Site iconSite icon Janayugom Online

തോറ്റവളുടെ കുമ്പസാരം

തിരോൻ ചിരിതൂകും നേരം
കണാരേട്ടന്റെ ചായപ്പീടികേന്നു തുടങ്ങും
അവൾടെ ഒരുദിവസം
ആദ്യം മാവ് കലക്കും, ഉഴുന്നുവടയ്ക്ക്
കണാരേട്ടൻ
കട്ടൻചായണ്ടാക്കി ശ് ന്ന് വീശണേമുമ്പ്
പിറ്റേന്നക്ക്ളള ഇഡ്ഡലിക്ക്
അരിയുഴുന്ന് കഴുകീരിക്കും
പിന്നാമ്പ്രത്ത് കണാരേട്ടൻ വിറകു കീറ്ണ
താളം കേട്ട്
അടപരത്തും
വെള്ളേപ്പം ചുടും
പരിപ്പുവടയ്ക്കുള്ള ഉളളിയരിഞ്ഞു കൂട്ടും
വിരലിലിട്ട് വെള്ളുള്ളിത്തോല് ഞരടും
കോഴിയിറച്ചിയിൽ മസാല സമം ചേർക്കും
മുൻബഞ്ചിൽ ചിതറിയ
കഴിച്ചയവശിഷ്ടങ്ങൾ തൂത്തെറിയും
അപ്പോഴൊക്കെ
തലേന്നത്തെ
കെട്ട്യോന്റെ ഛർദ്ദിൽ കോരിയതോർത്ത്
വായടക്കാതെ പ്രാകും
മുറ്റമടിയും കഴിഞ്ഞ്
വെന്തനെയ്യ് കണാരന്റെ കെട്ട്യോള്
ദോശയിലിറ്റിക്കണ നേരത്ത്
ഉമ്മുക്കുൽസു
അപ്രത്തെ പീടിക തുറക്കുംമുമ്പ്
അക്കരെ പിടിക്കും
അവിടത്തെ
അഞ്ചു വീട്ടോളില്
പുല്ലുപറി മുതൽ
വയസായോരടെ ഡയപ്പർ
മാറ്റണ പണിവരെയെടുത്ത്
മൂവന്തിക്ക് വീടണയും
എന്നത്തേയുംപോലെ
ആടണതൂണുപോലെ നിക്കണ
കെട്ട്യോന്റെ മുമ്പിലവൾ
നെല്ലുംപതിരും വേർത്തിരിക്കും കരയും
മുറ്റത്തു ചിതറിയ പലവ്യഞ്ജനപ്പൊതികളിൽ
ഉറുമ്പരിക്കണ കാണുമ്പോ
മോളിലെ തമ്പ്രാന്റെ
കൊലച്ചതിയാന്റെകെട്ട്യോൻ ന്ന്
പറഞ്ഞ് പ്രാകും
പതിവുപോലയാൾ
ഒടുക്കമവളുടെ
മടിക്കുത്തഴിക്കും
കെട്ടവായനീരുവീണുടൽ മുറിവുവിങ്ങും
കുപ്പിച്ചില്ലുവീണുടയുംപോലവൾ
ഉടയും
കണ്ണിലൂറിയയിരുട്ടിനെ
കുടഞ്ഞെറിഞ്ഞു പിറ്റേന്നുമവൾ
കണാരേട്ടന്റെ പീടിക ഇറയത്തെത്തും
സഞ്ചിയിൽക്കരുതിയ കുപ്പായം മാറ്റും
ജയിക്കാൻവേണ്ടി
തോറ്റവളുടെ ചിരിയിൽമുങ്ങി
ഇടക്കൊരൂട്ടം പതം പറച്ചിൽ
നീർപ്പൊടിഞ്ഞുണങ്ങിയ
കൺപീലികളിൽ വെള്ളമിറ്റിച്ച്
പിന്നെല്ലാം പതിവുപോലെ

Exit mobile version