ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസ് തന്നെയെന്ന് ആവര്‍ത്തിച്ച് വിളിച്ചുപറഞ്ഞ് ആശ്വസിക്കുകയാണ് ഒരുകൂട്ടം കോലാഹല നേതാക്കള്‍. പ്രാദേശികമായിപ്പോലും കെട്ടുറപ്പുള്ള ഭരണമുന്നണിയുണ്ടാക്കാനാവാതെ ഉഴലുന്ന കോണ്‍ഗ്രസ്, കൊട്ടിഘോഷിച്ച് നടത്തിയ ചിന്തന്‍ ശിബിരത്തിന്റെ പന്തലഴിക്കും മുമ്പേ കൊള്ളാവുന്നൊരു ശിഖിരം ഒടിഞ്ഞുവീണു. ഗുജറാത്ത് കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിട്ടതാണ് ഒടുവിലത്തെ ആ നഷ്ടം. ചിന്തന്‍ ശിബിരത്തിന്റെ പ്രഖ്യാപനം ദേശീയ രാഷ്ട്രീയത്തിന് യാതൊരു ഗുണവും ഉണ്ടാക്കില്ല, ഫലവും ചെയ്യില്ല എന്നത് കോണ്‍ഗ്രസ് പിന്നീടെപ്പോഴെങ്കിലും ചര്‍ച്ച ചെയ്തേക്കുമെന്ന വിശ്വാസവും ഇല്ല. ഹാര്‍ദികിനെപോലെ കോണ്‍ഗ്രസിലെ നവമുഖങ്ങളില്‍ നിന്ന് ഇനിയും ഇത്തരം കൊഴിഞ്ഞുപോക്ക് ഉണ്ടാകുമെന്നതും ഉറപ്പാണ്. പാര്‍ട്ടിയില്‍ ഇരുപ്പുറയ്ക്കാത്ത രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ ആവേശം. ഇടയ്ക്കെത്തിയുള്ള രാഹുലിന്റെ പ്രഖ്യാപനങ്ങള്‍ ചിന്തന്‍ ശിബിരത്തിന്റെ തീരുമാനമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അംഗീകരിച്ചാല്‍, നടപ്പാക്കിയാല്‍ അതുണ്ടാക്കുന്ന ആഭ്യന്തര പ്രതിസന്ധികള്‍ പാര്‍ട്ടിയുടെ നാശത്തിന് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തലുകള്‍. ദേശീയമായി പ്രതിപക്ഷ ഐക്യം ശക്തിപ്പെടണം എന്ന ചിന്തയുയര്‍ത്തി ഇടതുപാര്‍ട്ടികള്‍ നടത്തുന്ന മുന്നേറ്റത്തെ രാഹുല്‍ ഗാന്ധി മനസുതുറന്ന് അംഗീകരിക്കുന്നില്ല. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി ഇതിനുവിപരീതമായും ചിന്തിക്കുന്നു. കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാക്കളുടെ വലിയൊരു നിര പ്രതിപക്ഷ ഐക്യത്തിന്റെ ആവശ്യകതയും പ്രാധാന്യവും രാഹുലിനെ ധരിപ്പിക്കുന്നുണ്ടെന്നത് ശരിതന്നെ. എന്നാല്‍ അത് എത്രകണ്ട് അംഗീകരിക്കുന്നുണ്ട് എന്നതാണ് പരിശോധിക്കപ്പെടേണ്ടത്. ചിന്തന്‍ ശിബിരത്തില്‍ രാഹുല്‍ പറഞ്ഞത്, പാര്‍ട്ടി ചുമതലകളില്‍ നിന്ന് 50 കഴിഞ്ഞവരെ പടിയിറക്കിവിടണം എന്നതുസംബന്ധിച്ചതാണ്. 65 വയസുകഴിഞ്ഞവര്‍ പാര്‍ലമെന്ററി രംഗത്തുനിന്ന് വിരമിക്കണമെന്നും. 50 ശതമാനം യുവാക്കള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കലും.
