Site iconSite icon Janayugom Online

മൂന്ന് പേരുടെ മരണം: ലോറി ഡ്രൈവർക്ക് അഞ്ച് വർഷം തടവ്

കൊച്ചി മെട്രോ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളുടെ നേർക്ക് ട്രെയിലർ ലോറി ഇടിച്ചു കയറി മൂന്ന് പേർ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവറായ രാജസ്ഥാൻ സ്വദേശി രാംചന്ദ്രയെ (44) അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ചു. നാല് ലക്ഷം രൂപ പിഴയും ഒടുക്കണം. അപകടകരമായി ലോറി ഓടിച്ചതിനും മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ചതിനും ആറ് മാസം വീതം വെറും തടവും പറവൂർ അഡീഷണൽ സെഷൻസ് കോടതി രണ്ട് ജഡ്ജി വി ജ്യോതി വിധിച്ചിട്ടുണ്ട്. 

2017 ഒക്ടോബർ 12ന് മുട്ടം തൈക്കാവ് കവലയിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഉത്തർപ്രദേശ് സ്വദേശികളായ ബബുലു മാസിഹ് (42), ഉമേഷ് കുമാർ (23), സൂര്യകാന്ത് (32) എന്നിവരാണ് മരിച്ചത്. ഇന്ദ്രദേവ് (22) എന്നയാള്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. പിഴത്തുകയിൽ നിന്ന് ഒരുലക്ഷം വീതം മരിച്ചവരുടെ ബന്ധുകൾക്കും, ഒരു ലക്ഷം പരിക്കേറ്റ ഇന്ദ്രദേവിനും നൽകണം. പിഴ ഒടുക്കാതിരുന്നാൽ ആറു മാസം കൂടി തടവ് അനുഭവിക്കണമെന്നും ഉത്തരവിലുണ്ട്. 

ആലുവ ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്കുള്ള കിഴക്കേ ട്രാക്ക് ബാരിക്കേഡ് വച്ച് അടച്ച ശേഷം പടിഞ്ഞാറെ ട്രാക്കിലൂടെ ഗതാഗതത്തിനു അനുമതി നൽകിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്നത്. തൊഴിലാളികളുടെ ദേഹത്തേക്ക് കിഴക്കേ ട്രാക്കിലൂടെ അമിത വേഗതയിൽ രാം ചന്ദ്ര ഓടിച്ചിരുന്ന ട്രെയിലർ പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരെ ശ്രദ്ധിക്കാതെ ഇയാൾ വാഹനം ഓടിച്ചു പോയി. അഹമ്മദാബാദിൽ നിന്നും പത്തനംതിട്ടയിലെ പാലത്തറ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് വന്നതാണ് ട്രെയിലർ. തിരികെ വരുമ്പോഴാണ് രാംചന്ദ്ര പൊലീസിന്റെ പിടിയിലായത്. 

Eng­lish Sum­ma­ry: Three dead: Lor­ry dri­ver jailed for five years
You may also like this video

Exit mobile version