Site iconSite icon Janayugom Online

സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി, തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ്, ആർജി കർ കേസ്; സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്ന സുപ്രധാനകേസുകള്‍…

മുൻകൂർ ജാമ്യഹർജി തള്ളിയ ഹൈക്കോടതി ഉത്തരവ്‌ ചോദ്യം ചെയ്ത്‌ നടൻ സിദ്ദിഖ്‌ നൽകിയ ഹർജി ഉള്‍പ്പെടെ സുപ്രീം കോടതി ഇന്ന് പരിഗണിക്കുക മൂന്ന് സുപ്രധാന കേസുകള്‍. ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുൻ വൈഎസ്ആർ കോൺഗ്രസ് ഭരണകാലത്ത് വെങ്കിടേശ്വര ക്ഷേത്രത്തിൽ പ്രസാദമായി വിതരണം ചെയ്ത ലഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചതായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു അവകാശപ്പെട്ടതിനെ തുടർന്നുള്ള കേസും ഇന്ന് സുപ്രീം കോടതി പരിഗണിക്കും. 

ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയും വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ രാജ്യസഭാ എംപിയും തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) മുൻ ചെയർമാനുമായ വൈ വി സുബ്ബ റെഡ്ഡി എന്നിവർ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയിട്ടുണ്ട്. ജസ്റ്റിസുമാരായ ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുക.

തിരുപ്പതി തിരുമല ക്ഷേത്രത്തിലെ നെയ്യിൽ ഗുണനിലവാരമില്ലാത്ത ചേരുവകളും മൃഗക്കൊഴുപ്പും ഉണ്ടെന്ന ആരോപണത്തിൽ സ്വതന്ത്ര അന്വേഷണം നടത്താൻ സുപ്രീം കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ സമിതിയെ നിയോഗിക്കുകയോ മറ്റ് വിദഗ്ധരുമായി വിരമിച്ച സുപ്രീം കോടതി ജഡ്ജിയെ നിയമിക്കുകയോ ചെയ്യണമെന്ന മറ്റൊരു ഹർജിയും പരിഗണിച്ചേക്കുമെന്നാണ് സൂചനകള്‍. 

കൊല്‍ക്കത്തയിലെ ആർജി കര്‍ മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ രണ്ട് നിർണായക വിചാരണകളാണ് സുപ്രീം കോടതിയിൽ നടക്കുക. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചും ഉച്ചയ്ക്ക് ശേഷം ജസ്റ്റിസ് മനോജ് മിശ്രയും ബെഞ്ചിൽ വാദം കേൾക്കും. സെപ്തംബർ 27ന് വാദം കേൾക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. 

Exit mobile version