഷണിയല്ല എന്ന് ഉറപ്പുവരുത്താനാണ് വിശ്വാസത്തിന്റെ കാര്യത്തില്‍ എല്ലാ പൗരന്മാര്‍ക്കും തുല്യത ഭരണഘടന ഉറപ്പുനല്‍കിയത്. എന്നാല്‍ ഇന്ന് മതനിരപേക്ഷതയും ബഹുസ്വരതയും ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യവും വെല്ലുവിളി നേരിടുന്നു. ഇന്ത്യ എന്ന ബഹുവചനത്തെ ഹിന്ദുത്വമെന്ന ഏകത്വത്തിലേക്ക് ചുരുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഭയപ്പെടുത്തി ഭരിക്കാനുള്ള തന്ത്രമാണ് ബിജെപിയും സംഘ്പരിവാറും സ്വീകരിച്ചിട്ടുള്ളത്. അതിന്റെ ഇന്നത്തെ ഉദാഹരണമാണ് കന്യാസ്ത്രീകളെ ജയിലിലടച്ചത്. പ്രായപൂര്‍ത്തിയായ മൂന്ന് പെണ്‍കുട്ടികളും തങ്ങള്‍ തൊഴിലെടുക്കാന്‍ വന്നവരാണെന്ന് ഉറക്കെപ്പറഞ്ഞിട്ടും രക്ഷിതാക്കളുടെ സമ്മതപത്രം കാണിച്ചിട്ടും കണ്‍തുറക്കാത്ത മനുഷ്യവിരുദ്ധ നിലപാടാണ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് ഉള്‍പ്പെടെ സ്വീകരിക്കുന്നത്. ഇത് ഫാസിസ്റ്റുകളുടെ ന്യൂനപക്ഷ വിരോധത്തിന്റെയും അസഹിഷ്ണുതയുടെയും സ്വഭാവസവിശേഷതയാണ്. ഹിന്ദുത്വരാഷ്ട്രീയ പദ്ധതികളുടെ നടത്തിപ്പുകാര്‍ നിയമത്തിന്, ജാമ്യമെന്ന പ്രാഥമിക നീതിക്കുപോലും വിട്ടുകൊടുക്കാതെയാണ് ജയിലിലിട്ട് ഇഞ്ചിഞ്ചായി എതിര്‍ശബ്ദങ്ങളെ ഉന്മൂലനം ചെയ്യുന്നത്.
ജയിലില്‍ വച്ച് കൊടും ക്രൂരതകള്‍ അനുഭവിച്ച് മരിച്ച സ്റ്റാന്‍ സ്വാമി, സമൂഹ മനഃസാക്ഷിയെ അങ്ങേയറ്റം വേദനിപ്പിച്ചു. അരമനയിലെ സുഖസൗകര്യങ്ങള്‍ അനുഭവിച്ച് വാര്‍ധക്യ ജീവിതം കഴിക്കാമായിരുന്ന അദ്ദേഹം ഝാര്‍ഖണ്ഡിലെ ആദിവാസി മേഖലയിലെ അടിച്ചമര്‍ത്തപ്പെട്ട പാവങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. തലമുറകളായി ജീവിച്ചുപോന്ന ആ വാസ വ്യവസ്ഥകളില്‍ നിന്നും പുറത്താക്കപ്പെട്ട ആദിവാസികള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തി. ബഹുരാഷ്ട്ര കുത്തകകളും അവര്‍ക്കനുകൂലമായ ഭരണാധികാരികളും പല പദ്ധതികളുമായാണ് അവിടെയെത്തിയത്. ഇതിനെതിരെയും അദ്ദേഹം രംഗത്തുണ്ടായിരുന്നു. പാവപ്പെട്ട, സാധാരണക്കാരായ ആദിവാസികളെ മാവോയിസ്റ്റുകള്‍ എന്ന് മുദ്രകുത്തി ജയിലിലടച്ച് വിചാരണപോലുമില്ലാതെ വര്‍ഷങ്ങളായി തടവിലിടുന്നതിനെതിരെയും അദ്ദേഹം ശക്തമായി രംഗത്തുവന്നു. 2010ല്‍ ദ ട്രൂത്ത് ഓഫ് അണ്ടര്‍ ട്രയല്‍സ് എന്ന പുസ്തകം അദ്ദേഹമെഴുതി. വാര്‍ധക്യത്തിന്റെ അവശതകളില്‍ പാര്‍ക്കിന്‍സണ്‍സ് രോഗമടക്കം മൂര്‍ച്ഛിച്ച് ഭക്ഷണം പോലും സ്വയം കഴിക്കാന്‍ കഴിയാതെ, ഒരു സ്പൂണ്‍ വേണമെന്ന് യാചിച്ചപ്പോള്‍ അതുപോലും ഈ വെെദികന് നല്‍കാന്‍ തയ്യാറായില്ല. സ്റ്റാന്‍ സ്വാമിയുടെ മരണം തീര്‍ത്തും ഭരണകൂട കൊലപാതകമാണ്.
