സ്വർണക്കടത്ത് സംഘത്തിൽ നിന്നുള്ള ഭീഷണിയുടെ പശ്ചാത്തലത്തിൽ ചോറോട് പഞ്ചായത്തിലെ മുട്ടുങ്ങലിൽ യുവാവിന് പൊലീസ് സുരക്ഷ. ചെട്ട്യാർ കണ്ടി അബ്ദുൾ സലാമിന്റെ മകൻ ജസീലി (26) നാണ് വടകരപൊലീസ് സുരക്ഷ ഒരുക്കിയത്. കഴിഞ്ഞ മാസം 11 ന് വിദേശത്ത് നിന്ന് കരിപ്പൂർ വിമാനത്താവളം വഴി നാട്ടിലെത്തിയ ജസീൽ നാല് ക്യാപ്സൂളുകളായി സ്വർണം കൊണ്ട് വന്നിരുന്നുവെന്നും എന്നാലിത് ഉടമസ്ഥർക്ക് നൽകാതെ ഒളിവിൽ പോവുകയായിരുന്നുവെന്നും ആരോപണമുണ്ടായിരുന്നു. ഇതിനു പിന്നാലെ സ്വർണക്കടത്ത് സംഘങ്ങൾ ജസീലിനെ അന്വേഷിച്ച് വീട്ടിലെത്തുകയും ഭീഷണി മുഴക്കുകയും ചെയ്ത സംഭവമുണ്ടായി. ഇതിനിടയിലാണ് ചൊവ്വാഴ്ച രാത്രി ഇയാൾ കണ്ണൂർ വിമാനത്താവളം വഴി ബംഗളൂരുവിലേക്ക് പോകാനുള്ള ശ്രമത്തിനിടെ 450 ഗ്രാം സ്വർണവുമായി സിഐഎസ്എഫിന്റെ പിടിയിലായത്. ഇയാളെ കസ്റ്റംസിന് കൈമാറുകയുണ്ടായി. ഇതിനിടയിൽ തനിക്കു സ്വർണക്കടത്ത് സംഘങ്ങളിൽ നിന്ന് ഭീഷണി ഉള്ളതായും സംരക്ഷണം വേണമെന്നും ജസീൽ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് മട്ടന്നൂർ പൊലീസ് ജസീലിനെ വടകര പൊലീസിന് കൈമാറുകയും വീട്ടിലെത്തിക്കുകയുമായിരുനു. ഇയാളുടെ വീടിന് സംരക്ഷണം ഏർപ്പെടുത്തിയതായി വടകര പൊലീസ് അറിയിച്ചു. ജസീലിന്റെ സുഹൃത്ത് പതിയാരക്കര സ്വദേശി ഇസ്മയിലിനും പൊലീസ് സുരക്ഷ ഏർപ്പാടാക്കിയിട്ടുണ്ട്. ജസീലിന് സ്വർണം വിൽപന നടത്താനും മറ്റും ഇസ്മയിൽ സഹായം ചെയ്തതായാണ് പൊലീസ് വ്യക്തമാക്കുന്നത്.
English Summary: Threats from gold smuggling gangs; Police security for native of Vadakara
You may like this video also