Site iconSite icon Janayugom Online

മെട്രോ ട്രെയിനിലെ ഭീഷണി ചിത്രം: കേന്ദ്ര ഏജൻസികള്‍ അന്വേഷിക്കും

മുട്ടം യാർഡിൽ നിർത്തിയിട്ടിരുന്ന മെട്രോ ട്രെയിനിന്റെ ബോഗിയിൽ പെയ്ന്റുപയോഗിച്ച് ഭീഷണി സന്ദേശം എഴുതിയത് സംബന്ധിച്ച അന്വേഷണം കേന്ദ്ര ഏജൻസികൾ ഏറ്റെടുത്തേക്കും.

2016ൽ ഷൊർണൂർ യാഡിലും തിരുച്ചിറപ്പള്ളിയിലും സമാന രീതിയിൽ കോച്ചുകളിൽ ചിത്രങ്ങൾ വരച്ചിരുന്നു. പൊതു ഇടങ്ങളിൽ ചിത്രങ്ങൾ വരയ്ക്കുകയും മുദ്രാവാക്യങ്ങൾ എഴുതുകയും ചെയ്യുന്ന ‘റെയിൽ ഹൂൺസ്’ എന്ന ഗൂഢ സംഘടനയുടെ സാന്നിധ്യമാണ് അന്ന് സംശയിച്ചിരുന്നത്. എന്നാൽ കേസന്വേഷണം എങ്ങുമെത്താതെ അവസാനിച്ചു.

2018ൽ എറണാകുളം റെയിൽവേ സ്റ്റേഷനിലെ മാർഷലിങ് യാഡിൽ നിർത്തിയിരുന്ന രണ്ടു കോച്ചുകളിലും ഇതേ രീതിയിൽ പടങ്ങൾ വരച്ചിരുന്നു ട്രെയിനുകളുടെ കോച്ചുകളിൽ ഇവരുടെ പേരിൽ ഗ്രാഫിറ്റി പ്രത്യക്ഷപ്പെട്ട സംഭവത്തിൽ മുൻപ് ആർപിഎഫ് അന്വേഷണം നടത്തിയിരുന്നു. രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മുട്ടം യാർഡ് അധികൃതർ കളമശ്ശേരിയിലെ മെട്രോ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതോടെയാണ് കേസെടുത്തത്. മെട്രോ സ്റ്റേഷൻ ഇൻസ്പെക്ടർ കെ എൻ മനോജിനാണ് അന്വേഷണ ചുമതല. സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡും സ്പെഷ്യൽ ബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്. കൂടാതെ കൊച്ചി മെട്രോയും ആഭ്യന്തര അന്വേഷണം തുടങ്ങി.

26ന് ഉച്ചകഴിഞ്ഞ് മൂന്നിനും നാലിനും ഇടയിലാണ് സംഭവം. യാർഡിനു ചുറ്റും 10 അടി ഉയരമുള്ള മതിൽക്കെട്ടും അതിനു മുകളിൽ കമ്പിവേലിയുമുണ്ട്. വേലി മുറിച്ച് ഉള്ളിൽക്കടന്ന് അവിടെ നിർത്തിയിട്ടിരുന്ന ‘പമ്പ’ എന്ന ട്രെയിനിലെ മൂന്നു ബോഗികളിലും സ്പ്രേ പെയിന്റ് കൊണ്ട് ചിത്രരചനയ്ക്ക് സമാനമായ സന്ദേശം ഇംഗ്ലീഷിൽ എഴുതി.

പ്ലേ യുഫോസ്, ബേൺ ഫസ്റ്റ് ഹിറ്റ് കൊച്ചി, എന്നിങ്ങനെയാണ് വിവിധ നിറങ്ങളുപയോഗിച്ച് വലുപ്പത്തിൽ എഴുതിയിരിക്കുന്നത്. അതിൽ ‘ബേൺ ഫസ്റ്റ് ഹിറ്റ് കൊച്ചി’ എന്നെഴുതിയതാണ് തീവ്രവാദ ഭീഷണി എന്ന സംശയമുണ്ടാക്കിയത്. മലയാളികളാണ് സംഭവത്തിനു പിന്നിലെന്നാണ് സംശയം.

യാർഡിന്റെ മതിലിലെ കമ്പി അറുത്തുമാറ്റി ഉള്ളിൽക്കയറിയ രണ്ടുപേരാണ് ഇതു ചെയ്തതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളുണ്ടെങ്കിലും അതിൽ ആളുകളെ തിരിച്ചറിയാൻ കഴിയുന്നില്ല. സന്ദേശമെഴുതിയ ട്രെയിൻ യാർഡിൽ സൂക്ഷിച്ചിരിക്കുകയാണ്.

Eng­lish summary;Threat image on metro train: Cen­tral agen­cies to investigate

You may also like this video;

Exit mobile version