Site iconSite icon Janayugom Online

ജോലി തേടി ഇന്ത്യ വിട്ടവരുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ധന

ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് ജോലി തേടി പോയവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വിദേശത്ത് പോയി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന അര്‍ധ നൈപുണ്യമുള്ള- അവിദഗ്ധ തൊഴിലാളികള്‍ക്ക് അനുവദിച്ച എമിഗ്രേഷന്‍ ക്ലിയറന്‍സ് മൂന്നിരട്ടിയായെന്ന് നൈപുണ്യ വികസന വകുപ്പ് മന്ത്രി ജയന്ത് ചൗധരി പാര്‍ലമെന്റിനെ അറിയിച്ചു.
2021 ൽ 1.32 ലക്ഷം പേർക്ക് ജോലിക്കായി വിദേശത്തേക്ക് പോകാൻ ക്ലിയറൻസ് നൽകിയെന്ന് കേന്ദ്രം വെളിപ്പെടുത്തി. 2022ൽ ഇത് 3.73 ലക്ഷമായി. 2023 ആയപ്പോൾ 3.98 ലക്ഷമായി ഉയർന്നുവെന്നാണ് കണക്ക്. 

ഇസ്രയേൽ, തായ്‌വാൻ, മലേഷ്യ, ജപ്പാൻ, പോര്‍ച്ചുഗൽ, മൗറീഷ്യസ് എന്നീ രാജ്യങ്ങളുമായി ഇന്ത്യ കരാർ ഒപ്പുവച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇസ്രയേൽ, സൗദി അറേബ്യ, യുഎഇ, ഖത്തർ, ഒമാൻ, ബഹ്റിൻ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യയിലെ തൊഴിലാളികൾക്ക് കൂടുതൽ ഡിമാൻഡുള്ളത്. രാജ്യത്ത് കേന്ദ്ര സർക്കാരിന്റെ ഇ‑മൈഗ്രേറ്റ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത 2200 അംഗീകൃത റിക്രൂട്ട്മെന്റ് ഏജന്റുമാരും 2.82 ലക്ഷം വിദേശ തൊഴിലുടമകളും ഉണ്ട്. ഇത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. 

Exit mobile version