മതാചാര പൊലീസിന്റെ മര്‍ദ്ദനത്തില്‍ മഹ്സ ആമിനിയെന്ന പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടാഴ്ചയ്ക്ക് ശേഷവും ഇറാനില്‍ പ്രതിഷേധം തുടരുന്നു. ഞായറാഴ്ച ടെഹ്റാനിലെ പ്രമുഖ വിദ്യാലയത്തില്‍ പ്രതിഷേധം നടത്തിയ 12 വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഇറാനിയന്‍ വിദ്യാര്‍ത്ഥികളും പ്രതിഷേധത്തിന്റെ മുന്‍നിരയിലേക്ക് ഇറങ്ങിയിരിക്കുകയാണെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. അഭ്യസ്തവിദ്യാരായ യുവതലമുറയും മുതിര്‍ന്ന പുരുഷ പുരോഹിത വിഭാഗവും തമ്മിലുള്ള അഭിപ്രായ ഭിന്നത പ്രകടമാക്കുന്നതാണ് ഇറാനിലെ നിലവിലെ സ്ഥിതിഗതികള്‍. ഇറാന്‍ പരമോന്നത നേതാവ് അലി ഖമേനി സംഭവത്തില്‍ ഇന്നലെയാണ് ആദ്യമായി പ്രതികരിച്ചത്. സുരക്ഷസേനയ്ക്ക് ശക്തമായ പിന്തുണ നല്‍കുന്ന നിലപാടാണ് ഖമേനി സ്വീകരിച്ചത്. ഇറാനില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയും ഇസ്രയേലുമാണെന്നും ഖമേനി പറഞ്ഞു.
കുര്‍ദിഷ് പെണ്‍കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. ടെഹ്റാനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഷെരീഫ് സാങ്കേതിക സര്‍വകലാശാലയില്‍ പൊലീസ് നടത്തിയ ആക്രമണങ്ങള്‍ ആശങ്ക വര്‍ധിപ്പിക്കുന്നതാണെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിഷേധം നടത്തിയ നൂറ് കണക്ക് വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദ്ദിച്ചു. അവര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിക്കുകയും പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് കാറുകളിലും ആംബുലന്‍സുകളിലുമായാണ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കിയത്. ഒസ്ലോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇറാന്‍ ഹ്യുമന്‍ റൈറ്റ്സ് ഗ്രൂപ്പും ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ഇന്‍ ഇറാനും ഷെരീഫ് സര്‍വകലാശാലയില്‍ നടന്ന അക്രമണങ്ങളെ അപലപിച്ചിരുന്നു. ആക്രമണത്തിനെതിരെ വിദ്യാര്‍ത്ഥി യൂണിയനുകളും അധ്യാപകരും ദേശവ്യാപക സമരത്തിന് ആഹ്വാനം ചെയ്തു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വെബ്സൈറ്റുകള്‍ക്ക് നേരെ വ്യാപകമായ ആക്രമണമാണ് ഇറാനില്‍ നടക്കുന്നത്. ഇന്നലെ നിയമവിഭാഗത്തിന് നേരെയും സൈബര്‍ ആക്രമണമുണ്ടായി. ഞായറാഴ്ച ചേര്‍ന്ന ഇറാനിയന്‍ പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിര്‍ബന്ധിത ഹിജാബും ഇറാനിയന്‍ മതാചാര പൊലീസിന്റെ പ്രവര്‍ത്തനങ്ങളിലും വിട്ടുവീഴ്ച വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.
English Summary: Thousands of students from Iran’s join fresh protests
You may also like this video