യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കെതിരെ രൂക്ഷ പ്രതികരണവുമായി കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ. വെനസ്വേലെയ്ക്ക് സമാനമായ സൈനിക നടപടി കൊളംബിയയ്ക്ക് നേരേയും ഉണ്ടാവുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയായിരുന്നു പെട്രോയുടെ പ്രതികരണം. സായുധ പോരാട്ടത്തില്‍ നിന്നും പിന്നീട് കൊളംബിയന്‍ ജനതയുടെ സമാധാന പോരാട്ടത്തില്‍ നിന്നും ഉയര്‍ന്ന് വന്ന ഒരു ലാറ്റിന്‍ അമേരിക്കന്‍ പ്രസിഡന്റിനെ ഭീഷണിപ്പെടുത്തേണ്ടത് ഇങ്ങനെയല്ലെന്നാണ് പെട്രോ പറഞ്ഞത്. വെനസ്വേലയ്ക്ക് നേരെയുള്ള ട്രംപിന്റെ നടപടിയെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. നിക്കോളാസ് മഡുറോയെ നിയമവിരുദ്ധമായി തട്ടികൊണ്ട് പോവുകയായിരുന്നുവെന്നും പെട്രോ പറഞ്ഞു. ലാറ്റിനമേരിക്കയുടെയും വെനസ്വേലയുടെയും പരമാധികാരത്തിന് നേരെയുള്ള കടന്ന് കയറ്റമാണിതെന്നും നടപടിയെ അപലപിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊളംബിയയ്ക്കെതിരായ ട്രംപിന്റെ പ്രസാതാവനയെ അസ്വീകാര്യമായ ഇടപെടല്‍ എന്നാണ് രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തോടും അന്താരാഷ്ട്ര നിയമങ്ങളോടും ബഹുമാനം കാണിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. കൊളംബിയയ്ക്കെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നു. ഗുസ്താവോ പെട്രോയുടെ കൊളംബിയന്‍ സര്‍ക്കാര്‍ അമേരിക്കയിലേക്ക് കൊക്കെയ്ന്‍ കയറ്റുമതി ചെയ്യുന്നുവെന്നും ട്രംപ് ആരോപിച്ചു. കൊളംബിയ വളരെ രോഗാതുരമാണ്, കൊക്കെയ്ന്‍ ഉണ്ടാക്കി വില്‍ക്കുന്ന രോഗിയാണ് ആ രാജ്യം ഭരിക്കുന്നത്. അയാള്‍ അത് അധിക കാലം ചെയ്യാന്‍ പോവുന്നില്ലെന്നും ട്രംപ് ഭീഷണിപ്പെടുത്തി. കൊളംബിയയ്ക്ക് പുറമെ മെക്‌സിക്കോ, ക്യൂബ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെയും ട്രംപ് രംഗത്തെത്തിയിരുന്നു.

