Site iconSite icon Janayugom Online

പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും , ഇസ്രയേലിന്റെ നിയമ ലംഘനങ്ങളെ എതിര്‍ക്കുമെന്നും പ്രതിജ്ഞയെടുത്ത് യു കെയിലെ ആയിരക്കണക്കിന് പ്രാദേശിക കൗണ്‍സിലര്‍മാര്‍

പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും ഇസ്രയേലിന്റെ നിയമലംഘനങ്ങളെ എതിര്‍ക്കുമെന്നും പ്രതിജ്ഞയെടുത്ത് യുകെയിലെ ആയിരക്കണക്കിന് പ്രാദേശിക കൗണ്‍സിലര്‍മാര്‍ .പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കായി പോരാടുന്നതിനൊപ്പം തങ്ങളുടെ കൗണ്‍സിലുകള്‍ ഇസ്രയേലിന്റെ അന്താരാഷ്ട്ര നിയമ ലംഘനങ്ങളില്‍ പങ്കാളികളാകുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന പ്രതിജ്ഞകളില്‍ ആണ് ഇവര്‍ ഒപ്പുവെച്ചത്383 ഗ്രീന്‍ പാര്‍ട്ടിയില്‍ നിന്നുള്ള കൗണ്‍സിലര്‍മാരും 359 ലേബര്‍ പാര്‍ട്ടിയില്‍ നിന്നുള്ളവരും 111 ലിബറല്‍ ഡെമോക്രാറ്റുകളുമാണ് പ്രതിജ്ഞയില്‍ ഒപ്പുവെച്ചത്.യുകെയില്‍ ദേശീയ തലത്തില്‍ പലസ്തീന്‍ അനുകൂല മാര്‍ച്ചുകള്‍ സംഘടിപ്പിക്കുന്ന പലസ്തീന്‍ സോളിഡാരിറ്റി ക്യാമ്പെയ്നാണ് പ്രതിജ്ഞയ്ക്ക് തുടക്കമിട്ടത്.

പലസ്തീന്‍ യൂത്ത് മൂവ്മെന്റ് ബ്രിട്ടന്‍, പലസ്തീന്‍ ഫോറം, ദി മുസ്‌ലിം വോട്ട്, ബ്രിട്ടീഷ് പലസ്തീന്‍ കമ്മിറ്റി എന്നിവരും പ്രതിജ്ഞയെ പിന്തുണച്ചു. ഇസ്രയേലി ബിസിനസുകള്‍ ബഹിഷ്‌കരിച്ചതിന്റെ പേരില്‍ ലേബര്‍ പാര്‍ട്ടി ഭരിക്കുന്ന കൗണ്‍സിലുകള്‍ക്കെതിരെ കേസെടുക്കുമെന്ന് തൊഴില്‍ മന്ത്രിയും കമ്മ്യൂണിറ്റി സെക്രട്ടറിയുമായ സ്റ്റീവ് റീഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കൗണ്‍സിലര്‍മാരുടെ പ്രതിജ്ഞ.പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു തന്നെ ധാര്‍മിക നിക്ഷേപങ്ങള്‍ നടത്താന്‍ കഴിയുമെന്ന് ഉറപ്പാക്കുന്ന ഈ പ്രതിജ്ഞ പ്രസക്തമാണെന്ന് പ്രതിജ്ഞയില്‍ ഒപ്പുവച്ച ഹാക്ക്‌നി ഗ്രീന്‍ കൗണ്‍സിലര്‍ സോയ് ഗാര്‍ബെറ്റ് പറഞ്ഞു.

ഗാസയിലെ വംശഹത്യയും ലോകമെമ്പാടുമുള്ള യുദ്ധങ്ങളും സംഘര്‍ഷങ്ങളും അവസാനിക്കുന്നതും കാണാന്‍ ഭൂരിഭാഗം ആളുകളും ആഗ്രഹിക്കുന്നു. അവരുടെ പ്രാദേശിക പ്രതിനിധികള്‍ തങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നത് കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.അതേസമയം, ഇസ്രയേലി സ്ഥാപനങ്ങളേയും ഇസ്രേയിലിയുമായി വ്യാപാരം നടത്തുന്ന സ്ഥാപനങ്ങളേയും ബഹിഷ്‌കരിക്കുന്നതിനെ നിരോധിക്കുന്ന 2016‑ല്‍ പ്രസിദ്ധീകരിച്ച സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പ്രാദേശിക കൗണ്‍സിലുകളെ ഓര്‍മിപ്പിച്ചുകൊണ്ടാണ് തൊഴില്‍ മന്ത്രി റീഡിന്റെ മുന്നറിയിപ്പ്.കഴിഞ്ഞ വര്‍ഷം നിരവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇസ്രയേലിന്റെ യുദ്ധക്കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുകയും ഇസ്രയേലിന് ആയുധം നല്‍കുകയും ചെയ്യുന്ന കമ്പനികളെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു.

മാര്‍ച്ചില്‍, ഓക്‌സ്‌ഫോര്‍ഡ് സിറ്റി കൗണ്‍സില്‍, അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധികള്‍ ഉദ്ധരിച്ച്, ഇസ്രയേലിനെതിരെ പ്രമേയം പാസാക്കിയിരുന്നു.ഇസ്രയേലിന് ആയുധങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനികളില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ പിന്‍വലിക്കുമെന്ന് ലേബര്‍ പാര്‍ട്ടി നയിക്കുന്ന കംബര്‍ലാന്‍ഡ് കൗണ്‍സിലും അറിയിച്ചിരുന്നു.ഗാസയിലും അധിനിവേശ വെസ്റ്റ് ബാങ്കിലും വംശഹത്യയിലും നിയമവിരുദ്ധമായ അധിനിവേശത്തിലും പങ്കാളികളായ കമ്പനികളുമായുള്ള സാമ്പത്തിക ബന്ധം പുനഃപരിശോധിക്കാന്‍ ലേബര്‍ പാര്‍ട്ടി നയിക്കുന്ന ന്യൂകാസില്‍ കൗണ്‍സില്‍ ഡിസംബറില്‍ പ്രമേയം പാസാക്കിയിരുന്നു.

Exit mobile version