Site iconSite icon Janayugom Online

ട്രെയിനിടിച്ച് മൂന്ന് മരണം

പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിനിടിച്ച് മൂന്ന് പേര്‍ മരിച്ചു. തമിഴ‌്നാട് സ്വദേശികളായ കമിതാക്കള്‍ ട്രെയിനിന് മുമ്പില്‍ ചാടി മരിക്കുകയായിരുന്നു. മറ്റൊരാള്‍ ട്രെയിനില്‍ കച്ചവടം നടത്തിയിരുന്ന നാടോടി സ്ത്രീയാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ പുലര്‍ച്ചെ 12 ഓടെ പേട്ട അറപ്പുരവിളാകം ക്ഷേത്രത്തിന് സമീപമാണ് ആദ്യ അപകടം നടന്നത്. മധുര സ്വദേശികളായ വിനോദ് കൃഷ്ണൻ (30), എം ഹരിവിശാലാക്ഷി (24) എന്നിവരാണ് മരിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നു. ഒരു മാസം മുമ്പ് വിനോദിനെയും ഹരിവിശാലാക്ഷിയെയും കാണാതായിരുന്നു. 

കൊല്ലം — തിരുനെൽവേലി സൂപ്പർഫാസ്റ്റ് ട്രെയിനിന് മുമ്പിലാണ് ഇവര്‍ ചാടിയത്. ലോക്കോ പൈലറ്റ് വിവരമറിച്ചതിനെ തുടർന്ന് പേട്ട പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങള്‍ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിനോദ് കൃഷ്ണൻ വിവാഹിതനാണ്. ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് മധുരയിൽ പൊലീസ് കേസെടുത്തിരുന്നു. നാടോടി സ്ത്രീ ട്രെയിനില്‍ നിന്ന് വീണു മരിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ഇന്നലെ രാവിലെ ആറിനും ഏഴിനും ഇടയിലാണ് അപകടം. അപകടസ്ഥലത്ത് നിന്ന് കളിപ്പാട്ടങ്ങളും മറ്റും കണ്ടെടുത്തിട്ടുണ്ട്. 

Exit mobile version