നോർത്ത് ഡൽഹിയിലെ ഗാന്ധി വിഹാറിൽ താമസിച്ചിരുന്ന റാംകേഷ് മീന(32) എന്ന യു പി എസ് സി ഉദ്യോഗാർത്ഥിയെ കൊലപ്പെടുത്തി കത്തിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. യുവതി, മൃതദേഹം പൂർണ്ണമായി കത്താനായി ഓയിൽ, നെയ്യ്, വൈൻ എന്നിവ ഉപയോഗിച്ചതായി പൊലീസ് അറിയിച്ചു. കേസിൽ പ്രധാന പ്രതിയായ ഫോറൻസിക് സയൻസ് വിദ്യാർത്ഥിനി അമൃത ചൗഹാൻ (21), മുൻ കാമുകൻ സുമിത് കശ്യപ് (27), സഹായി സന്ദീപ് കുമാർ (29) എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. റാംകേഷ് മീന രഹസ്യമായി റെക്കോർഡ് ചെയ്ത തൻ്റെ അശ്ലീല വീഡിയോകൾ അടങ്ങിയ ഹാർഡ് ഡിസ്ക് വീണ്ടെടുക്കാനാണ് അമൃത കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. യുവാവ് വീഡിയോകൾ ഡിലീറ്റ് ചെയ്യാൻ വിസമ്മതിച്ചതോടെ അമൃത മുൻ കാമുകനായ സുമിത്തിനെ സമീപിക്കുകയും, കൊലപ്പെടുത്താൻ പദ്ധതിയിടുകയുമായിരുന്നു.
ഒക്ടോബർ 5ന് രാത്രിയിലാണ് മൂവരും മീനയുടെ ഫ്ലാറ്റിൽ എത്തുന്നത്. സുമിത്തും സന്ദീപും ചേർന്ന് റാംകേഷിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, അമൃതയുടെ സഹായത്തോടെ ഓയിൽ, നെയ്യ്, വൈൻ എന്നിവ മൃതദേഹത്തിലേക്ക് ഒഴിക്കുകയായിരുന്നു. പിന്നീട്, ഗ്യാസ് വിതരണക്കാരനായ സുമിത്, സിലിണ്ടർ പൊട്ടിത്തെറിക്കാൻ എടുക്കുന്ന സമയം കണക്കാക്കി, അടുക്കളയിൽ നിന്നും സിലിണ്ടർ എടുത്ത് റെഗുലേറ്ററിൻ്റെ നോബ് തുറന്ന് മൃതദേഹത്തിനടുത്ത് വെച്ച് തീ കൊളുത്തി. ഫോറൻസിക് സയൻസിലെ തൻ്റെ അറിവ് ഉപയോഗിച്ച് സംഭവം ഒരു അപകടമരണമാക്കി മാറ്റാനാണ് അമൃത ശ്രമിച്ചതെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതികൾ ഇരുമ്പ് ഗേറ്റിലെ നെറ്റ് ഊരിമാറ്റിയ ശേഷം, അമൃത അകത്ത് കൈയിട്ട് ഗേറ്റ് പൂട്ടി. ഒരു മണിക്കൂറിനു ശേഷം സിലിണ്ടർ പൊട്ടിത്തെറിച്ച് മൃതദേഹം പൂർണ്ണമായും കത്തിനശിച്ചു.
ഒക്ടോബർ 6ന് തീപിടിത്തം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് നടത്തിയ ഫോറൻസിക് പരിശോധനയിൽ തീപിടിത്തത്തിൻ്റെ രീതിയിൽ അസ്വാഭാവികത കണ്ടെത്തിയതോടെയാണ് പൊലീസിന് സംശയം തോന്നിത്തുടങ്ങിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒക്ടോബർ 65 രാത്രിയിൽ രണ്ട് മാസ്ക് ധരിച്ച പുരുഷന്മാർ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതും പിന്നീട് അമൃതയും മറ്റൊരാളും അകത്തേക്ക് പോകുന്നതും മിനിറ്റുകൾക്കകം ഇവർ പുറത്തുവരുന്നതും കണ്ടെത്തി. അമൃതയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ സംഭവസമയത്ത് ക്രൈം സീനിനടുത്ത് സ്ഥിരീകരിച്ചതോടെ സംശയം ബലപ്പെട്ടു. വിപുലമായ തിരച്ചിലിനൊടുവിൽ ഒക്ടോബർ 18‑ന് മൊറാദാബാദിൽ നിന്ന് അമൃതയെ പൊലീസ് പിടികൂടി. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതിനെത്തുടർന്ന്, ഒക്ടോബർ 21‑ന് സുമിത്തിനെയും 23‑ന് സന്ദീപിനെയും അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടയാളുടെ ഹാർഡ് ഡിസ്ക്, ട്രോളി ബാഗ്, ഷർട്ട് എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
