Site iconSite icon Janayugom Online

ഡിജെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇന്ത്യന്‍ സംസ്ഥാനങ്ങള്‍, ഈ നഗരത്തില്‍ നിരോധനാജ്ഞ

രാജ്യത്ത് ഒമിക്രോണ്‍ വ്യപകമാകുന്ന സാഹചര്യത്തില്‍ ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കര്‍ണാടകയില്‍ ന്യൂഇയര്‍ ആഘോഷങ്ങളില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. 200 ലധികം ആളുകള്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് മുംബൈയിലെ ബൃഹന്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ സാംസ്കാരിക- സാമൂഹിക കൂടിച്ചേരലുകള്‍ക്ക് ദുരന്തനിവാരണ അതോറിറ്റി വിലക്കേര്‍പ്പെടുത്തി. ഡിസംബര്‍ 31വരെ അമ്പത് ശതമാനം ആളുകളെ മാത്രമാണ് റസ്റ്റൊറന്റുകളില്‍ പ്രവേശിപ്പിക്കാനാകുക. നിലവില്‍ കോവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ തുടരും.

ഒമിക്രോണ്‍ കേസുകളില്‍ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ മുംബൈയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. മുംബൈയില്‍ ഡിസംബര്‍ 31 വരെ 144 പ്രഖ്യാപിച്ചു. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ കൂട്ടം ചേരുന്നതും ഒഴിവാക്കിയിട്ടുണ്ട്. ബംഗളൂരു ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ആഘോഷപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.

അതേസമയം 25ലെ ക്രിസ്മസ് ആഘോഷങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 30 മുതല്‍ ജനുവരി ഒന്ന് വരെ ഡിജെ പാര്‍ട്ടികള്‍ നടത്താന്‍ പാടുള്ളതല്ല. 50 ശതമാനം ആളുകളെമാത്രമെ റസ്റ്റൊറന്റുകളില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളുവെന്നും കര്‍ണാടക സര്‍ക്കാര്‍ പുറത്തുവിട്ട ഉത്തരവില്‍ വ്യക്തമാക്കുന്നു.

Eng­lish Summary:three Indi­an states have banned from Christ­mas celebrations
You may like this video also

Exit mobile version