ജന്മനാടിന്റെ മോചനത്തിനായി തൊഴിലാളി വർഗം നടത്തിയ അനശ്വര പോരാട്ടത്തിന്റെ വീരസ്മരണകളുമായി പുന്നപ്രയിലും വലിയചുടുകാട്ടിലും ഇന്ന് ആയിരങ്ങൾ പ്രണാമമർപ്പിക്കും. പുന്നപ്ര വടക്ക്, തെക്ക് പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ നിന്നും ചെറുജാഥകളായി എത്തി ധീരദേശാഭിമാനികൾ പിടഞ്ഞുവീണ പുന്നപ്രയിലെ സമരഭൂമിയിൽ പകൽ 11ന് പുഷ്പാർച്ചന നടത്തും. ഇരുകമ്മ്യൂണിസ്റ്റ് പാർട്ടിയുടേയും നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് നടക്കുന്ന രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിൽ വി ആർ അശോകൻ അധ്യക്ഷത വഹിക്കും.
വൈകിട്ട് ആറിന് ചേരുന്ന പൊതുസമ്മേളനം സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ഇ കെ ജയൻ അധ്യക്ഷനാകും. പുന്നപ്ര രക്തസാക്ഷികൾ അന്തിയുറങ്ങുന്ന ആലപ്പുഴ വലിയചുടുകാട്ടിൽ ഇന്ന് വൈകിട്ട് അഞ്ചിന് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടക്കും. അനുസ്മരണ സമ്മേളനത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷത വഹിക്കും.