രാജ്യത്തെ പൗരസമൂഹങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഭരണകൂടത്തിന് സംഭവിച്ച വീഴ്ചകള്‍ കാരണം അന്താരാഷ്ട്രതലത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട കാലംകൂടിയാണ് നരേന്ദ്രമോഡിയുടെ ഭരണം. ആഗോള മനുഷ്യാവകാശ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം കുത്തനെ ഇടിഞ്ഞു. യുഎന്നിന്റെ ആഗോള മനുഷ്യാവകാശ കൂട്ടായ്മയായ ‘ഗ്ലോബല്‍ അലയന്‍സ് ഓഫ് ഹ്യുമന്‍ റൈറ്റ്സ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്’ ഇന്ത്യയുടെ ദേശീയ മനുഷ്യാവകാശ കമ്മിഷന് നേരത്തെ നല്‍കിയിരുന്നത് ‘എ പദവി‘യായിരുന്നു. മോഡി അധികാരത്തില്‍ വന്ന് രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ 2016ല്‍ ഈ പദവി നഷ്ടപ്പെട്ടു. മനുഷ്യാവകാശങ്ങള്‍ക്ക് വില കല്പിക്കാത്ത ആഭ്യന്തര സാഹചര്യങ്ങള്‍ ഇനിയും മാറ്റമില്ലാതെ തുടര്‍ന്നാല്‍ ഇന്ത്യക്ക് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലെ അംഗത്വം വരെ വൈകാതെ നഷ്ടപ്പെടും. നിയമവാഴ്ച നിലനില്‍ക്കുന്നുണ്ട് എന്ന പ്രതീതി സൃഷ്ടിക്കപ്പെടുകയും അതേസമയം എല്ലാ ജനാധിപത്യ, ഭരണഘടനാപരമായ അവകാശങ്ങളും ഇല്ലാതാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നതെന്ന് സൂക്ഷ്മതയോടെ വിലയിരുത്തിയാല്‍ മനസിലാവും. ഹിന്ദുരാഷ്ട്രം യാഥാര്‍ത്ഥ്യമാക്കാന്‍ സനാതന ഹിന്ദുക്കള്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് ഇടയ്ക്കിടെ ഹിന്ദുത്വ നേതാക്കള്‍ ആഹ്വാനം നടത്തുന്നുമുണ്ട്. ഛത്തീസ്ഗഢിലെ മുന്‍ മുഖ്യമന്ത്രിയായ ബ്രിജ് മോഹന്‍ അഗര്‍വാള്‍ മുമ്പും ആരോപിച്ചത് ആദിവാസി സമുദായങ്ങളെ ബലം പ്രയോഗിച്ച് ക്രിസ്ത്യന്‍ മിഷണറിമാര്‍ മതപരിവര്‍ത്തനം ചെയ്യിക്കുകയാണെന്നും അതിനാല്‍ ഹിന്ദുമതം അപകടത്തിലാണെന്നുമാണ്.
ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തുന്ന മതപരിവര്‍ത്തന ശ്രമങ്ങളില്‍ ഹിന്ദുക്കള്‍ ജാഗരൂകരാകണമെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് പറഞ്ഞതുകൂടി ചേര്‍ത്തുവായിക്കേണ്ടതാണ്. ഹിന്ദുത്വ നേതാവ് പരമാത്മാനന്ദ് മഹാരാജ് ആഹ്വാനം ചെയ്തത് കൈയ്യില്‍ മഴു കരുതാനും ക്രിസ്ത്യാനികളെ പാഠം പഠിപ്പിക്കുന്നതിനായി അവരുടെ തലയറുക്കാനുമാണ്. ഇതിന്റെ പ്രതിഫലനം രാജ്യത്ത് പല സ്ഥലങ്ങളിലായി ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ക്രിസ്തീയ വിഭാഗങ്ങള്‍ക്കെതിരെയുള്ള അക്രമസംഭവങ്ങള്‍ വര്‍ധിക്കുന്നു എന്നതാണ്. 2024ല്‍ 834 അതിക്രമങ്ങള്‍ ഉണ്ടായി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ക്രൈസ്തവര്‍ക്കും മുസ്ലിങ്ങള്‍ക്കും നേരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടക്കുന്നത്. കമ്മ്യൂണിസ്റ്റുകാരെയും മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും അപരരായി വ്യഖ്യാനിച്ചുകൊണ്ട് അവരെ ഇന്ത്യന്‍ ദേശീയതയ്ക്ക് പുറത്തേക്ക് പൂര്‍ണമായി ഒഴിവാക്കാനാണ് ഹിന്ദു വര്‍ഗീയവാദികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ മൂന്ന് വിഭാഗങ്ങളും ഇന്ത്യയുടെ ആഭ്യന്തര ഭീഷണികളാണെന്നാണ് ഹിന്ദുത്വയുടെ സൈദ്ധാന്തികനായ ഗോള്‍വാള്‍ക്കര്‍ പറഞ്ഞിട്ടുള്ളത്. ഇന്ത്യയുടേത് ഒരു ഹിന്ദു സംസ്കാരമാണെന്ന് ഹിന്ദുത്വ ഫാസിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നു. മതത്തിനും സംസ്കാരത്തിനുമിടയില്‍ എന്തെങ്കിലും വ്യത്യാസമുള്ളതായി അവര്‍ കരുതുന്നേയില്ല. അവരുടെ കണ്ണില്‍ ഇസ്ലാമും ക്രിസ്തുമതവും വെെദേശിക സംസ്കാരങ്ങളാണ്. അവര്‍ അക്രമികളായി വന്ന് ആധിപത്യം സ്ഥാപിച്ച ശത്രുക്കളാണെന്ന് ഹിന്ദുത്വ ശക്തികള്‍ പ്രചരിപ്പിക്കുന്നു. മറ്റൊന്നുകൊണ്ടും കഴിയാത്തവിധം ഏറ്റവും എളുപ്പത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനും അക്രമാസക്തരാക്കാനും മതത്തിന് കഴിയുമെന്ന് ഇന്ത്യയിലെ ഹിന്ദുത്വ ഫാസിസ്റ്റുകള്‍ക്ക് അറിയാം. അവര്‍ വിശ്വാസികളല്ല, വിശ്വാസത്തെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി ചൂഷണം ചെയ്യുന്നവരാണ്. ഫാസിസം ഓരോ രാജ്യത്തും അതതിന്റെ സവിശേഷതകള്‍ക്കും സാഹചര്യങ്ങള്‍ക്കുമനുസരിച്ചാണ് രൂപംകൊള്ളുന്നതും ശക്തിപ്പെടുന്നതും. ഇന്ത്യയില്‍ തങ്ങളുടെ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള തീവ്രശ്രമത്തിലാണ് സംഘ്പരിവാര്‍ നയിക്കുന്ന ബിജെപി എന്ന പാര്‍ട്ടി. മുഴുവന്‍ ജനാധിപത്യശക്തികളും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ഇത്തരം വിഷയങ്ങള്‍ ഇനിയെങ്കിലും കേരളത്തിലെ ക്രിസ്ത്യന്‍ മതമേധാവികള്‍ തിരിച്ചറിയണം. ആട്ടിന്‍തോലണിഞ്ഞ ചെന്നായയെ അനുഭവത്തിലൂടെയെങ്കിലും മതന്യൂനപക്ഷങ്ങള്‍ യാഥാര്‍ത്ഥ്യം മനസിലാക്കേണ്ടിയിരിക്കുന്നു.

