Site iconSite icon Janayugom Online

കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് മര ണം; രണ്ടുപേരെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി

വിതുര കല്ലാറിലെ വട്ടക്കയത്ത് ഒഴുക്കിൽപ്പെട്ട് പൊലീസുകാരനും അധ്യാപകനും ഉൾപ്പെടെ ബന്ധുക്കളായ മൂന്നു പേർ മരിച്ചു. ബീമാപള്ളി തൈക്കാ പള്ളി നടുവിളാകത്ത് വീട്ടിൽ ഫിറോസ് (30), സഹോദരനായ ജവാദ് (35), ഇവരുടെ സഹോദരിയുടെ മകനായ സഫ്‌വാൻ (16) എന്നിവരാണ് മരിച്ചത്. ഫിറോസ് എസ്എപി ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറും ജവാദ് ബീമാപള്ളി സ്കൂളിലെ അധ്യാപകനുമാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ബന്ധുക്കളായ സുബിൻ, അസ്ന, സജീന, ഷെഹ്‌സാദ്, ഹഫ്സ എന്നിവരുൾപ്പെടുന്ന എട്ടംഗ സംഘമാണ് ബീമാപള്ളിയില്‍ നിന്ന് ഇക്കോ ടൂറിസം പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിയത്. പാലോട് ബ്രൈമൂറിലാണ് സംഘം ആദ്യം എത്തിയത്. ഇവിടെ പ്രവേശനാനുമതി നിഷേധിച്ചതിനാൽ 12 മണിയോടെ വിതുരയിലെ കല്ലാർ വട്ടക്കയത്തിൽ എത്തുകയായിരുന്നു. കുളിക്കുന്നതിനിടയിൽ അസ്ന (12) കയത്തിൽ അകപ്പെട്ടത് കണ്ടു രക്ഷിക്കാനിറങ്ങിയവരാണ്‌ മരിച്ച മൂന്നു പേരും.
ശക്തമായ ഒഴുക്കിൽ അസ്‌നയും രക്ഷിക്കാനിറങ്ങിയവരും കയത്തിൽപ്പെട്ടു. കൂടെയുണ്ടായിരുന്നവരുടെ നിലവിളികേട്ടു ഓടിക്കൂടിയ നാട്ടുകാർ മൂന്നു പേരെയും രക്ഷപ്പെടുത്തി വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്ലാറിലെ ഏറ്റവും അപകടമേഖലയായ വട്ടക്കയത്തു ഗ്രാമപഞ്ചായത്തിന്റെയും പൊലീസിന്റെയും മുന്നറിയിപ്പ് ബോര്‍ഡുകളുണ്ട്.
കയത്തിന്റെ അപകടാവസ്ഥ മുന്നില്‍കണ്ട് സ്ഥാപിച്ച മുള്ളുവേലി പൊളിച്ചാണ് സംഘം ആറിൽ കുളിക്കാനിറങ്ങിയതെന്നു സമീപ വാസികൾ പറഞ്ഞു.

Eng­lish Sum­ma­ry: Three dead in Kallar; Two peo­ple were res­cued by local residents

You may also like this video

Exit mobile version