Site icon Janayugom Online

സ്മൃതികൂടീരങ്ങള്‍ വികൃതമാക്കിയവര്‍ ഇടതുപക്ഷ പ്രതിരോധത്തിൽ വിറളിപൂണ്ടവര്‍: ബിനോയ് വിശ്വം

ek nayanar

കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് സിപിഐ (എം) നേതാക്കളുടെ സ്മൃതി കുടീരങ്ങൾ ആക്രമിച്ച് വികൃതമാക്കിയ നടപടിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതിഷേധിച്ചു. മുൻ മുഖ്യമന്ത്രി ഇ കെ നായനാർ, സിപിഐ(എം) സംസ്ഥാന സെക്രട്ടറിമാരായിരുന്ന കോടിയേരി ബാലകൃഷ്ണൻ, ചടയൻ ഗോവിന്ദൻ, തൊഴിലാളി നേതാവ് ഒ ഭരതൻ എന്നീ ഇടതുപ്രസ്ഥാനത്തിന്റെ പ്രിയങ്കരരായ നേതാക്കളുടെ സ്മൃതി മണ്ഡപങ്ങളാണ് രാത്രിയുടെ മറവിൽ ഇരുട്ടിന്റെ ബന്ധുക്കൾ ആക്രമിച്ചത്. 

വർഗീയ ഭ്രാന്തിനും കോർപറേറ്റ് വാഴ്ചയ്ക്കുമെതിരെ ഇടതുപക്ഷം നടത്തുന്ന ധീരമായ പ്രതിരോധത്തിൽ വിറളിപൂണ്ട ശക്തികളാണ് ഈ ഭീരുത്വ നടപടിക്ക് പിന്നിൽ. ഹീനമായ ഈ നടപടിയെ എല്ലാ മതേതര — ജനാധിപത്യ വിശ്വാസികൾക്കുമൊപ്പം സിപിഐ അപലപിക്കുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു. 

സിപിഐ(എം) നേതാക്കളുടെ സ്മൃതികുടീരങ്ങൾ വികൃതമാക്കി 

കണ്ണൂർ: പയ്യാമ്പലത്ത് സിപിഐ(എം) നേതാക്കളുടെ സ്മൃതികുടീരങ്ങൾ വികൃതമാക്കി. വ്യാഴാഴ്ച രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. കരിഓയിൽപോലുള്ള രാസലായനി ഒഴിച്ചാണ് അജ്ഞാതർ സ്മൃതികുടീരങ്ങള്‍ നാശമാക്കിയിട്ടുള്ളത്. ഇ കെ നായനാർ, ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്ണൻ, ഒ ഭരതൻ എന്നിവരുടെ സ്മൃതികുടീരങ്ങളാണ് വികൃതമാക്കിയത്.
കോടിയേരിയുടെ സ്തൂപത്തിലെ ഗ്രാനൈറ്റിൽ തീർത്ത മുഖചിത്രം അക്രമികൾ വികൃതമാക്കി. മറ്റ് സ്തൂപങ്ങളുടെ പേര് എഴുതിയ ഭാഗങ്ങൾ അപ്പാടെ കരിയിൽ മുക്കി. സംഭവത്തിനെതിരെ സിപിഐ(എം) ജില്ലാ കമ്മിറ്റി ടൗൺ പൊലീസിൽ പരാതി നൽകി. സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ അജിത്ത് കുമാർ അറിയിച്ചു. എസിപി സിബി ടോം, ടൗൺ ഇൻസ്പെക്ടർ കെ സി സുഭാഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണസംഘം.
സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും അറിയിച്ചു. 

Eng­lish Sum­ma­ry: Those who van­dal­ized the memo­ri­als, those who trem­bled in the Left defense: Binoy Vishwam

You may also like this video

Exit mobile version