തന്റെ കുഞ്ഞിനെ മുലയൂട്ടുന്നതിനൊപ്പം അപരിചതരായ ലക്ഷകണക്കിന് കുഞ്ഞുങ്ങൾക്കും‘അമ്മ മധുരം’ നൽകി മാതൃകയായൊരു യുവതിയുണ്ട്. ജീവകാരുണ്യ പ്രവർത്തനത്തിന് പുതുവഴി തേടിയതോടെ ടെക്സസ് സ്വദേശിനിയായ അലീസ ഒഗിൾട്രീ തകർത്തത് ഗിന്നസിലെ സ്വന്തം റെക്കോർഡ്. മൂന്നര ലക്ഷം കുഞ്ഞുങ്ങൾക്ക് പുതുജീവനേകാൻ 2,600 ലിറ്റർ മുലപ്പാലാണ് അലീസ ദാനം ചെയ്‌തത് .2014‑ൽ 1,569.79 ലിറ്റർ മുലപ്പാൽ ദാനം ചെയ്ത സ്വന്തം റെക്കാർഡാണ് ഇപ്പോൾ മറികടന്നത്. ഇതുവരെ 2,645.58 ലിറ്റർ മുലപ്പാലാണ് അലീസ ദാനം ചെയ്തത്.
തന്റെ കുഞ്ഞിന് വേണ്ടതിൽ കൂടുതൽ മുലപ്പാൽ ശരീരം ഉൽപ്പാദിപ്പിക്കുന്നുണ്ടെന്നു മനസിലായപ്പോഴാണ് ഐസിയുവിൽ ജീവനുവേണ്ടി പോരാടുന്ന, മാസംതികയാതെ പിറന്ന കുഞ്ഞുങ്ങൾക്കായി മുലപ്പാൽ ദാനം ചെയ്യാൻ അലീസ തീരുമാനിച്ചത്. അമ്മമാർക്ക് ആരോഗ്യകാരണങ്ങളാലും, മതിയായ പാലില്ലാത്തത്തിനാലും കുഞ്ഞുങ്ങളെ പാലൂട്ടാൻ കഴിഞ്ഞിരുന്നില്ല. ആ സാഹചര്യത്തിലാണ് അലീസ ആ നന്മയുള്ള തീരുമാനമെടുത്തത്. 2010 ല്‍ ആദ്യ കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെയാണ് അലീസ മുലപ്പാല്‍ ദാനം ചെയ്യാന്‍ തുടങ്ങിയത്.
നോർത്ത് ടെക്‌സാസിലെ മദേഴ്‌സ് മിൽക്ക് ബാങ്കിന്റെ കണക്കനുസരിച്ച്, ഒരു ലിറ്റർ മുലപ്പാൽ മാസം തികയാതെ ജനിക്കുന്ന 11 കുഞ്ഞുങ്ങളുടെ വളർച്ചയ്‌ക്ക് സഹായിക്കും. അലീസ ദാനം ചെയ്ത മുലപ്പാലിലൂടെ മൂന്നര ലക്ഷത്തിലധികം കുഞ്ഞുങ്ങൾക്കാണ് പുതുജീവൻ ലഭിച്ചത്. 2010ൽ തന്റെ മകൻ കൈലിന് ജന്മം നൽകിയത് മുതൽ അലീസ മുലപ്പാൽ ദാനം ചെയ്യാൻ തുടങ്ങി . നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയശേഷവും മുലപ്പാൽ ദാനം തുടർന്നു. രാത്രിയിൽ ഉള്‍പ്പെടെ ഓരോ മൂന്ന് മണിക്കൂർ കൂടുമ്പോഴും, 15 മുതൽ 30 മിനുട്ട് വരെ മുലപ്പാൽ ശേഖരിച്ചു . പമ്പ് ചെയ്ത ശേഷം ബാക്കി വരുന്ന പാൽ ഫ്രീസ് ചെയ്ത് അടുത്തുള്ള മിൽക്ക് ബാങ്കിലേക്ക് കൊണ്ടുപോയി ഏൽപ്പിക്കുകയാണ് പതിവെന്നും അലീസ പറഞ്ഞു.
കൊമേഴ്‌സ്യൽ ട്രക്ക് കമ്പിനിയുടെ എക്‌സിക്യൂട്ടീവ് മാനേജരായ അലീസ, ഒരു അമ്മ മുലപ്പാൽ ദാനത്തിൽ റെക്കോഡിട്ട വാർത്ത കണ്ടപ്പോഴാണ് അതിനെ കുറിച്ച് ചിന്തിച്ചത് . ധാരാളം വെള്ളം കുടിച്ചും ഭക്ഷണത്തിൽ ക്രമീകരണം വരുത്തിയുമാണ് കൂടുതൽ മുലപ്പാൽ ഉൽപാദിപ്പിച്ചത് . പണത്തിന് വേണ്ടിയല്ല അലീസ മുലപ്പാൽ ദാനം ചെയ്യുന്നത് . കുടുംബത്തിന്റെ പിന്തുണയും അലീസയുടെ ജീവ കാരുണ്യ പ്രവർത്തനത്തിന് കരുത്തേകുന്നു. മുലപ്പാൽ ദാനത്തിന് എല്ലാ അമ്മമാരും മുന്നോട്ട് വരണമെന്നും അവർ പറഞ്ഞു.