Site iconSite icon Janayugom Online

ബംഗാളിലെ ദുർഗാപുരിൽ എംബിബിഎസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ

പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരില്‍ സ്വകാര്യ കോളജ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. അപ്പു ബൗരി (21) ഫിര്‍ദോസ് സേഖ് (23), സേഖ് റിയാജുദ്ദീന്‍ (31) എന്നിവരാണ് അറസ്റ്റിലായത്. കൂട്ടബലാത്സംഗം, ക്രമിനല്‍ പ്രവര്‍ത്തി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റൊരു പ്രതിക്കായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ഇയാളെ പിടികൂടാനായി ഡ്രോണ്‍ സംവിധാനം ഉള്‍പ്പെടെ വിന്യസിപ്പിച്ചതായി പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് ഷിവാപൂരിലെ ഐക്യു സിറ്റി മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിനിയായ 23കാരി കൂട്ടബലാത്സംഗത്തിനിരയായത്. കോളജ് ഗേറ്റിന് സമീപം ആണ്‍സുഹൃത്തിനോട് സംസാരിച്ചിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോവുകയും ഒരു കിലോമീറ്റര്‍ അകലെ എത്തിച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. സംഭവസമയം കൂടെയുണ്ടായിരുന്ന ആണ്‍സുഹൃത്ത് ഓടിരക്ഷപ്പെട്ടു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ വന്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി യുവതി പൊലീസിനോട് വെളിപ്പെടുത്തി. അതേസമയം ബലാത്സംഗത്തില്‍ ആണ്‍സുഹൃത്തിന് പങ്കുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. ഇയാള്‍ അര്‍ധരാത്രി പല കാരണങ്ങള്‍ പറഞ്ഞ് പെണ്‍കുട്ടിയെ പുറത്തേക്ക് കൊണ്ടുപോയതായും യുവതിയുടെ പക്കല്‍ നിന്നും ഫോണും 50000 രൂപയും തട്ടിയെടുത്തതായും കുടുംബം ആരോപിച്ചു. ദുര്‍ഗാപൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി കൗണ്‍സിലിങ് നല്‍കുമെന്ന് വനിതാ ശിശുവികസന മന്ത്രി ഷാഷി പഞ്ച പറഞ്ഞു. അതേസമയം ദേശീയ വനിതാ കമ്മിഷന്‍ അംഗം അര്‍ച്ചന മജുംദാര്‍ പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു. ആണ്‍സുഹൃത്ത് നിര്‍ബന്ധിച്ചതുകൊണ്ടാണ് രാത്രി പുറത്തേക്ക് പോയതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി അര്‍ച്ചന പറഞ്ഞു. 

Exit mobile version