നിലവിലെ പാര്‍ട്ടി അധ്യക്ഷ തുടങ്ങി, കോണ്‍ഗ്രസിനെ നല്ലവഴിക്ക് നയിക്കാന്‍ എളുപ്പം പറഞ്ഞുകൊടുക്കുന്ന ജി 23 നേതാക്കള്‍ വരെ 50ന് മുകളില്‍ പ്രായമുള്ളവരാണ്. രാഹുല്‍-സോണിയ ഹൈക്കമാന്‍ഡിനെയും എഐസിസി-പിസിസി ഘടകങ്ങളെയും തുറന്നുവിമര്‍ശിക്കുന്നവരെല്ലാം 50 പിന്നിട്ടവര്‍ തന്നെ. ഇക്കൂട്ടര്‍ കാലമനുസരിച്ച് കുറഞ്ഞുപോയാലും പ്രശ്നം കെട്ടടങ്ങില്ല. 50ല്‍ താഴെയുള്ളവരിലെ മത്സരവും അധികാരവെറിയും കുറച്ചൊന്നുമല്ല, കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്നത്. പ്രായപരിധിയിന്മേലുള്ള യുദ്ധം ആഭ്യന്തരമാകാം. എന്നാല്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ പതനത്തിന്റെ ആക്കം കൂട്ടുന്ന ചിന്തകളാണ് ചിന്തന്‍ ശിബിരത്തിലൂടെ രാഹുല്‍ മുന്നോട്ടുവച്ചിരിക്കുന്നത്. പ്രാദേശിക സഖ്യങ്ങളും ദേശീയ മുന്നണിയും കോണ്‍ഗ്രസിന് അനിവാര്യമല്ലെന്ന മട്ടിലാണ് രാഹുലിന്റെ രാഷ്ട്രീയം. പ്രാദേശിക പാര്‍ട്ടികള്‍ക്ക് പ്രത്യയശാസ്ത്രമില്ലെന്നാണ് രാഹുല്‍ ചിന്തന്‍ ശിബിരത്തില്‍ പറഞ്ഞത്. ബിജെപിയെ നേരിടാനുള്ള ശക്തിയും കെട്ടുറപ്പും കോണ്‍ഗ്രസിന് മാത്രമേ ഉള്ളൂവെന്നും അദ്ദേഹം വാദിക്കുകയാണ്. ഇതിനെതിരെ രാഷ്ട്രീയ ജനതാദള്‍(ആര്‍ജെഡി), തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ (സോഷ്യലിസ്റ്റ്) തുടങ്ങിയ കക്ഷികള്‍ രംഗത്തുവന്നതില്‍ അതിശയമില്ല. എന്‍സിപി, ഡിഎംകെ, ശിവസേന എന്നീ കക്ഷികള്‍ക്കിടയിലും രാഹുലിന്റെ ‘പ്രത്യയശാസ്ത്ര’ വാദത്തിനെതിരെ പ്രതിഷേധമുണ്ട്. ബിജെപി ഭരണത്തെ എതിര്‍ക്കുന്നവരുടെ ദേശീയ കെട്ടുറപ്പും കൂട്ടായ്മയുമാണ് സോണിയ ലക്ഷ്യമിടുന്നതെങ്കില്‍, വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശിക കക്ഷികളെക്കൂടി ചേര്‍ത്തുള്ളൊരു ബദലിനെ നഷ്ടപ്പെടുത്തുക എന്നതിലാണ് രാഹുലിന്റെ ഉന്നം. നരേന്ദ്രമോഡി അധികാരത്തില്‍ വന്നശേഷമുള്ള എട്ട് വര്‍ഷക്കാലത്തെ സംഘടനാ ഗ്രാഫില്‍ കോണ്‍ഗ്രസിന്റെ രേഖ താഴോട്ട് തന്നെയാണ് പതിക്കുന്നത്. എന്നാല്‍, ബിജെപി വിരുദ്ധ ദേശീയ പാളയത്തിലെ ശക്തി കോണ്‍ഗ്രസ് തന്നെ എന്നതില്‍ യാതൊരു തര്‍ക്കവുമില്ല.
ഇതുകൂടി വായിക്കാം; ചാമ്പിക്കോ രാഹുല്‍ജി ചാമ്പിക്കോ!
ഈ രണ്ട് വസ്തുതകളെയും മനസിലാക്കാതെയാണ് രാഹുല്‍ എന്ന രാഷ്ട്രീയക്കാരന്‍ സംസാരിക്കുന്നതെന്നാണ് കോണ്‍ഗ്രസിനുള്ളില്‍ ഉള്ളവര്‍ പറയുന്നത്. വ്യത്യസ്ത കാഴ്ചപ്പാടോടെയും നയസമീപനങ്ങളോടെയും പ്രവര്‍ത്തിക്കുന്ന കക്ഷികള്‍ തന്നെയാണ്, പല സംസ്ഥാനങ്ങളിലും ബിജെപിയെ ഭരണത്തില്‍ നിന്നെല്ലാം അകറ്റിനിര്‍ത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് അടിപതറിയ ഇടങ്ങളില്‍ ബിജെപിയെ വിറപ്പിച്ചുനിര്‍ത്തുന്നതും പ്രാദേശിക കക്ഷികളാണെന്നതും യാഥാര്‍ത്ഥ്യമാണ്. കോണ്‍ഗ്രസിനെതിരെയടക്കം പോരടിച്ച് പല സീറ്റുകളും വെട്ടിപ്പിടിച്ചത് പ്രാദേശിക കക്ഷികളായിരുന്നു. മാത്രമല്ല, അവരെല്ലാം ബിജെപിക്കെതിരെ നില കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. ഏറ്റവുമൊടുവില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ പഞ്ചാബ് ഭരണം കോണ്‍ഗ്രസിന് നഷ്ടമായി. സ്വന്തമെന്ന് പറയാന്‍ ഇപ്പോള്‍ രാജസ്ഥാനും ഛത്തീസ്ഗഡും മാത്രമാണുള്ളത്. തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ഭരണപങ്കാളിത്തമാണ് കോണ്‍ഗ്രസിനുള്ളത്. നിര്‍ണായകമായ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അതിന്റെ ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവച്ചത്. അവിടെയുള്ള 403 സീറ്റുകളില്‍ ആകെ രണ്ട് സീറ്റില്‍ കോണ്‍ഗ്രസ് ഒതുങ്ങി. എന്നിട്ടും ബിജെപിയെ നേരിടാനുള്ള പ്രത്യയശാസ്ത്രം കോണ്‍ഗ്രസിനുമാത്രമേ ഉള്ളൂ എന്ന് രാഹുല്‍ പ്രസ്താവിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് ഈ ‘പ്രത്യയശാസ്ത്രമികവ്’ കാണിച്ചു. അതേസമയം, മമതയെ താഴെയിറക്കാന്‍ പഠിച്ചപണി പതിനെട്ടും പയറ്റിയ ബിജെപിക്ക് ബംഗാളില്‍ പ്രാദേശിക പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രത്തിനുമുന്നില്‍ മുട്ടുമടക്കേണ്ടിവന്നു. കോണ്‍ഗ്രസ് അവിടെ പൂജ്യത്തിലെത്തുകയും ചെയ്തു.
