Site iconSite icon Janayugom Online

പാലക്കാട് കല്ലടിക്കോട് മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു

സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നുകുട്ടികൾ കുളത്തില്‍ മുങ്ങിമരിച്ചു. കല്ലടിക്കോട് കരിമ്പ മീൻവല്ലം തുടിക്കോട്ടെ കുളത്തിലാണ് അപകടമുണ്ടായത്. തുടിക്കോട് ഉന്നതിയിലെ തമ്പി — മാധവി ദമ്പതികളുടെ മകൾ രാധിക (9), പ്രകാശൻ — അനിത ദമ്പതികളുടെ മക്കളായ പ്രദീപ് (5), പ്രജീഷ് (3) എന്നിവരാണ് മരിച്ചത്. 

ഇന്നലെ ഉച്ചയോടെ വീട്ടിൽ നിന്നും കളിക്കാനിറങ്ങിയ കുട്ടികളെ കാണാതായതിനെത്തുടർന്ന് തെരച്ചിൽ നടത്തുന്നതിനിടെയാണ് കുളത്തിന് സമീപത്തു നിന്നും ഇവരുടെ ചെരിപ്പുകള്‍ കണ്ടെത്തിയത്. പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനം നടത്തി മൂന്ന് കുട്ടികളെയും കുളത്തിൽ നിന്നും പുറത്തെടുത്തു. രാധികയെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ടുപേരെ പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാധിക മരുതുംകാട് ഗവ. എൽപി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനിയും, പ്രദീപ് ഒന്നാം ക്ലാസ് വിദ്യാർത്ഥിയുമാണ്. മൂന്നുകുട്ടികളുടെയും പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും.

Exit mobile version