വാക്കുകളാല്‍ നിര്‍വചിക്കാനാവാത്ത പോരാട്ടവീര്യവുമായി രക്തസാക്ഷിത്വത്തിലേയ്ക്ക് നടന്നുകയറിയ പന്ത്രണ്ടുകാരന്‍ അനഘാശയന്‍ ഉള്‍പ്പെടെയുള്ളവരുടെ സ്മരണയില്‍ മേനാശേരി ഗ്രാമം ഒരിക്കല്‍കൂടി ചുവപ്പണിഞ്ഞു. തൊഴിലാളിവര്‍ഗ പോരാട്ടത്തിന്റെ സുവര്‍ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട ധീരരക്തസാക്ഷികളുടെ സ്മരണയില്‍ പുതുതലമുറ പോരാട്ട പ്രതിജ്ഞ പുതുക്കി.
രക്തസാക്ഷികള്‍ക്ക് ശ്രദ്ധാജ്ഞലി അര്‍പ്പിക്കാനായി ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്. വിവിധ വാര്‍ഡ് വാരാചരണ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടന്നു. ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെയും സമരസേനാനികളുടേയും സാന്നിധ്യം ചടങ്ങിന് ആവേശം പകര്‍ന്നു.
പൊന്നാംവെളിയില്‍ നടന്ന പൊതുസമ്മേളനം സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി കെ മോഹനൻ അധ്യക്ഷത വഹിച്ചു. മന്ത്രി പി പ്രസാദ്, സിപിഐ(എം) ജില്ലാ സെക്രട്ടറി ആർ നാസർ, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ്, സിപിഐ ചേര്‍ത്തല മണ്ഡലം സെക്രട്ടറി എം സി സിദ്ധാർത്ഥൻ, പി കെ സാബു, ആർ പൊന്നപ്പൻ, എൻ പി ഷിബു, കെ ജി പ്രിയദർശനൻ, പി ഡി ബിജു, ടി എം ഷെരീഫ്, എസ് പി സുമേഷ് എന്നിവർ സംസാരിച്ചു. ടി കെ രാമനാഥൻ സ്വാഗതം പറഞ്ഞു.
മാരാരിക്കുളം ദിനമായ ഇന്ന് ആയിരങ്ങള്‍ രക്തസാക്ഷികളുടെ വീരസ്മരണ പുതുക്കും. വൈകിട്ട് അഞ്ചിന് പ്രകടനമായി എത്തി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് എസ്എല്‍ പുരത്ത് നടക്കുന്ന പൊതുസമ്മേളനം സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യും. സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ മുഖ്യപ്രഭാഷണം നടത്തും. കൃഷി മന്ത്രി പി പ്രസാദ്, സിപിഐ ജില്ലാസെക്രട്ടറി ടി ജെ ആഞ്ചലോസ്, സിപിഐ(എം) ജില്ലാ സെക്രട്ടറി ആർ നാസർ തുടങ്ങിയവർ സംസാരിക്കും. കെ ബി ബിമൽറോയ് അധ്യക്ഷത വഹിക്കും.