ഇന്ത്യയിൽ കൊമേഴ്സ്യൽ പൈലറ്റുമാരാകാനുള്ള വിദ്യാഭ്യാസ യോഗ്യതകളിൽ മാറ്റം വരുത്താൻ ഒരുങ്ങി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). നേരത്തെ സയൻസ് വിദ്യാര്‍ത്ഥികൾക്ക് മാത്രം കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസിന് (സിപിഎല്‍) അർഹതയുണ്ടായിരുന്ന നിയമത്തിലാണ് മാറ്റം വരുത്താൻ ഒരുങ്ങുന്നത്. ഇനി ആർട്സ്, കൊമേഴ്സ് വിഷയങ്ങളിൽ 12-ാം ക്ലാസ് പാസായവർക്കും സിപിഎല്‍ നേടാൻ സാധിക്കും.
മൂന്ന് പതിറ്റാണ്ടായി നിലവിലുള്ള നിയമമാണ് തിരുത്തുന്നത്. നിയമ ഭേദഗതിക്കായി ഡിജിസിഎ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് ശുപാർശ സമർപ്പിച്ചു കഴിഞ്ഞു. സിവിൽ ഏവിയേഷൻ മന്ത്രാലയം അംഗീകരിച്ചാൽ, ഈ ശുപാർശകൾ കേന്ദ്ര നിയമ മന്ത്രാലയത്തിന് അയക്കുകയും അവർ നിയമ ഭേദഗതി വിജ്ഞാപനം ചെയ്യുകയും ചെയ്യും.
എല്ലാ ഔദ്യോഗിക നടപടികളും പൂർത്തിയായാൽ, 12-ാം ക്ലാസ് പാസായ എല്ലാ വിദ്യാർത്ഥികൾക്കും (ആവശ്യമായ മെഡിക്കൽ, മറ്റ് ടെസ്റ്റുകൾ പാസാകണം) ഇന്ത്യയിൽ വാണിജ്യ പൈലറ്റുമാരാകാൻ അർഹതയുണ്ടാകും. 1990-കളുടെ മധ്യത്തോടെയാണ് സിപിഎൽ പരിശീലനം സയൻസ്, ഗണിത വിദ്യാർത്ഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. ലോകത്ത് മറ്റൊരിടത്തും ഇങ്ങനെയൊരു നിബന്ധന നിലവിലില്ലെന്നതാണ് ശ്രദ്ധേയം. സിപിഎൽ ലഭിക്കുന്നതിന് അടിസ്ഥാനപരമായ ഭൗതികശാസ്ത്രവും ഗണിതശാസ്ത്ര അറിവും ആവശ്യമാണെങ്കിലും, ഈ അറിവ് ജൂനിയർ ക്ലാസ്സുകളിൽ തന്നെ പഠിപ്പിക്കുന്നുണ്ട്.
രാജ്യത്ത് പൈലറ്റുമാരുടെ വലിയ ക്ഷാമം നേരിടുന്നതിനാല്‍ നിയന്ത്രണങ്ങൾ നീക്കി എണ്ണം വർധിപ്പിക്കാനാണ് സർക്കാരിന്റെ ഈ നീക്കം. ഡിജിസിഎയുടെ കണക്കുകൾ പ്രകാരം, 2023 നെ അപേക്ഷിച്ച് 2024‑ൽ ആകെ വിതരണം ചെയ്ത സിപിഎല്ലുകളുടെ എണ്ണത്തിൽ 17 ശതമാനം കുറവുണ്ടായി. കൂടാതെ, 2023‑ൽ സിപിഎൽ ലഭിക്കാനുള്ള കാത്തിരിപ്പ് സമയം 2022 നെ അപേക്ഷിച്ച് 40 ശതമാനം വർധിക്കുകയും ചെയ്തിരുന്നു. അടുത്ത ദശാബ്ദത്തിൽ പ്രമുഖ വിമാനക്കമ്പനികൾക്ക് ഏകദേശം 20,000 പുതിയ പൈലറ്റുമാരുടെ ആവശ്യം വരുമെന്നാണ് കണക്കുകൂട്ടല്‍. നിലവിൽ, രാജ്യത്തെ പല ഫ്ലൈയിംഗ് സ്കൂളുകളും നിലവാര തകർച്ച നേരിടുന്നതിനാൽ പൈലറ്റ് ആകാൻ ആഗ്രഹിക്കുന്ന പലരും സിപിഎൽ പഠനത്തിനായി വിദേശത്തേക്ക് പോകുന്ന സാഹചര്യമുണ്ട്. ഇത് പരിഹരിക്കുന്നതിനായി ഇന്ത്യൻ ഫ്ലൈയിങ് സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും വ്യോമയാന അധികാരികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

