Site iconSite icon Janayugom Online

2023ല്‍ കൊല്ലപ്പെട്ടത് മൂന്ന് പ്രധാന ഖലിസ്ഥാന്‍ നേതാക്കള്‍

ഖലിസ്ഥാന്‍ അനുകൂല സംഘടനയായ ടൈഗര്‍ ഫോഴ്സ് തലവന്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകം അടക്കം വിദേശത്ത് ഈ വര്‍ഷം കൊല്ലപ്പെട്ടത് മൂന്നു ഖലിസ്ഥാന്‍ നേതാക്കള്‍. ഇന്ത്യ തീവ്രവാദിയായി പ്രഖ്യപിച്ച ഹര്‍ദീപ് സിങ് നിജ്ജര്‍ ജൂണ്‍ 18നാണ് കാനഡയിലെ ഒരു ഗുരുദ്വാരയ്ക്ക് മുന്നില്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. മേയ് ആറാം തീയതി പാകിസ്ഥാനിലെ ലാഹോറിലായിരുന്നു അടുത്ത കൊലപാതകം അരങ്ങേറിയത്. ഖലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്സ് തലവന്‍ പരംജിത് സിങ് പഞ്ച് വാര്‍ എന്നറിയപ്പെടുന്ന മാലിക് സര്‍ദാര്‍ സിങ്ങും അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. 

വാരിസ് ദേ പഞ്ചാബ് എന്ന ഖലിസ്ഥാന്‍ സംഘടനയുടെ തലവന്‍ അമൃത്പാല്‍ സിങ്ങിന്റെ അടുത്ത അനുയായി അവതാര്‍ സിങ് ഖണ്ഡ ജൂണ്‍ 15നാണ് ആശുപത്രിയില്‍ വച്ച് കൊല്ലപ്പെട്ടത്. പൊലീസ് റിപ്പോര്‍ട്ടില്‍ ഖണ്ഡ അര്‍ബുദ ചികിത്സ തുടരുന്നതിനിടെ മരിച്ചുവെന്നാണ്. എന്നാല്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ പൊലീസ് വാദം തള്ളിക്കളയുന്നു. ഖണ്ഡയെ വിഷം നല്‍കി കൊലപ്പെടുത്തിയെന്നാണ് ഇവര്‍ പറയുന്നത്. 

ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം കാനഡയില്‍ മറ്റൊരു ഖലിസ്ഥാന്‍ നേതാവായ സുഖ്ദൂല്‍ സിങ് എന്ന സുഖ ദുനെക അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടതും ഇതിനകം വിവാദം ഉയര്‍ത്തിയിട്ടുണ്ട്. ലോറന്‍സ് ബിഷ്ണോയ് സംഘമാണ് കൊലയ്ക്ക് പുറകില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ഇന്ദിരാ ഗാന്ധി വധത്തിന് പിന്നാലെ സിഖ് തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനം കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ച് കാനഡ, ബ്രിട്ടന്‍, ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളില്‍ ഖലിസ്ഥാന്‍ സംഘടനകള്‍ക്ക് ശക്തമായ വേരോട്ടമുണ്ട്. 

Eng­lish Sum­ma­ry: Three impor­tant Khal­is­tan lead­ers were killed in 2023

You may also like this video

Exit mobile version