പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി മൂന്നു പേർ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. കൂടരഞ്ഞി പഞ്ചായത്തിലെ കുളിരാമുട്ടിയിൽ ഇന്ന് രാവിലെയാണ് അപകടം. പൂവാറൻതോടു നിന്ന് കൂടരഞ്ഞി ഭാഗത്തേക്ക് വന്ന പിക്കപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി മറിയുകയായിരുന്നു. കടയിലുണ്ടായിരുന്ന കുളിരാമുട്ടി പുളികുന്നത്ത് സുന്ദരൻ (62), കവുങ്ങുംതോട്ടത്തിൽ ജോൺ (65), ഡ്രൈവറുടെ സഹായി തേക്കുംകുറ്റി മൂഴിയൻ മുഹമ്മദ് റാഫി (36) എന്നിവരാണ് മരിച്ചത്. കടയുടമ ജോമാേൻ, ഡ്രൈവർ ഷിഹാബുദ്ദീൻ എന്നിവരാണ് ചികിത്സയിലുള്ളത്.
മലയോരമേഖലയായ കുളിരാമുട്ടിയിൽ പതിവായി രാവിലെ ആളുകൾ കൂടിച്ചേരാറുള്ള കടയിലേക്കാണ് ഇറക്കം ഇറങ്ങി വരുകയായിരുന്ന പിക്കപ്പ് ലോറി ഇടിച്ചുകയറിയത്. കടയുടെ ഭിത്തി പൂർണ്ണമായും തകർന്നു. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ ബസ് കാത്തുനിൽക്കുന്ന ഇടമാണിത്. അപകടം ഉണ്ടാകുന്നതിന് തൊട്ടുമുമ്പായി ബസ് കടന്നുപോയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
മരിച്ച സുന്ദരന്റെ ഭാര്യ: പ്രേമ. മക്കൾ: അമൃത, ആതിര. ലില്ലി കിഴക്കെ പറമ്പിലാണ് മരിച്ച ജോണിന്റെ ഭാര്യ. മക്കൾ: പ്രിയ (യുകെ), പ്രജീഷ് (ഇറ്റലി). മുഹമ്മദ് റാഫിയുടെ ഭാര്യ: ശൈലത് ബാനു. മക്കൾ: ഹസ ഫാത്തിമ, ആഷ്മി.
English Summary:Three killed as pickup rammed into shop; Two people were injured
You may also like this video