Site iconSite icon Janayugom Online

ആയിരക്കണക്കിന് കടന്നലുകള്‍ കൂട്ടമായി എത്തി ആക്രമിച്ചു; രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

ചൈനയില്‍ കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ആയിരക്കണക്കിന് കടന്നലുകള്‍ കൂട്ടമായി എത്തിയാണ് കുട്ടികളെ ആക്രമിച്ചത്. കഴിഞ്ഞ ജൂണില്‍ നടന്ന സംഭവത്തില്‍ ഏഴ് വയസ്സുള്ള ആണ്‍കുട്ടിയും രണ്ട് വയസ്സുള്ള സഹോദരിയുമാണ് മരിച്ചത്. സംഭവത്തില്‍ കടന്നലുകളെ വളര്‍ത്തിയ കർഷകനെതിരെ നരഹത്യക്ക് കേസെടുത്തു. യുനാന്‍ പ്രവിശ്യയിലെ മുഡിങ് കൗണ്ടിയില്‍ പൈന്‍ മരങ്ങള്‍ക്കിടയില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടികളെ കടന്നലുകള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു.

എഴുന്നൂറിലേറെ തവണ കുത്തേറ്റ പെണ്‍കുട്ടി സംഭവ സ്ഥലത്തു തന്നെ മരിച്ചു. ആണ്‍കുട്ടിക്ക് മുന്നൂറോളം തവണയാണ് കുത്തേറ്റത്. കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ അടുത്ത ദിവസം മരണപ്പെട്ടു. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച മുത്തശ്ശിക്കും കുത്തേറ്റിരുന്നു. മഞ്ഞക്കാലുള്ള ഏഷ്യന്‍ കടന്നലുകളാണ് കുട്ടികളെ ആക്രമിച്ചത്. സമീപത്തുണ്ടായിരുന്ന ഫാമിലെ കര്‍ഷകനാണ് കടന്നലുകളെ വളര്‍ത്തിയത്. പ്രാദേശിക വിഭവമായ ക്രിസാലുകള്‍ക്കു വേണ്ടിയാണ് കടന്നലുകളെ വളര്‍ത്തിയതെന്നാണ് ഇയാള്‍ പറയുന്നത്. രണ്ട് വര്‍ഷമായി ഇയാള്‍ കടന്നലുകളെ വളര്‍ത്തിവരികയായിരുന്നെങ്കിലും വനംവകുപ്പിനെ അറിയിച്ചിരുന്നില്ല. 

Exit mobile version