പ്രാദേശിക പാര്‍ട്ടിയായ ഡിഎംകെയുടെ പ്രത്യയശാസ്ത്രത്തിന്റെയും പ്രവര്‍ത്തന മികവിന്റെയും ഫലത്തിലാണ് തമിഴ്‌നാട്ടില്‍ നിന്ന് കോണ്‍ഗ്രസിന് പാര്‍ലമെന്റ് അംഗത്വം ലഭിച്ചതെന്നുപോലും രാഹുല്‍ ഗാന്ധി ഓര്‍ത്തില്ല. 80 സീറ്റുകളില്‍ ബിജെപിയുമായി നേരിട്ട് മത്സരിച്ച ഉത്തര്‍പ്രദേശില്‍ നിന്ന് കോണ്‍ഗ്രസിനുള്ളത് ഒരാള്‍ മാത്രമാണ്. ബിഹാറില്‍ നിന്നും മധ്യപ്രദേശില്‍ നിന്നും ഝാര്‍ഖണ്ഡില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമെല്ലാം ഓരോരുത്തര്‍ വീതം. ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലെല്ലാം കോണ്‍ഗ്രസ് ‘പൂജ്യ’രാണ്. ഹിമാചല്‍പ്രദേശില്‍ ഉപതെരഞ്ഞെടുപ്പിലൂടെയാണ് ഒരാളെ സഭയിലെത്തിക്കാനായത്. അതും പ്രാദേശിക കക്ഷികളുടെ കൂടി പിന്‍ബലത്താല്‍. ഓരോയിടത്തെയും കണക്കുകളും പ്രകടനവും വിലയിരുത്തിയാല്‍ കോണ്‍ഗ്രസ് പറയുന്നതിനേക്കാള്‍ എത്രയോ മടങ്ങ് ആഴത്തിലാണ് പതിച്ചിരിക്കുന്നതെന്ന് ബോധ്യമാകും. കോണ്‍ഗ്രസിന്റെ അതികായത്വം പാടെ നഷ്ടമായിരിക്കുന്നു. ദേശീയതലത്തില്‍ അധികാരത്തിലെത്തുക അത്ര എളുപ്പമല്ല. പ്രാദേശിക പാര്‍ട്ടികളുമായുള്ള സഖ്യത്തിലൂടെ മാത്രമേ സംസ്ഥാനങ്ങളിലെങ്കിലും നിലനില്‍ക്കാനാവൂ എന്ന അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ സംഖ്യകക്ഷികളെ പിണക്കാതെ ഒപ്പം നിര്‍ത്തുന്നതിനാണ് ചിന്തകള്‍ ഉണരേണ്ടിയിരുന്നത്. ഉദയ്‌പുരിലെ ചിന്തന്‍ ശിബിരത്തില്‍ നിന്ന് കൃത്യമായൊരു നയരേഖ നേതാക്കള്‍ക്കോ അണികള്‍ക്കോ നല്‍കാനില്ലെന്നത് ഒരു പരാജയമായി കോണ്‍ഗ്രസ് കാണണം. പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിന് നല്‍കിയ രാഷ്ട്രീയ തന്ത്രത്തില്‍ അടിവരയിട്ട് പറഞ്ഞത്, അതാത് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ ശക്തി കണക്കിലെടുത്ത് സംഖ്യങ്ങള്‍ക്ക് രൂപം നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ്. പ്രാദേശികമായി കോണ്‍ഗ്രസിനേക്കാള്‍ ശക്തരായ പാര്‍ട്ടികള്‍ ഉണ്ടെങ്കില്‍ അവരെ അംഗീകരിച്ച് കൂടെച്ചേര്‍ക്കണമെന്നാണ്. അതല്ലെങ്കില്‍ പ്രാദേശിക പാര്‍ട്ടികളെയെങ്കിലും നേരിടാനുള്ള കരുത്ത് കോണ്‍ഗ്രസ് ഉണ്ടാക്കുകയെങ്കിലും വേണം.